കൊച്ചി: എളംകുളത്ത് വാടക വീട്ടിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി എറണാകുളത്ത് മറ്റൊരു നേപ്പാളി യുവതിക്കൊപ്പം താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ റാം ബഹദൂറിനെ കണ്ടെത്താനായി പോലീസ് സംഘം ഡൽഹിയിൽ ക്യാന്പ് ചെയ്യുകയാണ്.
ഇയാൾ ഡൽഹിയിൽ എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണസംഘത്തിലെ ഒരു വിഭാഗം നേപ്പാളിലേക്കു പോകാനും ആലോചനയുണ്ട്.
അതേസമയം, മൃതദേഹം ഭഗീരഥി ധാമിയുടേത് തന്നെയാണോയെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. മൃതദേഹത്തിന്റെ മുഖം അഴുകിയ നിലയിലായിരുന്നു.
കൊല്ലപ്പെട്ടത് ഭഗീരഥി ധാമി തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.കഴിഞ്ഞ ദിവസം ഭഗീരഥിയുടെ ബന്ധുക്കൾ എന്ന് അവകാശപ്പെട്ട് ബംഗളൂരിൽനിന്ന് ആളെത്തിയിരുന്നു.
ഡിഎൻഎ പരിശോധനയ്ക്ക് രക്തബന്ധമുള്ളവരുടെ സാന്പിളുകളാണ് ശേഖരിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇവരുടെ രക്തബന്ധമുള്ളവർ കൊച്ചിയിൽ എത്തണമെന്ന് പോലീസ് നിർദേശം നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഡിഎൻഎ പരിശോധന ഫലം വന്നതിനുശേഷമേ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കൂ. കഴിഞ്ഞ 25-നാണ് ഭഗീരഥിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വാടകവീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിനുശേഷം റാം ബഹദൂർ ഒളിവിൽ പോകുകയായിരുന്നു.