ശ്രീദേവിയുടെ മരണത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ നടിയുടെ ആരും അറിയാത്ത കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ജീവിതത്തില്‍ ശ്രീദേവി അനുഭവിച്ച് ദുരിതങ്ങളെക്കുറിച്ചാണ് രാം ഗോപാല്‍ വര്‍മ്മ വിവരിക്കുന്നത്. ശ്രീദേവിയുടെ ആരാധകര്‍ക്കുള്ള കത്തെന്ന പേരിലാണ് രാം ഗോപാല്‍ വര്‍മ്മ ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
രാം ഗോപാല്‍ വര്‍മയുടെ കത്ത്:
അതെ നിങ്ങള്‍ക്കറിയാവുന്ന പോലെ അവര്‍ കാലത്തെ വെല്ലുന്ന സുന്ദരിയും അര്‍പ്പണ ബോധവുമുള്ള സ്ത്രീയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ആയി നായികയായി ഇരുപതു വര്‍ഷത്തോളം ഇന്ത്യന്‍ വെള്ളിത്തിരയുടെ അതികായത്വം വഹിച്ചിരുന്നയാളുമാണ്. ഇത് കഥയുടെ ഒരു ഭാഗം മാത്രമാണ്. ശ്രീദേവിയുടെ ജീവിതവും മരണവും എത്രമാത്രം അപ്രതീക്ഷിതവും ക്രൂരവും നിഗൂഢവുമായിരുന്നുവെന്ന ക്രൂരമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് എനിക്കീ നിമിഷം. രണ്ടു ചിത്രങ്ങളിലൂടെ ശ്രീദേവിയുമായി ഒരുപാട് അടുത്തിടപഴകുവാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. പുറംലോകം ധരിച്ചുവച്ചിരിക്കുന്നതിനേക്കാള്‍ എത്രമാത്രം വ്യത്യസ്തമാണ് ഒരു താരത്തിന്റെ വ്യക്തിപരമായ ജീവിതം എന്നതിനൊരു മികച്ച ഉദാഹരണമാണു ശ്രീദേവിയുടേത്.
സുന്ദരമായ മുഖം, പ്രതിഭ, വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബം, രണ്ട് സുന്ദരികളായ പെണ്‍മക്കള്‍…അങ്ങനെ നോക്കുമ്പോള്‍ പുറത്തു നിന്നുളളവര്‍ക്ക് എല്ലാം തികഞ്ഞൊരു ജീവിതമായിരുന്നു ശ്രീദേവിയുടേത്. ശരിക്കും ശ്രീദേവിക്ക് അങ്ങനെയൊരു സന്തോഷകരമായ ജീവിതമായിരുന്നുവോ. അവരെ ആദ്യം കണ്ട അന്നു മുതല്‍ക്കേ ആ ജീവിതത്തെ കുറിച്ച് എനിക്കറിയാം., അച്ഛന്റെ മരണം വരെ ആകാശത്ത് പറന്നു നടക്കുന്നൊരു പക്ഷിയെ പോലെയായിരുന്നു ശ്രീദേവിയുടെ ജീവിതം. അതിനു ശേഷം അമിതശ്രദ്ധ പുലര്‍ത്തുന്ന അമ്മയ്ക്കൊപ്പം കൂട്ടിലടച്ച പക്ഷിയെ പോലെയും.
അക്കാലത്ത് കള്ളപ്പണമായിരുന്നു പ്രതിഫലമായി മിക്ക താരങ്ങള്‍ക്കും ലഭിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ടാക്സ് റെയ്ഡ് ഭയന്ന് ശ്രീദേവിയുടെ പ്രതിഫലം അച്ഛന്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയുമാണ് വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ അതെല്ലാം അവര്‍ സ്വന്തമാക്കിയെന്നതാണു വാസ്തവം. അതിനോടൊപ്പം അമ്മ അശ്രദ്ധമായി കുറേ മോശം സ്ഥലങ്ങളില്‍ പണം നിക്ഷേപിച്ചിരുന്നു. എല്ലാം കൂടിച്ചേര്‍ന്ന് തീര്‍ത്തും നിരാശയായി നില്‍ക്കുന്ന സമയത്താണ് ബോണി അവരുടെ ജീവിതത്തിലേക്കു വരുന്നത്.
