വടക്കഞ്ചേരി: പന്തലാംപാടത്തിനുസമീപം രക്കാണ്ടി ആദിവാസികോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു നടപടി തുടങ്ങി. കോളനിയിൽനിന്നും ഒന്നരകിലോമീറ്ററോളം ദൂരമുള്ള ബോർവെല്ലിൽനിന്നും പൈപ്പുവഴി കോളനിയിലേക്ക് വെള്ളം എത്തിക്കാനാണ് പ്രവൃത്തി നടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അടിയന്തിരമായി അനുവദിച്ച അഞ്ചുലക്ഷം രൂപചെലവഴിച്ചാണ് 25 കുടുംബങ്ങളുള്ള കോളനിയിലേക്ക് വെള്ളം എത്തിക്കുന്നത്. ബോർവെല്ലിൽ 240 മീറ്റർ ദൂരം സ്ഥാപിക്കാനുള്ള പൈപ്പിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ഇത്രയും ദൂരം ചാലുകീറി പുതിയ പൈപ്പ് സ്ഥാപിച്ച് പിന്നീട് നേരത്തെയുള്ള പഴയ പൈപ്പിലൂടെ വെള്ളം കോളനിയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്.
എന്നാൽ ഇരുപതുവർഷത്തോളം പഴക്കമുള്ള പഴയ പൈപ്പിലൂടെ വെള്ളം എത്തിക്കുമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും ബോർവെല്ലിൽനിന്നും കോളനിവരെ പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്.
ഒരു കിലോമീറ്റർ ദൂരത്തേക്ക് കൂടി പൈപ്പിനുള്ള ഫണ്ട് കണ്ടെത്തിയാൽ കോളനിക്കാരുടെ ആവശ്യം നിവേറ്റാനാകും. ഇപ്പോൾ വലിയ വില കൊടുത്താണ് കോളനിക്കാർ വാഹനങ്ങളിൽ വെള്ളം കൊണ്ടുവന്ന് അത്യാവശ്യകാര്യങ്ങൾ നിറവേറ്റുന്നത്. ഇതുസംബന്ധിച്ച് ദീപികയിൽ കഴിഞ്ഞ ബുധനാഴ്ച പടം സഹിതം വാർത്ത നല്കിയിരുന്നു.