ഒറ്റപ്പാലം: റോഡപകടമോ. പേടിക്കണ്ട…രക്ഷകനായി ഗോപി വിളിപ്പുറത്തുണ്ട്. ലക്കിടി മുളഞ്ഞുർ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ഗോപി എന്ന ഗോപാലകൃഷ്ണൻ.
റോഡപകടങ്ങളിൽ അകപ്പെടുന്നവരേയും അത്യാപത്തിൽ അകപ്പെടുന്നവരേയും രക്ഷപ്പെടുത്തുകയെന്ന ദൗത്യം സ്വയം ഏറ്റെടുത്തിട്ടുള്ള ഈ യുവാവിന് നാട്ടുകാർ സ്നേഹപൂർവം നൽകിയ പേരാണ് രക്ഷകൻ ഗോപി.
ഇതിനകം അപകടങ്ങളിൽപ്പെട്ട ഇരുന്നൂറിനടുത്ത് ആളുകളെ ഗോപി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിലധികവും റോഡപകടങ്ങളിൽപ്പെട്ടവരാണ്.
അത്യാഹിതം നടന്നതായി വിവരം ലഭിച്ചാലുടൻ ഗോപി സംഭവസ്ഥലത്ത് പാഞ്ഞെത്തും. ജീവനുവേണ്ടി മരണത്തോട് മല്ലടിക്കുന്ന മനുഷ്യ ജീവൻ ആരുടെതുമാവട്ടെ രക്തത്തിൽ പിടയുന്ന ആ ശരീരത്തെ നെഞ്ചോട് ചേർത്ത് ആശുപത്രിയിലാക്കാൻ ഗോപിയുടെ ഓട്ടോ കുതിച്ചുപായും.
റോഡപകടങ്ങൾ ഉണ്ടായാൽ ഗോപിയുടെ മൊബൈലിലേക്ക് ഉടനേ വിളിയത്തും. ചിലപ്പോൾ വണ്ടിയിൽ യാത്രക്കാരുണ്ടാകും. അവരെ അടുത്തുള്ള സ്റ്റോപ്പിൽ ഇറക്കി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ഗോപി സംഭവസ്ഥലത്തെത്തും.
ജീവൻ രക്ഷിച്ച വകയിലും യഥാസമയം വിലപ്പെട്ട മനുഷ്യ ജീവൻ രക്ഷിക്കാൻ സന്മനസ് കാട്ടിയതു കണക്കിലെടുത്തും പലരും പലതവണ ഗോപിക്ക് പാരിതോഷികങ്ങളും പണവും സമ്മാനിക്കാൻ മുതിർന്നിട്ടുണ്ട്.
എന്നാൽ ഇവിടെ മാത്രം ഗോപി കാർക്കശ്യക്കാരനാകും. പണം പ്രതീക്ഷിച്ചല്ല താനിത് ചെയ്യുന്നതെന്ന് മുഖത്തുനോക്കി വെട്ടിതുറന്ന് പറയും. കേൾക്കുന്നയാൾക്ക് എന്തുതോന്നിയാലും തനിക്കൊരു ചുക്കുമില്ലെന്നാണ് ഗോപിയുടെ മറുപടി.
ആശുപത്രിയിലെത്താത്തതുമൂലം ഒരു മനുഷ്യജീവനും പൊലിയരുതെന്ന് ഗോപിക്ക് നിർബന്ധബുദ്ധിയുണ്ട്. തന്റെ ഒരു പതിറ്റാണ്ടിലെത്തുന്ന രക്ഷാപ്രവർത്തനകൾക്കിടെയിൽ ആശുപത്രിയിലെത്തിച്ച വിലപ്പെട്ട എട്ടുജീവനുകൾ പൊലിഞ്ഞത് ഗോപിക്ക് തീരാത്ത വേദനയാണ്.
സ്വന്തം ജീവിതാനുഭവമാണ് ഗോപിയെ രക്ഷാപ്രവർത്തകനാക്കി മാറ്റിയത്. മെക്കാനിക് ജോലിക്കാരനായിരുന്ന ഗോപി സ്പേയർപാർട്സ് വാങ്ങിക്കുന്നതിനു
ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ഗോപിയെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല. അന്ന് പാലക്കാട് സ്വദേശിയായ സുരേഷ് എന്ന യുവാവാണ് ഗോപിക്ക് രക്ഷകനായത്.
കാഴ്ച്ചക്കാരായി കൂട്ടംകൂടി നിന്നവർ നിഷ്ക്രിയരായി ഒഴിഞ്ഞ് മാറിയപ്പോൾ മടികൂടാതെ വഴിയാത്രക്കാരനായ സുരേഷ് എന്ന യുവാവ് ഗോപിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. അന്ന് ആശുപത്രി കിടക്കയിൽ ഗോപിയൊരു പ്രതിജ്ഞയെടുത്തു.
ആ ശപഥമാണ് ഗോപിയിലെ രക്ഷകനെ ഉണർത്തിയത്. അന്ന് തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾ ഇന്നും ഗോപി തുടരുന്നത് ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കാതെ തന്നെയാണ്.
ഗോപിയിലെ മനുഷ്യസ്നേഹിയെ തിരിച്ചറിഞ്ഞ് മുൻ ഒറ്റപ്പാലം എസ്ഐയായിരുന്ന എം.ശശിധരനാണ് ആദ്യമായി ഗോപിയെ അനുമോദിച്ചും പാരിതോഷികമായി ആയിരം രൂപ സമ്മാനിച്ചതും.
സർക്കാർ പണമായതുകൊണ്ട് മാത്രം നിർബന്ധത്തിന് വഴങ്ങി ഗോപി അത് സ്വീകരിച്ചു. രാത്രിയിൽ വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രികൾക്കും ഗോപിയെ ധൈര്യമായി വിളിക്കാം. സ്ത്രീ സൗഹൃദ ഓട്ടോറിക്ഷയാണ് ഗോപിയുടേത്.
കൈയിൽനിന്നും സ്വന്തം പണം മുടക്കിയാണ് ഗോപി അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നതും പ്രാഥമിക ശുശ്രൂഷകൾക്കാവശ്യമായ ചെലവുകൾ വഹിക്കുന്നതും. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചതിന്റെ പേരിൽ പലപ്പോഴും ഗോപിക്ക് പുലിവാലു പിടിക്കണ്ടി വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാൽ ഈ തിക്താനുഭവങ്ങളൊന്നും ഗോപിയിലെ മനുഷ്യസ്നേഹിയെ തളർത്തിയില്ല. ജീവിതത്തിൽ നന്മമാത്രം ചെയ്യാൻ ശ്രമിക്കുന്ന ഗോപിക്ക് മനസിനേറ്റ വലിയൊരു മുറിവുണ്ട്.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഗോപിയുടെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ചിലർ ചേർന്ന് രാത്രിയിൽ കത്തിച്ചു. ഗോപിയുടെ പരാതിയിൽ അന്വേഷണം നടന്നെങ്കിലും പ്രതികളെ പിടികൂടിയില്ല.
ഭാര്യ സരിതയും മക്കളായ ഗോകുൽ കൃഷ്ണ, ഘോഷ് കൃഷ്ണ എന്നിവർ പൂർണ പിന്തുണയാണ് ഗോപിക്ക് നല്കിവരുന്നത്.