കടുത്തുരുത്തി: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം പ്രളയബാധിതർക്ക് നൽകി ആറാം ക്ലാസ് വിദ്യാർഥി. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥിയായ വെള്ളൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ ചന്ദ്രാമലയിൽ റെജിയുടെ മകൻ രാഹുലാണ് സൈക്കിൾ വാങ്ങുന്നതിനായി താന്റെ കുടുക്കയിൽ സ്വരൂപിച്ച സന്പാദ്യം പ്രളയബാധിതരെ സഹായിക്കാൻ കൈമാറിയയത്.
വെള്ളൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും ജനകീയ കുട്ടായ്മയും ചേർന്ന് സ്വരൂപിക്കുന്ന ദുരന്തഫലമനുഭവിക്കുന്നവർക്കൊരു കൈതാങ്ങ് പദ്ധതിയിലേക്കാണ് പണം നൽകിയത്. കഴിഞ്ഞ വർഷം ചെമ്മഞ്ചിയിലുള്ള കിഡിനി രോഗിക്കായി തന്റെ കുടുക്കയിലുള്ള പണം മുഴുവൻ രാഹുൽ നൽകിയിരുന്നു. ഏതാണ്ട് മൂവായിരത്തോളം രൂപയാണ് ഇക്കുറി കുടുക്കയിൽ ഉണ്ടായിരുന്നത്.
വെള്ളൂർ ഓട്ടോ സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ വെള്ളൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ.ജോബി പൂച്ചുകണ്ടത്തിൽ പണം ഏറ്റുവാങ്ങി. അജേഷ് ജോണ്, ഷാഗോ മലയിപ്പറന്പിൽ, റെജി മോൻ, ചന്ദ്രമോഹനൻ, പീറ്റർ, ബിനു തുടങ്ങിയവർ പങ്കെടുത്തു.