കന്നഡ സിനിമയിലൂടെ കരിയർ ആരംഭിച്ച നടിയാണ് രാകുല്‍ പ്രീത് സിംഗ്. 2009ല്‍ പുറത്തിറങ്ങിയ ഗില്ലി ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. പിന്നാലെ രാകുല്‍ പഠനത്തിലേക്ക് മടങ്ങുകയും ബിരുദം നേടുകയും ചെയ്തു. ഈ സമയത്തും താരം മോഡലിംഗില്‍ സജീവമായിരുന്നു. ആ തീരുമാനമാണ് രാകുലിനെ മിസ് ഇന്ത്യ മത്സരത്തിലേക്ക് എത്തിക്കുന്നത്.
2011 ലെ മിസ് ഇന്ത്യ മത്സരത്തില്‍ അഞ്ച് പുരസ്കാരങ്ങളാണ് രാകുലിനെ തേടിയെത്തിയത്. ഇതില്‍ മിസ് ഇന്ത്യ പീപ്പിള്‍സ് ചോയ്സുമുണ്ടായിരുന്നു. രാകുലിന്റെ മോഡലിംഗ് യാത്രയ്ക്ക് എല്ലാ പിന്തുണയും നല്കി മാതാപിതാക്കള്‍ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ ഫിലിംഫെയറിനു നല്കിയ അഭിമുഖത്തില്‍ മിസ് ഇന്ത്യ മത്സരകാലത്തെ രസകരമായ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് രാകുല്‍ പ്രീത് സിംഗ്.
മത്സരത്തിലെ ബിക്കിനി റൗണ്ടിന് വേണ്ടി തനിക്കു ധരിക്കാനുള്ള ബിക്കിനി വാങ്ങാന്‍ കൂടെ വരാന്‍ അച്ഛന് തയാറായതിനെക്കുറിച്ചും രാകുല്‍ സംസാരിച്ചു. എനിക്കൊപ്പം ബിക്കിനി ഷോപ്പിംഗിന് വരാന്‍ അച്ഛന് ഒരുക്കമായിരുന്നു. അദ്ദേഹം എന്നോട് ബ്രൈറ്റ് നിറത്തിലുള്ളത് വാങ്ങാനാണ് പറഞ്ഞത്.
നിങ്ങള്‍ക്ക് എന്നോട് സ്നേഹമുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ അമ്മയെ കൂട്ടിക്കോളാം എന്നു പറഞ്ഞു. ഇത്രയും പിന്തുണ നല്കുന്ന മാതാപിതാക്കള്‍ എന്റെ ഭാഗ്യമാണ്- രാകുല്‍ പറഞ്ഞു. ഞാനൊരു ഡ്രാമ ക്യൂന്‍ ആണെന്നും അതിനാല്‍ വിനോദരംഗം തെരഞ്ഞെടുക്കണമെന്നും അമ്മയാണു നിര്‍ദ്ദേശിച്ചത്.
അവരാണ് എന്നെ മോഡലിംഗിനും മിസ് ഇന്ത്യയ്ക്കുമൊക്കെ പ്രചോദിപ്പിച്ചത്. അച്ഛനും എല്ലായിപ്പോഴും പിന്തുണ നല്‍കിയിരുന്നു. സിനിമാ ലോകത്തെ എല്ലാ തീരുമാനങ്ങള്‍ക്കു പിന്നിലെയും കരുത്ത് അച്ഛനും അമ്മയുമാണ്. എന്നെ തലയുയര്‍ത്തി നടക്കാന്‍ ശീലിപ്പിച്ചത് അച്ഛനും അമ്മയുമാണ്. കരിയറില്‍ എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ ബാഗും പാക്ക് ചെയ്ത് പോന്നാളാനും അവര്‍ പറഞ്ഞിരുന്നു- രാകുൽ കൂട്ടിച്ചേർത്തു.
അടുത്തകാലത്ത് തന്റെ കരിയറിന്റെ തുടക്കകാലത്തു നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചുള്ള രാകുലിന്റെ തുറന്നു പറച്ചിലുകള്‍ വാര്‍ത്തയായിരുന്നു. പ്രഭാസ് നായകനായ സിനിമയില്‍ നിന്ന് നാലു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞശേഷം തന്നെ മാറ്റിയെന്നാണ് രാകുല്‍ പറഞ്ഞത്.
പല സിനിമകളും തനിക്ക് ഇതുപോലെ നഷ്ടമായതായി രാകുല്‍ പറഞ്ഞിരുന്നു. എം.എസ്. ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ താനായിരുന്നു നായികയാകേണ്ടിയിരുന്നതെന്നും രാകുല്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും തന്നെ മാറ്റി പകരം ദിഷ പഠാനി നായികയായെത്തി.
ചിത്രം വലിയ വിജയം നേടുകയും ചെയ്തു. ഇന്ത്യന്‍ 2 ആണ് രാകുലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ദേ ദേ പ്യാര് ദേ 2 അടക്കമുള്ള സിനിമകള്‍ അണിറയിലുണ്ട്. 2015ല്‍ യാരിയാന്‍ എന്ന ചിത്രത്തിലൂടെയാണ് രാകുല്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലും രാകുൽ സജീവമായി.