വിഴിഞ്ഞം: അമ്പൂരി കൊലപാതക കേസിലെ പ്രതികളായ അഖിലിനെയും രാഹുലിനെയും ആദർശിനെയും ഒരുമിച്ചു ചോദ്യം ചെയ്താൽ മാത്രമെ രാഖിമോളുടെ കൊലപാതകത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്ന വിശ്വാസത്തിലാണ് അന്വേഷകർ.
ഇനിയും കൂടുതൽ പേരെ പ്രതിചേർക്കണമോ എന്നതും പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും. സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാരായ നിരവധി പേരെയുംചോദ്യം ചെയ്യും. കൊലപാതകത്തിന് തെളിവായി മൃതദേഹം കണ്ടെത്തിയെങ്കിലും കൊലയ്ക്കുപയോഗിച്ച കയർ, രാഖി മോളുടെ വസ്ത്രങ്ങൾ, ചെരിപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശേഖരിക്കേണ്ടതുണ്ട്.
പ്രതികളെ നാളെ കസ്റ്റഡിയിൽ വാങ്ങും.ഇതിനായുള്ള അപേക്ഷ കോടതിയിൽ നൽകിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അഖിലിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴുണ്ടായ പ്രതിഷേധം തെളിവെടുപ്പിനു തടസമായി. മൃതദേഹത്തിൽ നിന്ന് ഊരിയെടുത്ത വസ്ത്രങ്ങൾ കൊലയ്ക്കുപയോഗിച്ച കാർ സുഹൃത്തിനെ ഏൽപ്പിക്കാൻ തക്കലക്ക് പോകുന്ന വഴിയിൽ ഉപേക്ഷിച്ചതായി പോലീസ് പറയുന്നു.
ഇതെല്ലാം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന മുറയ്ക്ക് കണ്ടെത്തും. എന്നാൽ പിടിക്കപ്പെടുന്നതിന് മുൻപ് അഖിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമം നടത്തിയിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം അരുംകൊലയെക്കുറിച്ച് വീട്ടുകാർ അറിഞ്ഞു.ഇതോടെ കൂടുതൽ അങ്കലാപ്പിലായ അഖിൽ ജീവനൊടുക്കാൻ വിഷം വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.പ്രതിയുടെ വീട് പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ വിഷക്കുപ്പി കണ്ടെടുക്കുകയും ചെയ്തിരുന്നു.