ബോണിയും അന്ന് വലിയ കടക്കെണിയിലായിരുന്നു. സങ്കടങ്ങള്‍ പറഞ്ഞ് കരയാനൊരു കൈത്താങ്ങ് നല്‍കാന്‍ മാത്രമേ ബോണിക്ക് സാധിക്കുമായിരുന്നുള്ളൂ. ഇതിനിടയില്‍ വിദേശത്തു നടത്തിയ തലച്ചോര്‍ സംബന്ധിയായ ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്രീദേവിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നമുണ്ടായി. സഹോദരിയാകട്ടെ അയല്‍വാസിയായ യുവാവിനെ പ്രണയിച്ച് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു.
മരിക്കുന്നതിനു മുന്‍പ് എല്ലാ വസ്തുക്കളും അമ്മ ശ്രീദേവിയുടെ പേരില്‍ എഴുതിവച്ചു. സ്വബോധത്തോടെയല്ല അമ്മയിതു ചെയ്തതെന്നു കാണിച്ച് സഹോദരി ശ്രീലത നിയമ നടപടിക്കും പോയി. ലക്ഷക്കണക്കിന് ആരാധകരുള്ള ആ സ്ത്രീയ്ക്ക് അന്ന് താങ്ങും തണലുമായി നിന്നത് ബോണി മാത്രമായിരുന്നു. ഇതിനിടയില്‍ കുടുംബം നശിപ്പിച്ചവളെന്നു വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ ഒരു ഹോട്ടലില്‍ വച്ച് ആക്രമിക്കുകയും ചെയ്തു.
അവരുടെ വയറില്‍ ചവിട്ടി. ബോണിയുടെ ആദ്യഭാര്യ മോനയോട് ശ്രീദേവി ചെയ്തതിന് പ്രതികാരമെന്ന രീതിയിലായിരുന്നു അവരുടെ പ്രവര്‍ത്തി. അതിസുന്ദരമായ മുഖമുള്ള ശ്രീദേവിലോകത്തെ ഏറ്റവും ദുഃഖിതയായ സ്ത്രീയായാണ് അന്ന് ജീവിച്ചത്. വ്യക്തി ജീവിതത്തില്‍ വിധി നടത്തിയ ഈ ക്രൂരമായ കളികള്‍, സിനിമയിലെ ഈ സൂപ്പര്‍ സ്റ്റാറിന്റെ തീര്‍ത്തും കട്ടിയില്ലാത്ത മനസ്സില്‍ വലിയ പോറലുകളുണ്ടാക്കി.
ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവിയ്ക്ക് സാധാരണ കുട്ടികള്‍ക്കു ലഭിക്കേണ്ടൊരു രസകരമായ ജീവിതമൊന്നുമുണ്ടായിരുന്നില്ല. പുറമേ എല്ലാവര്‍ക്കും സുന്ദരമെന്നു തോന്നുന്ന ആ ശ്രീദേവി പക്ഷേ മനസ്സില്‍ പലവിധ ചിന്തകളാല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. അങ്ങനെയാണ് അവര്‍ കൂടുതല്‍ ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായതും. മിക്കവരുടെയും മനസ്സില്‍ അവര്‍ അതിസുന്ദരിയായ സ്ത്രീയായിരുന്നു,
പക്ഷേ താന്‍ സുന്ദരിയാണെന്ന് അവര്‍ ചിന്തിച്ചിരിക്കുമോ. അവരും ചിന്തിച്ചിരുന്നു. പക്ഷേ എല്ലാ അഭിനേത്രികളേയും പോലെ പ്രായം അവര്‍ക്കും ഒരു ദുഃസ്വപ്നം തന്നെയായിരുന്നു. വര്‍ഷങ്ങളായി കൃത്യമായ ഇടവേളകളില്‍ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. അതിന്റെ ഫലം കാണാനുമുണ്ടായിരുന്നു. പക്ഷേ അതേപ്പറ്റി ആരെങ്കിലും ചോദിക്കുമോ അല്ലെങ്കില്‍ തന്നിലെന്താണ് നടക്കുന്നതെന്ന് ആരെങ്കിലും മനസ്സിലാക്കുമോയെന്നു ഭയന്ന് മനസ്സുകൊണ്ട് ഒരു ആവരണം എപ്പോഴുമവര്‍ തീര്‍ത്തിരുന്നു.
