കുണ്ടറ: ഭാര്യ കുഞ്ഞുമായി കായലിൽ ചാടി മരിച്ച സംഭവത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. പെരിനാട് ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനു സമീപം സിജു ഭവനിൽ സ്വകാര്യ ബസ് കണ്ടക്ടർ സിജു ചന്ദ്രനെയാണ് വീട്ടിനുള്ളിൽ രാവിലെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യ രാഖി (22) മകൻ ആദി (മൂന്ന്) യുമായി അഷ്ടമുടി കായലിൽച്ചാടി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ
മകനെയും കൊണ്ട് വീടുവിട്ടിറങ്ങിയ രാഖിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ കൈതക്കോടി പാലക്കടവ് കായൽവാരത്ത് പോലീസും ഫയർഫോഴ്സും നാട്ടുകാരുംചേർന്നു നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയായിരുന്നു. കൊല്ലത്തുനിന്നെത്തിയ സ്കൂബാ സംഘം ഉച്ചക്ക് ഒന്നോടെയാണ് ആദിയുടെ മൃതദേഹം കണ്ടെടുത്തത്.
പാലക്കടവ് സ്വദേശി യശോധരൻ പിള്ളയുടെയും രമയുടെയും രണ്ടാമത്തെ മകളാണ് രാഖി. നാലുവർഷം മുൻപാണ് സമീപവാസിയായ സിജുവുമായുള്ള രാഖിയുടെ വിവാഹം നടന്നത്. ഒരുവർഷം മുൻപ് സിജുവും രാഖിയും കുഞ്ഞുമടങ്ങുന്ന കുടുംബം ഇടവട്ടത്ത് വീടുവാങ്ങി അവിടേക്ക് താമസം മാറുകയായിരുന്നു.
പിന്നീട് യശോധരൻ പിള്ളയും കുടുംബവും ഇടവട്ടത്തുതന്നെ മറ്റൊരു വീട് വാടകക്കെടുത്ത് താമസം മാറി. സ്ഥിരം മദ്യപാനിയായ സിജു ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.
ഏതാനുംദിവസം മുൻപ് ഇയാൾ രാഖിയെ കെട്ടിയിട്ട് ഉപദ്രവിച്ചിരുന്നു. പലതവണ രാഖിയുടെ പിതാവ് സമുദായനേതാക്കളുമായിച്ചേർന്ന് സിജുവിനെ നല്ലവഴിക്ക് നടത്താൻ ശ്രമം നടത്തിയിരുന്നു. ഞായറാഴ്ച സിജുവിന്റെ മർദനത്തെത്തുടർന്നാണ് രാഖി മകനുമായി ഉച്ചകഴിഞ്ഞ് രണ്ടോടെ വീടുവിട്ടിറങ്ങിയത്.
വൈകുന്നേരം അഞ്ചോടെ സിജുവാണ് യശോധരൻ പിള്ളയെ ഫോണിൽ വിളിച്ച് ഭാര്യയേയും മകനെയും കാണാനില്ലെന്ന് അറിയിച്ചത്. മകളുടെ വിവരമറിയാൻ എത്തിയ യശോധരൻ പിള്ളയെ സിജു മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.
സംഭവത്തിൽ യശോധരൻ പിള്ളയുടെ കൈവിരലിൽ പരിക്കേറ്റു. തുടർന്ന് യശോധരൻ പിള്ള കുണ്ടറ പോലീസ് സ്റ്റേഷനിലെത്തി മകളുടെ തിരോധാനത്തിൽ പരാതി നൽകുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ തിരോധനത്തെക്കുറിച്ചുള്ള വാർത്ത രാത്രിയിൽ പ്രചരിച്ചതോടെ പകലക്കടവ് കായൽവാരത്ത് അമ്മയെയും കുഞ്ഞിനേയും വൈകുന്നേരം നാലോടെ കണ്ടതായി നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.
പോലീസ് രാത്രിയിൽ പ്രദേശത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 11ഓടെയാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് സിജു ചന്ദ്രൻ ഒളിവിലായിരുന്നു. മൂവരുടെയും മൃതദേഹങ്ങൾ ജില്ലാആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുണ്ടറ പോലീസ് കേസെടുത്തു.