കാസ്റ്റിംഗ് കൗച്ചിനെതിരേ ബോളിവുഡിൽ വെളിപ്പെടുത്തൽ തുടരുന്നു. ഏറ്റവുമവസാനം രംഗത്ത് എത്തിയിരിക്കുന്നത് നടി മഹി ഗില്ലാണ്. ആദ്യമായി സംവിധായകനെ കാണാൻ ചെന്നപ്പോൾ ധരിച്ചിരുന്നത് സൽവാറായിരുന്നെന്നും എന്നാൽ ഇങ്ങനെ ചെന്നാൽ അവസരം ലഭിക്കില്ലെന്നും അയാൾ പറഞ്ഞതായാണ് മഹിയുടെ വെളിപ്പെടുത്തൽ.
മാത്രമല്ല നൈറ്റിയിട്ടാൽ അവസരം നൽകാമെന്ന് മറ്റൊരു സംവിധായകൻ പറഞ്ഞതായും മഹി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ഏത് സംവിധായകനാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
സംവിധായകരിൽ നിന്നു മോശമായ അനുഭവം പല പ്രാവശ്യം നേരിടേണ്ടി വന്നിട്ടുണ്ട്. തന്നോടു മോശമായി പെരുമാറിയ എല്ലാ സംവിധായകരുടെയും പേരു താൻ ഓർത്തു വച്ചിട്ടില്ല. അതിന്റെ ആവശ്യം ഉണ്ട് എന്നു തോന്നുന്നില്ല. ഒരു പുതുമുഖ നടിക്ക് അവസരം ലഭിക്കാൻ വലിയ കഷ്ടമാണ്. അമിത ഗ്ലാമർ പ്രദർശനം നടത്തിയാലും വലിയ റോളുകൾ ലഭിച്ചേക്കില്ല. – മഹി പറയുന്നു.
പരാതി നൽകും: ശ്രീ റെഢി
അതേസമയം തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയാകുകയാണെന്ന് നടി ശ്രീ റെഢി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പവൻ കല്യാണെതിരേ പറഞ്ഞതാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ താരം സൈബർ ആക്രമണത്തിനെതിരേ പോലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി. പൊതുസ്ഥലത്ത് പരസ്യമായി അർഥനഗ്നയായിക്കൊണ്ടാണ് ശ്രീ റെഡി കാസ്റ്റിംഗ് കൗച്ചിനെതിരേ പ്രതികരിച്ചത്.
സൂപ്പർ താരങ്ങൾ പല്ലുപോലും തേയ്ക്കാറില്ല: സൊനാക്ഷി സിൻഹ
സൂപ്പർതാരങ്ങൾ നടിമാരോട് മോശമായി പെരുമാറുന്നുവെന്നും ഇനി അവരോടൊപ്പം അഭിനയിക്കില്ലെന്നും ബോളിവുഡ് താരം സൊനാക്ഷി സിൻഹ കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിനോട് വെളിപ്പെടുത്തിയിരുന്നു.
പല്ലുപോലും തേയ്ക്കാതെയാണ് താരങ്ങൾ അഭിനയിക്കാനെത്തുന്നത്. മദ്യത്തിന്റെയും വിയർപ്പിന്റെയും നാറ്റം അടിക്കുന്പോൾ ഓക്കാനം വരും. സംവിധായകനോ നിർമാതാവോ ഇവരോട് ഒന്നും പറയില്ല. ഇഴുകി ചേർന്ന് അഭിനയിക്കുന്ന രംഗങ്ങളിൽ അവർ നടിമാരെ ചൂഷണം ചെയ്യുമെന്നും സൊനാക്ഷി പറഞ്ഞിരുന്നു.
പുതിയ താരങ്ങൾ എന്തിനും തയ്യാർ: രാഖി സാവന്ത്
എന്നാൽ കാസ്റ്റിംഗ് കൗച്ചിനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് നടി രാഖി സാവന്ത്് പറഞ്ഞു. പുതിയ കുട്ടികൾ കരിയർ തുടങ്ങാനായി എന്തിനും തയാറാകും. അപ്പോൾ നിർമാതാക്കളെ മാത്രം കുറ്റപ്പെടുത്തരുത്. നിലവിൽ ആരെങ്കിലും ഇത്തരം അനുഭവങ്ങൾ നേരിടുന്നുണ്ടെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം.
ജീവിതത്തിൽ എല്ലാ മേഖലയിലും ഉള്ളതുപോലെ ലൈംഗികമായ ദുരുപയോഗം സിനിമാ മേഖലയിലും ഉണ്ടാകാം. എനിക്ക് തുടക്ക കാലത്ത് ഇത് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ എനിക്ക് ആ വഴി ഉപയോഗിച്ച് സിനിമയിലെത്തേണ്ട കാര്യമുണ്ടായിരുന്നില്ല.-രാഖി കൂട്ടിച്ചേർത്തു.