ആൾദൈവം ഗുർമീത് റാം റഹിമിന്റെ ജീവിതം സിനിമയാകുന്നു. പീഡനക്കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ദൈവത്തിന്റെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്തകൾക്കൊപ്പം വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്. ഗുർമീതിന് പുറമേ വളർത്തുമകളെന്നറിയപ്പെടുന്ന ഹണിപ്രീതിന്റെ കഥയും പ്രധാനമായിരിക്കും.
നരേന്ദ്ര മോദി ആരാധികയും ബോളിവുഡിലെ ഗ്ലാമർ നടിയുമായ രാഖി സാവന്താണ് ചിത്രത്തിൽ ഹണിപ്രീതായി എത്തുന്നത്.പോലീസ് തേടുന്ന കൊടുംകുറ്റവാളികളിൽ ഒരാളാണ് ഹണിപ്രീത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന ഇവർ ഒളിവിലാണ്. ഗുർമീതിന്റെയും ഹണിയുടെയും ആഡംബര ജീവിതവും കേസിനാസ്പദമായ സംഭവങ്ങളും മറ്റു വിവാദങ്ങളും സിനിമയിലുണ്ടാകുമെന്ന് സൂചനയുണ്ട്. ഗുർമീതിന്റെ മകൾ എന്നു പറയുന്നെങ്കിലും ഇവർ തമ്മിൽ അത്തരത്തിലുള്ള ബന്ധമല്ലെന്ന് ഹണിയുടെ ഭർത്താവും വെളിപ്പെടുത്തി. ദേര സച്ച സൗദയുടെ പ്രധാനിയായ ഹണിയാണ് മറ്റു പെണ്‍കുട്ടികളെ ഗുർമീതിന് എത്തിച്ചിരുന്നതെന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ.
നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയെന്ന് പേരു കേട്ട താരമാണ് രാഖി സാവന്ത്. മോദിയുടെ ചിത്രം പതിച്ച വസ്ത്രവുമായി ഇതിനു മുൻപ് രാഖി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അസുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുർമീത് റാം റഹിമായി റാസ മുറാദാണ് എത്തുന്നത്. അജാസ് ഖാൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു.