അമരവിള: പൂവാർ പുത്തൻകട സ്വദേശി രാഖിമോളുടെ കൊലപാതകകേസിൽ ഒന്നാം പ്രതിയായ അഖിൽ (24) റിമാൻഡിൽ.അന്പൂരിയിൽ രാഖിമോളെ കൊലചെയ്തശേഷം കുഴിച്ചിട്ട കുഴിക്കരയിലെത്തിച്ച് അഖിലിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് റിമാൻഡ് ചെയ്തത്.
മൂന്നാം പ്രതി ആദർശിന്റെയും രണ്ടാം പ്രതി രാഹുലിന്റെയും റിമാൻഡ് റിപ്പോർട്ടിന് സമാനമായ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. അഖിൽ രാഖിയെ കാറിൽ കയറ്റിയ നെയ്യാറ്റിൻകരയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പന്പിനു സമീപവും തുടർന്ന് രാഖിയെ കാറിൽ കയറ്റി കൊണ്ടു വന്ന അമരവിള, കാരക്കോണം, ചെറിയകൊല്ല, ചൂണ്ടിക്കൽ, കൂതാളി കൂട്ടകുന്ന് വഴി അന്പൂരി തട്ടാൻമുക്ക് വരെ പ്രതികൾ സഞ്ചരിച്ച പാത പിൻതുടർന്നാണ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടന്നത്.
തുടർന്ന് ഫോറൻസിക് സംഘം കൃത്യത്തിന് ശേഷം കാർ കഴുകി വൃത്തിയാക്കിയ അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻ വശത്തും പരിശോധനകൾ നടത്തി. തുടർന്നാണ് മടങ്ങിയത്. വൈകുന്നേരം ഒന്പതോടെ നെയ്യാറ്റിൻകര വഴുതൂരിൽ ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് സതീശന്റെ വസതിയിലെത്തിച്ചു. മജിസ്ട്രേറ്റ് അഖിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.