വിഴിഞ്ഞം: അന്പൂരിയിലെ രാഖിമോളുടെ കൊലയാളികളുമായുള്ള തെളിവെടുപ്പ് തുടരുന്നു. തിരുവനന്തപുരം വേട്ടമുക്കിന് സമീപം റോഡുവക്കിൽ വലിച്ചെറിഞ്ഞ വസ്ത്രങ്ങൾ ഇന്നലെ പോലീസ് കണ്ടെടുത്തു.
കൊലനടത്തി മൃതദേഹം കുഴിച്ച് മൂടിയ ശേഷം കൊല നടത്താൻ ഉപയോഗിച്ച കാറിൽ കറങ്ങിയ സംഘം റോഡുവക്കിലെ കുറ്റിക്കാട്ടിലേക്ക് വസ്ത്രങ്ങൾ വലിച്ചെറിയുകയായിരുന്നു.
പ്രതികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൂവാർ സിഐ രാജീവ്, എസ്ഐ സജീവ് എന്നിവരുടെ നേതൃത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ വസ്ത്രങ്ങൾ വീണ്ടെടുത്തു.
തുടർന്ന് സംഭവ ദിവസം സംഘം മുറിയെടുത്ത് താമസിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ തെളിവെടുപ്പിന് എത്തി.ഹോട്ടൽ ജീവനക്കാരും പ്രതികളെ തിരിച്ചറിഞ്ഞു.
മൂന്നു ദിവസം നീണ്ടു നിന്ന തെളിവെടുപ്പിൽ രാഖിമോൾ ഉപയോഗിച്ചിരുന്ന ഹാൻഡ് ബാഗ് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ബാഗ് കാട്ടാക്കടക്ക് സമീപത്തെ കാടുപിടിച്ച വയലിൽ ഉപേക്ഷിച്ചതായാണ് പ്രതികൾ മൊഴി നൽകിയത്.