അമരവിള: രാഖി കൊലക്കേസിലെ ഒന്നാം പ്രതി അഖിൽ ലഡാക്കിലുണ്ടെന്നു സൂചിപ്പിക്കുന്ന ഫോൺ സംഭാഷണം സ്വകാര്യ ചാനൽ പുറത്തുവിട്ടു. ജമ്മുകാശ്മീരിലെ ലഡാക്കിൽ നിന്ന് ഫോണിൽ സംസാരിച്ച അഖിൽ താനും രാഖിയുമായി ആറുവർഷത്തെ പരിചയമുണ്ടായിരുന്നതായും എന്നാൽ 25 വയസുള്ള തനിക്ക് മുപ്പത് വയസുള്ള രാഖിയുമായുള്ള ബന്ധം തുടരാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും തന്നെ ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നതായും പറയുന്നു.
ഒരാളെ കൊന്നിട്ട് തന്റെ ജിവനോപാധിയായ ജോലികളയാൻ താൻ ശ്രമിക്കില്ലെന്നും തനിക്ക് രാഖിയെ കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ മുന്പ് പലതവണ കൊല്ലാനുള്ള അവസരം ഉണ്ടായിരുന്നതായും അഖിൽ പറയുന്നതാണ് സംഭാഷണത്തിൽ. സത്യാവസ്ഥ അറിയിക്കുന്നതിനായി താൻ നാട്ടിൽ വരുന്നുണ്ടെന്നും അതിനായി ലീവ് ലഭിച്ചതായും അഖിൽ പറയുന്നുണ്ട്.