സിനിമാ ലോകത്ത് റിക്കാർഡുകൾക്ക് കുറവൊന്നും ഇല്ല. സിനിമയുടെ കളക്്ഷൻ, താരങ്ങളുടെ പ്രതിഫലം തുടങ്ങിയ കാര്യങ്ങളിലെല്ലാം റിക്കാർഡുകൾ സൃഷ്ടിക്കപ്പെടാറുണ്ട്. തെന്നിന്ത്യൻ നടി രകുൽ പ്രീത് സിംഗ് ഒരു വ്യത്യസ്ത റിക്കാർഡ് നേട്ടത്തിനുള്ള തീവ്രശ്രമത്തിലാണ്. സംഗതി വിജയകരമായാൽ അത് ലോക സിനിമയിലെ തന്നെ അത്യപൂർവ സംഭവമാകും.
തെലുങ്കിലാണ് രകുൽ ഈ നേട്ടത്തിന് ശ്രമിക്കുന്നത്. ഒരു കുടുംബത്തിലെ നായകനടന്മാർക്കെല്ലാം ഒപ്പം അഭിനയിക്കാൻ കഴിയുക എന്ന റിക്കാർഡാണ് നടിക്ക് കൈയെത്തും ദൂരത്ത് എത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കുടുംബത്തിലെ നായകന്മാരുടെയെല്ലാം ജോഡിയാകാനുള്ള അവസരമാണ് ലഭിക്കുന്നത്. പല ചിത്രങ്ങളും അണിയറിയിലാണ്. ഇത് സംഭവിച്ചാൽ അപൂർവമായൊരു നേട്ടമായി അത് മാറും. ചിരഞ്ജീവിയുടെ മകൻ റാം ചരണിനൊപ്പമാണ് രകുൽ ഈ കുടുംബത്തിലെ നായക നടന്റെ ജോഡിയായി ആദ്യമെത്തുന്നത്.
2015ൽ റിലീസായ ബ്രൂസ് ലി ദ ഫൈറ്റർ എന്ന തെലുങ്ക് ചിത്രമായിരുന്നു അത്. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. തൊട്ടുപിന്നാലെ ചിരഞ്ജീവിക്കൊപ്പം അദ്ദേഹത്തിന്റെ 150ാം ചിത്രത്തിൽ രകുൽ ജോഡിയായി എത്തി. ഇതിന് പിന്നാലെ അല്ലു അർജുൻ ചിത്രത്തിലും രകുൽ നായികയായി. മാത്രമല്ല വരുണ്‍ തേജ്, സായി വരുണ്‍ തേജ് എന്നിവർക്കൊപ്പം ജോഡിയാകാനും രകുൽ കരാറായിക്കഴിഞ്ഞു. ഇതിനൊപ്പം തന്നെ പവൻ കല്യാണിനൊപ്പം ഒരു ചിത്രത്തിൽ നായികയാകാനും ശ്രമം നടത്തുന്നുണ്ട്. ചിരഞ്ജീവി കുടുംബത്തിലെ ബന്ധങ്ങളിലെ നായക നടന്മാരെല്ലാം രകുലിന്റെ നായകന്മാരായി കഴിഞ്ഞു എന്നു സാരം.
പവൻ കല്യാണ്‍ ചിത്രം കൂടെ കരാറായി ക്കഴിഞ്ഞാൽ അത് പൂർണമാകും. അച്ഛൻ, ചിറ്റപ്പൻ, മകൻ, അമ്മാവന്റെ മകൻ, ചിറ്റപ്പന്റെ മകൻ, അമ്മാവിയുടെ മകൻ അങ്ങനെ എല്ലാവരും രകുലിന്റെ നായകന്മാരാകും. കന്നട സിനിമയിലൂടെ അഭിനയം ആരംഭിച്ച രകുൽ രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലും മൂന്നാമത്രെ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. ഗൗതം കാർത്തിക് ചിത്രമായ എന്നവോ ഏതോ എന്ന തമിഴ് ചിത്രം പരാജയമായതോടെയാണ് പൂർണമായും തെലുങ്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
രകുൽ അഭിനയിച്ച എല്ലാ തെലുങ്ക് ചിത്രങ്ങളും ഹിറ്റായി. തെലുങ്കിലെ ശ്രദ്ധേയ താരമായ രകുൽ ഇപ്പോൾ എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വിശാൽ നായകനായി എത്തുന്ന ചിത്രത്തിൽ രകുൽ നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരം പിന്മാറിയെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ചതുരംഗ വേട്ടൈ സംവിധായകനായ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയുടെ നായികയാകാനുള്ള തയാറെടുപ്പിലാണ് താരം.