സ്വന്തംലേഖകൻ
അന്പൂരി: ഒരു മിസ്ഡ്കോളിൽ തുടങ്ങിയ പ്രണയം, ഒരു ജീവിതം പറിച്ചെടുത്തു. തളിരിട്ടു തുടങ്ങിയ ജീവിത സ്വപ്നങ്ങൾ കാമുകന്റെ വീടിന്റെ പിന്നിലെ കുഴിമാടത്തിൽ അവസാനിച്ചു. രാഖിമോളുടെ ജീവിതം ഇല്ലാതാക്കിയ പ്രണയത്തിലേക്ക് നയിച്ച അതേ ഫോൺ ഒടുവിൽ കൊലപാതകത്തിനു തുന്പുമായി.
രാഖിമോളുടെ മൃതദേഹം അഖിലിന്റെ വീടിന്റെ പിന്നിൽ നിന്ന് കണ്ടെടുക്കുന്പോൾ അക്ഷരാർഥത്തിൽ നാട്ടുകാർ ഞെട്ടി. 20 ദിവസംമുന്പ് നടന്ന ക്രൂരകൃത്യം മണത്തറിഞ്ഞ് പോലീസ് എത്തുംവരെ അങ്ങിനെയൊരു സംഭവം നടന്നതിന്റെ സൂചനപോലും അവശേഷിച്ചിരുന്നില്ല.
നാടിനെ നടുക്കിയ ഈ കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന രാഖിമോള് അമ്പൂരി തട്ടാമുക്ക് സ്വദേശിയായ അഖിലുമായി പരിചയപ്പെടുന്നത് ഒരു മിസ്ഡ് കോളിലൂടെ ആയിരുന്നു.
തുടര്ന്ന് ഇവര് പ്രണയത്തിലായി. വ്യത്യസ്ത മതവിഭാഗക്കാരായിരുന്നെങ്കിലും പ്രണത്തിന് അതു തടസമായില്ല. എന്നാൽ കാട്ടാക്കട അന്തിയൂര്ക്കോണം സ്വദേശിനിയുമായി അഖിന്റെ വിവാഹം ഉറപ്പിച്ച തോടുകൂടി ഇവരുടെ പ്രണയത്തില് വിള്ളല്വീണു. അന്തിയൂര്ക്കോണം സ്വദേശിനിയുമായുള്ള വിവാഹത്തെ എതിര്ത്ത രാഖിമോള്, അഖിലിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നത്രെ. ഈ വിവരം അഖിലിന്റെ വീട്ടുകാര് അറിഞ്ഞതോടെ പെണ്കുട്ടിയെ വകവരുത്താന് നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ 21ന് കാറില് കൂട്ടിക്കൊണ്ടുവന്ന രാഖിമോളെ കൊലപ്പെടുത്തിയശേഷം അഖില് പുതുതായി വയ്ക്കുന്ന വീടിനു പിന്നിൽ കുഴിച്ചിടുകയായിരുന്നു. തുടര്ന്ന് ഇയാള് ജോലിക്ക് പോവുകയും ചെയ്തു. അഖിലിന്റെ സഹോദരന് രാഹുല്, അയല്വാസിയും സുഹൃത്തുമായ ആദര്ശ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പ്രതികൾ ആരൊക്കെയെന്ന് പോലീസിന്റെ തുടർ അന്വേഷണത്തിലേ വ്യക്തമാകൂ.
നെയ്യാറ്റിന്കര ഡിവൈഎസ്പി അനില്കുമാറിനെ നേതൃത്വത്തിൽ മൊബൈല് ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഫോറന്സിക് പരിശോധനകള് പൂര്ത്തിയായാല് മാത്രമേ കൊലപാതകത്തെക്കുറിച്ച് പൂര്ണവിവരം ലഭിക്കുകയുള്ളുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള് ഉടന് പൂര്ത്തിയാക്കുമെന്നും ഡിവൈഎസ്പി അനില്കുമാര് പറഞ്ഞു.
ഇന്ക്വസ്റ്റ് നടപടികള്ക്ക് സര്ക്കിള് ഇന്സ്പക്ടര്മാരായ ബിജു, രാജീവ് തുടങ്ങിയവര് നേതൃത്വം നല്കി. കൊലയ്ക്ക് സഹായിയായിരുന്ന അനില്കുമാര് പോലീസ്സ് കസ്റ്റഡിയിലാണ്. എംഎല്എ സി. കെ. ഹരീന്ദ്രന് ഉള്പ്പെടെ ഉള്ള ജനപ്രതിനിധികള് സംഭവസ്ഥലത്ത് എത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള് പൂര്ത്തിയാക്കി ബന്ധുക്കള്ക്ക് വിട്ടു നല്കും.