സ്വന്തംലേഖകൻ
വിഴിഞ്ഞം: ഏറെ കോളിളക്കം സൃഷ്ടിച്ച അമ്പൂരി കൊലക്കേസിൽ പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാഖിമോളെ (29) കൊലപ്പ ടുത്തി കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതി അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ.നായർ, രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുൽ ആർ.നായർ, മൂന്നാം പ്രതി തട്ടാൻ മുക്ക് ആദർശ് ഭവനിൽ ആദർശ് എന്നിവർക്കെതിരെയാണ് പൂവാർ പോലീസ് ഇന്നലെ വൈകുന്നേരത്തോടെ നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്.
1500 പേജുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി. കൊലപാതകം തെളിയിച്ച പോലീസ് 83-ാം ദിവസം ജുഡീഷൽ കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ ചാർജ് ഷീറ്റ് നൽകിയെന്ന പ്രത്യേകതയുമുണ്ട്. തട്ടികൊണ്ടു പോകൽ, ബലാൽസംഗം, ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
റൂറൽ എസ്പിമാരായ മധു , അശോകൻ എന്നിവരുടെ മേൽനോട്ടത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാർ, പൂവാർ സിഐ പി. രാജീവ്, എസ്ഐ ആർ.എസ്. സജീവ്, ഗ്രേഡ് എസ്ഐ പീയൂസ്, എഎസ്ഐ സൈലസ്, പോലീസുകാരായ ബൈജു, പ്രേമൻ ഉൾപ്പെടെയുള്ളവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.
എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിനോക്കിയിരുന്ന രാഖിമോളെ ജൂൺ 21നാണ് കാണാതായത്. വീടുമായി യുവതി ബന്ധപ്പെടാതെ വന്നതിൽ സംശയം തോന്നിയ ബന്ധുക്കൾ ജൂലൈ ആറിന് പൂവാർ പോലീസിൽ പരാതി നൽകി.
കാണാതായതിന് കേസെടുത്ത പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ജൂലൈ 24ന് അരുംകൊലയുടെ ചുരുളഴിച്ച് മൂന്നാം പ്രതിയായ ആദർശിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് 27ന് രണ്ടാം പ്രതിയായ രാഹുലിനെയും 29ന് ഒന്നാം പ്രതിയും സൈനികനുമായ അഖിലിനെയും അറസ്റ്റ് ചെയ്തു നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യത്തിന്റെ രഹസ്യങ്ങൾ പുറത്തായത്.
രാഖി മോളുമായി പ്രേമത്തിലായിരുന്ന അഖിൽ വിവാഹം കഴിച്ചതായി ഉറപ്പു വരുത്തി ഒരു ക്ഷേത്രത്തിൽ വച്ച് താലിയും കെട്ടി. ഇതിനിടയിൽ അഖിലിന് യോജിച്ച മറ്റൊരു വിവാഹബന്ധം വീട്ടുകാർ ഉറപ്പിച്ചതോടെ രാഖി മോളെ ഒഴിവാക്കാനുള്ള ശ്രമം നടത്തി.എന്നാൽ പിൻമാറാൻ തയ്യാറാകാതെ കടുംപിടിത്തം നടത്തിയ രാഖിമോളെ ഒടുവിൽവകവരുത്താനുള്ള പദ്ധതികൾ പ്രതികൾ തയാറാക്കി.
കൊലക്കുമുൻപേ രാഹുൽ പുതിയതായി നിർമിക്കുന്ന വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചുമൂടാനുള്ള കുഴിയും വിതറാനുള്ള ഉപ്പും തയാറാക്കി. കൊലപാതകം ആസൂത്രണം ചെയ്ത പ്രതികൾ എറണാകുളത്ത് നിന്ന് വീട്ടിൽ എത്തിയ രാഖി മോളെ ജൂൺ 21 ന് തന്ത്രപൂർവം അമ്പൂരിയിലേക്ക് വിളിച്ചുവരുത്തി.
നെയ്യാറ്റിൻകരയിൽ ബസ് ഇറങ്ങിയ യുവതിയെ അവിടെ നിന്ന് കാറിൽ കയറ്റി. പോകുന്ന വഴിയിൽ വച്ചും വിവാഹത്തിൽ നിന്ന് പിൻമാറ്റാനുള്ള ശ്രമം നടത്തി. ഇതിന് വഴങ്ങാത്ത രാഖിമോളെ പിൻസീറ്റിലിരുന്ന അഖിൽ കഴുത്ത് ഞെരിച്ചു. രാഖിമോളെ സീറ്റ് ബൽറ്റ് കൊണ്ട് കഴുത്തിന് മുറുക്കിയ രണ്ടാം പ്രതി രാഹുൽ മരണം ഉറപ്പുവരുത്തി. തുടർന്ന് വസ്ത്രങ്ങൾ ഊരിമാറ്റിയ ശേഷം നേരത്തെ തയാറാക്കിയ കുഴിയിൽ ഉപ്പും വിതറി മൃതദേഹം കുഴിച്ചിട്ടു. യുവതിയുടെ വസ്ത്രങ്ങളും ചെറുപ്പ് ,ബാഗ്, മൊബൈൽ ഉൾപ്പെടെയുള്ള വസ്തുക്കൾ പല സ്ഥലത്തായി വലിച്ചെറിഞ്ഞ സംഘം പല വഴിക്കു പിരിഞ്ഞു.
യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതെ വന്നതിൽ സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതിനിടയിൽ കൊല്ലത്തേക്കു പോകുന്നതായും അന്വേക്ഷിക്കേണ്ട എന്നും കാണിച്ച് രാഖിമോളുടെ മൊബൈലിൽ നിന്ന് അഖിൽ സന്ദേശമയച്ചു. ഇത് പ്രതികൾക്ക് കുരുക്കായി.
ടവർ ലൊക്കേഷൻ അമ്പൂരിയെന്ന് മനസിലാക്കിയ പോലീസ് അന്വേഷണം ഊർജിതമാക്കി. പോലീസിനെ പല വഴിക്കും ഓടിച്ച് വട്ടം കറക്കിയെങ്കിലും സഹായിയായ ആദർശിനെ തന്ത്രപൂർവം കുടുക്കിയതോടെയാണ് ഒരിക്കലും തെളിയില്ലെന്ന് കരുതിയ കൊലപാതകത്തിന് തുമ്പുണ്ടായത്. അതോടെ മറ്റുള്ളവരെയും കുടുക്കിയ പൂവാർ പോലീസ് കഴിവ് തെളിയിച്ചു.