ചെങ്ങന്നൂര്‍: ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചു ചേര്‍ത്തല സ്വദേശി യുവാവിനെ രാഖി ചെങ്ങന്നൂരിലെത്തിച്ചത് വെറും ഒന്നര മാസത്തെ സൗഹൃദത്തില്‍. യുവാവിന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയുള്ളു.
രാഖി ഇയാളുടെ ജൂണിയറായി സ്കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞാണ് ഫേസ് ബുക്കിലുടെ ചാറ്റിംഗ് നടത്തിയത്. ചെങ്ങന്നൂരില്‍ ബന്ധുവിന്റെ വിവാഹ പാര്ട്ടിയുണ്ടെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് 18ാം തീയതി ഉച്ചയോടെ യുവാവ് ചെങ്ങന്നൂരില്‍ എത്തി. അതിന് മുമ്പായി ചെങ്ങന്നൂര്‍ ഗവ.ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ രാഖിയും ഭര്‍ത്താവ് രതീഷിനൊപ്പം എത്തി മുറിയെടുത്തിരുന്നു. തുടര്‍ന്നാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്.
ഫേസ്ബുക്കിൽ ശാരദ
മുളക്കുഴ സ്വദേശി രാഖി ശാരദ ബാബു, അമയ അയ്യര്‍ ഇങ്ങനെ പല പേരുകളില്‍ ഫേസ് ബുക്ക് ഐഡി ക്രിയേറ്റ് ചെയ്ത് ഇരകളെ വലയിലാക്കിയിരുന്നത്. ഏതൊരാളെയും പെട്ടെന്ന് തന്റെ വലയില്‍ വീഴ്ത്തുവാനുള്ള പ്രത്യേക കഴിവാണ് പ്രതി രാഖിക്കുള്ളതെന്നു പോലീസ് പറയുന്നു.
പുരുഷന്മാരെ വളരെ എളുപ്പത്തില്‍ വീഴ്ത്തുന്ന തരത്തിലാണ് മെസഞ്ചറില്‍ രാഖിയുടെ കുറിപ്പുകൾ. ഭര്‍ത്താവ് രതീഷിനെയും കൂട്ടി ഹോട്ടലില്‍ മുറിയെടുത്തതിനു ശേഷം ഇരുവരും ചേര്‍ന്നു പദ്ധതി തയാറാക്കും. ഇരവലിയില് വീണു എന്ന് ഉറപ്പായ ശേഷം രതീഷ് തല്സ്ഥലത്തുനിന്നു പുറത്തേക്കു പോകും.
തുടര്‍ന്ന് ലഹരിമരുന്നു കലര്‍ത്തിയ പാനീയം നല്കിയ ഇര മയക്കത്തിലേക്കു വീണുവെന്നു സ്ഥിരീകരിച്ചതിനു ശേഷമാണ് പുറത്തുപോയ ഭര്‍ത്താവിനെ വിളിച്ചു വരുത്തുന്നത്. തുടര്‍ന്ന് മോഷണം നടത്തി ഇവര്‍ സ്ഥലം വിടുകയാണ് പതിവ്.
വീട്ടുകാരുമായി ബന്ധമില്ല
രാഖിയുടെയും, കുരമ്പാല സ്വദേശി രതീഷിന്റെയും പ്രണയവിവാഹമായിരുന്നു. ഇരു സമുദായത്തില്‍ പെട്ട ഇവര്‍ക്ക് ആറു വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ചെങ്ങന്നൂരില്‍ തട്ടിപ്പുനടത്തിയത് കുട്ടിയെ രാഖിയുടെ മുളക്കുഴയിലെ വീട്ടില്‍ ആക്കിയ ശേഷമായിരുന്നു.
പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷം മംഗലാപുരത്ത് ഫയര്‍ ആന്‍ഡ് സേഫ്റ്റി പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടെ ഹോട്ടല്‍ ജീവനക്കാരനായ രതീഷിനെ രാഖി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു.
പിന്നീട് ഇവര്‍ നാഗര്‍കോവിലില്‍ വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. രണ്ടുപേര്‍ക്കും ദീര്‍ഘകാലം വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഫേസ്ബുക്കിലൂടെ സൗഹൃദം പദ്ധതി ആരംഭിക്കുന്നത്.
എറണാകുളം, ഓച്ചിറ, മാവേലിക്കര സ്വദേശികളായ യുവാക്കളെ സമാനമായ രീതിയില്‍ പാനിയത്തില്‍ മയക്കുമരുന്നു നല്കി സ്വര്‍ണാഭരണങ്ങളും, പണവും വില കൂടിയ മൊബൈല്‍ ഫോണ്‍വരെ കവര്‍ന്നിട്ടുണ്ട്. തട്ടിപ്പിന് ഇരയായവര്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. കൂടുതല്‍ പേര് ഇനിയും പരാതിയുമായി വരുമെന്ന് കരുതുന്നു.