സ്വന്തംലേഖകൻ
വിഴിഞ്ഞം: കൊലപാതകം നടത്തിയ ശേഷം തെളിവു നശിപ്പിക്കാൻ മൃതദേഹം ഉപ്പിട്ട് കുഴിച്ചുമൂടി. രാഖിമോളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കണ്ടെത്തിയ പുരയിടം പുല്ലുവെട്ടി കിളച്ചിരുന്നു. കൂടാതെ കമുകിന്റെ തൈകൾ വച്ചുപിടിപ്പിച്ചു.
നിശ്ചയം നടത്തിയ യുവതിയെ വിവാഹം കഴിക്കാൻ കാമുകിയെ കൊന്ന് കുഴിച്ച് മുടിയ അരുംകൊലക്ക് ചുരുളഴിക്കാൻ പോലീസിന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി വട്ടം കറങ്ങിയ പൂവാർ എസ്ഐ ആർ.സജീവും സംഘത്തിനും മൂന്നാഴ്ച ഉറക്കമില്ലാത്ത രാത്രികളായിരുന്നു.
തിരുപുറം പുത്തൻകടയിൽ ചായത്തട്ടുകട നടത്തുന്ന പുത്തൻകട ജോയി ഭവനിൽ രാജന്റെയും ഡെയ്സിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട രാഖി മോൾ. ഡിഗ്രിവരെ പഠിച്ചശേഷം എറണാകുളത്തെ ഒരു കേബിൾ കമ്പനിയിലെ ജീവനക്കാരിയായി.
ആറ് വർഷം മുൻപ് രാഖിയുമായി സ്നേഹബന്ധത്തിലായ അഖിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഇഷ്ടപ്പെട്ട മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തി. പക്ഷെ കടുത്തപ്രണയത്തിലായ രാഖിമോൾ അഖിലിനെ വിട്ടുപിരിയാൻ തയാറായില്ല. ഇതൊഴിവാക്കാൻ അഖിലും സഹോദരനും സുഹൃത്തും കണ്ടെത്തിയവഴിയായിരുന്നു അരുംകൊല.
എറണാകുളത്തെ കമ്പനിയിൽ നിന്ന് കഴിഞ്ഞ മാസം 18ന് വീട്ടിൽ എത്തിയ രാഖിമോൾ ചില ഫോൺ കോളുകൾ വന്നതോടെ 21 ന് കമ്പനിയിലേക്ക് മടങ്ങിപ്പോകുന്നതായറിയിച്ച് വീട്ടിൽ നിന്നിറങ്ങി.പോകുന്ന വഴിയിൽ പിതാവിനെ കണ്ടും യാത്രയും പറഞ്ഞു. കൊലനടത്താൻ പ്ലാൻചെയ്ത മിലിട്ടറി ഉദ്യോഗസ്ഥനായ അഖിലും സഹോദരൻ ആദർശും സംഘവും രാഖിമോളെ തന്ത്രപൂർവം തങ്ങളുടെ വീട്ടിൽ എത്തിക്കാൻ ശ്രമം നടത്തി.
അഖിൽ പുതിയതായി നിർമിക്കുന്ന വീട് കണ്ടുമടങ്ങാമെന്നറിയിച്ച സംഘം യുവതിയെ നെയ്യാറ്റിൻകരയിൽ വരുത്തി. സുഹൃത്തിന്റെ വാടക വണ്ടിയിൽ നെയ്യാറ്റിൻകരയിൽ എത്തിയ സംഘം രാഖിമോളുമായി കൃത്യം നടത്തിയ സ്ഥലത്ത് എത്തി. അവിടെ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ രാഖിമോളെ അഖിലിന്റെ പുരയിടത്തിൽ കുഴിയെടുത്ത് ഉപ്പ് വിതറി കുഴിച്ച് മൂടി. പുരയിടം കിളച്ചശേഷം അടയാളത്തിന് കമുകും നട്ടു. തുടർന്ന് അഖിലും സഹോദരൻ ആദർശും ഒന്നുമറിയാത്ത ഭാവത്തിൽ ഗുരുവായൂരിൽ പോയി മടങ്ങിയെത്തി.
ഇതിനിടയിൽ 21ന് കമ്പനിയിലേക്കുപോയ യുവതിയെക്കുറിച്ച് വീട്ടുകാർക്ക് യാതൊരുവിവരവുമില്ലാതായി. സാധാരണ നാല് ദിവസത്തിലൊരിക്കൽ സഹോദരി ഷൈനിയേയും മറ്റുള്ളവരെയും ഫോണിൽ വിളിക്കുക പതിവായിരുന്നു. അതില്ലാതെ വന്നതോടെ വീട്ടുകാർ കമ്പനിയിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന മറുപടിയും ലഭിച്ചു. ഫോൺ സ്വിച്ച് ഓഫ് ആയതും വീട്ടുകാരുടെ ഫോണിൽ വന്നിരുന്ന വാട്സ് ആപ് ഫോട്ടോകൾ നീക്കം ചെയ്തതും സംശയത്തിനിടവരുത്തി. ഇക്കഴിഞ്ഞ ആറിന് വീട്ടുകാർ പൂവാർ പോലീസിൽ പരാതി നൽകി.
അടുപ്പക്കാരനായ അഖിലിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നതിനിടയിൽ രാഖിയുടെ മൊബൈലിൽ നിന്ന് കൊല്ലത്തെ ഒരാളുമായി പോകുന്നുവെന്ന് കാണിച്ചുള്ള സന്ദേശം ലഭിച്ചു.സന്ദേശം തേടി കൊല്ലം മുതൽ കേരളത്തിന്റെ അങ്ങോളമിങ്ങോളവും ചെന്നൈയിലുമൊക്കെ പൂവാർ പോലീസ് ചുറ്റിയടിച്ചെങ്കിലും കണ്ടെത്താനായില്ല. പക്ഷെ ചില പൊരുത്തക്കേടുകൾ മണത്ത പോലീസ് അഖിലിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കൂടുതൽ ഊർജിതമാക്കി.
ഇതിനിടയിൽ മിലിട്ടറി ജീവനക്കാരനായ അഖിലിനെയും കുടുംബത്തേയും അന്വേഷണ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നതായി കാണിച്ച് അവർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി. ഇതൊന്നും കൊണ്ട് പിന്തിരിയാത്ത പോലീസിന്റെ അർപ്പണബോധം ഏറെ നിഗൂഢമായ ഒരു കൊടുംപാതകത്തിന്റെ ചുരുളഴിക്കലിന് വഴിവച്ചു.എല്ലാത്തിനും കൂടെ നിന്ന കൂട്ടുകാരൻ അകത്തായെങ്കിലും അഖിലും ആദർശും ഒളിവിൽ പോയി. ഇവർക്കായുള്ള അന്വേഷണം കൂടുതൽ ഊർജിതമാക്കിയതായി പൂവാർ എസ്ഐ സജീവ് അറിയിച്ചു.