കൊച്ചി: എളംകുളത്ത് നേപ്പാളി സ്വദേശിനി ഭഗീരഥി ഥാമി (30) യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭാഗീരഥിയുടെ പങ്കാളിയുമായ നേപ്പാൾ സ്വദേശി റാം ബഹാദൂർ ബിസ്ത് (45)നെ കുടുക്കിയത് കൊച്ചി സിറ്റി പോലീസിന്റെ രഹസ്യനീക്കം.
കഴിഞ്ഞ 24 നാണ് ഭഗീരഥിയുടെ മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് എളംകുളത്തെ വാടകവീട്ടിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നു കിട്ടിയ ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു, ഡിസിപി എസ്. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് നിർണായകമായ വിവരങ്ങൾ ലഭിച്ചിരുന്നു.
ലക്ഷ്മി എന്ന പേരിലായിരുന്നു റാം ബഹദൂർ ഭഗീരഥിയെ ഭാര്യയാണെന്നു പറഞ്ഞ് അവിടെ താമസിപ്പിച്ചിരുന്നതെന്നു പോലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട ഭഗീരഥിയുടെ നേപ്പാളിലെ ബന്ധുക്കൾ കൊച്ചി സിറ്റി പോലീസിന് കൈമാറിയ വിവരങ്ങൾ ചേർത്ത് സൈബർ സംഘത്തിന്റെയടക്കം സഹായത്തോടെ പോലീസ് റാം ബഹാദൂറിന് പിന്നാലെയായിരുന്നു.
ഒളിസങ്കേതത്തിൽ ഇയാളെ പിടികൂടാൻ വിദേശകാര്യ മന്ത്രാലയം വഴി കേരള പോലീസ് കൈമാറിയ നിർണായക വിവരങ്ങളാണ് നേപ്പാൾ പോലീസിന് സഹായകമായത്.
പ്രതി താമസിച്ചിരുന്ന ഹോട്ടലിന്റെ വിവരങ്ങളും കൊച്ചി പോലീസ് കൈമാറിയിരുന്നു. ഇയാൾ ഡൽഹിയിലുണ്ടെന്ന കൃത്യമായ വിവരത്തെത്തുടർന്ന് കൊച്ചി പോലീസ് അവിടേക്ക് പുറപ്പെട്ടിരുന്നു.
എന്നാൽ പോലീസ് എത്തുന്നതിന് രണ്ടു ദിവസം മുന്പേ പ്രതി ഡൽഹി വിട്ടു. നേപ്പാളിലേക്കു കടന്ന പ്രതിയുടെ ഫോണ് കോൾ വിവരങ്ങൾ ശേഖരിച്ചതിലൂടെയാണ് ഇയാൾ നേപ്പാൾ പോലീസിന്റെ പിടിയിലായത്.
അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസിലെ അഞ്ചോളം സംഘങ്ങൾ ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ തുടരുകയാണ്.
ഇയാൾക്കായി പോലീസ് വ്യാപക അന്വേഷണം നടത്തിവരുന്നതിനിടെയാണ് നേപ്പാളിലെ ഒളിസങ്കേതത്തിൽ നിന്നും നേപ്പാൾ പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ നേപ്പാളിലും കേസെടുത്തേക്കുമെന്നാണ് സൂചന.
പ്രതിയെ ഇന്ത്യയിലെത്തിക്കാൻ വൈകും
പ്രതി റാം ബഹദൂറിനെ ഇന്ത്യയിലെത്തിക്കാൻ വൈകും. കൊല്ലപ്പെട്ട ഭഗീരഥിയും പ്രതി റാം ബഹദൂറും നേപ്പാൾ സ്വദേശികളാണെന്നതാണ് കാരണം.
നേപ്പാൾ പൗരൻമാർ ഇന്ത്യയിലെത്തി കുറ്റകൃത്യം നടത്തിയ ശേഷം മടങ്ങിപ്പോയാൽ ഇവരെ തുടർനടപടിക്കായി ഇന്ത്യയ്ക്കു കൈമാറാൻ നിലവിലെ നിയമം അനുവദിക്കുന്നില്ല.
ഭഗീരഥിയുടെ ബന്ധുക്കൾ നേപ്പാൾ പോലീസിൽ പരാതി നൽകിയാൽ അവിടെ കേസെടുത്ത് തുടർനടപടികൾ ചെയ്യാനാണ് സാധ്യത. റാം ബഹദൂറിനെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഡിസിപി എസ്. ശശിധരൻ പറഞ്ഞു.