അത് അവരുടെ തെറ്റല്ല. കുഞ്ഞിലേ മുതല്‍ക്കേ അനുഭവിച്ച താരപദവി അവരെ അങ്ങനെയാണു സൃഷ്ടിച്ചത്. ഒരിക്കലും അവര്‍ക്ക് ഒരു സ്വാതന്ത്ര്യമോ അല്ലെങ്കില്‍ സ്വയംപര്യാപ്തതയോ അത് നല്‍കിയിരുന്നുമില്ല. അച്ഛന്റെ അമ്മയുടെ സഹോദരങ്ങളുടെ, ഭര്‍ത്താവിന്റെ ഒരു പരിധി വരെ മക്കളുടെ ലക്ഷ്യങ്ങളായിരുന്നു അവരെ നയിച്ചിരുന്നത്. എല്ലാ താര മാതാപിതാക്കളേയും പോലെ മക്കളെ കുറിച്ച് ശ്രീദേവിയ്ക്കും ഉത്കണ്ഠയുണ്ടായിരുന്നു. നിഷ്‌കളങ്കയായ വ്യക്തിയായിരുന്നു ശ്രീദേവി. പക്ഷേ അതേസമയം ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങള്‍ അവരെ എപ്പോഴും ആശങ്കയുള്ളവളുമാക്കി തീര്‍ത്തും. ഒരു വ്യക്തിയില്‍ ഈ രണ്ടു വിശേഷണങ്ങളും കൂടി ഒത്തുപോകില്ലല്ലോ.
അവരുടെ മരണത്തെ കുറിച്ചുള്ള സംശയങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. മരിച്ചവര്‍ക്ക് ഞാന്‍ സാധാരണയായി നിത്യശാന്തി നേരാറില്ല.പക്ഷേ ഒന്നുമാത്രം എനിക്കറിയാം, മുന്‍പൊരിക്കലുമല്ലാത്ത വിധം അവര്‍ സമാധാനപൂര്‍ണമായി കിടക്കുന്നത് ഇപ്പോള്‍ മാത്രമാണെന്ന് ശക്തമായി ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ജീവിതത്തിലാദ്യമായി അവര്‍ സമാനാധാനവും ശാന്തിയും അനുഭവിക്കുന്നത് ഇപ്പോഴാണെന്ന് ഞാന്‍ വിശ്വസിക്കുന്നത്.
അതിനു മുന്‍പ് അങ്ങനെയൊരു കാര്യം ഞാന്‍ അവരില്‍ കണ്ടത് കാമറയ്ക്കു മുന്‍പില്‍ കഥാപാത്രമായി നില്‍ക്കുമ്പോള്‍ മാത്രമാണ്. ജീവിതത്തിന്റെ കയ്പേറിയ യാഥാര്‍ഥ്യങ്ങളോടു വിടപറഞ്ഞ്, തന്റേതായ ഫാന്റസി ലോകത്തേയ്ക്കു വന്ന് കഥാപാത്രമായി മാറുന്ന, ആക്ഷനും കട്ടിനും ഇടയിലുള്ള ആ നേരത്ത് മാത്രമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഞാന്‍ നിത്യശാന്തി നേരുന്നത്.
നിങ്ങളോട് ഇങ്ങനെയൊക്കെ ചെയ്ത ലോകത്തിന് ഇനി ശാന്തത ലഭിക്കില്ല, ഞങ്ങള്‍ ആരാധകരും നിങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നവരും എല്ലാത്തരത്തിലും നിങ്ങള്‍ക്ക് കഠിനമായ അനുഭവങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു സന്തോഷം മാത്രമേ നല്‍കിയിട്ടുള്ളൂ. എന്തെങ്കിലും നിങ്ങള്‍ക്കു വേണ്ടി ചെയ്യുവാന്‍ ഏറെ വൈകിയ വേളയാണിതെന്ന് എനിക്കറിയാം. യഥാര്‍ഥ സമാധാനവും സന്തോഷവും തിളങ്ങുന്ന കണ്ണുകളുമായി സ്വര്‍ഗത്തിന്റെ ആകാശത്ത് നിങ്ങള്‍ പാറി നടക്കുന്നത് എനിക്കു കാണാനാകും.
പുനര്‍ജന്‍മത്തിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ ശരിക്കും അക്കാര്യത്തില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ആരാധകര്‍ക്ക് അടുത്ത ജന്മത്തിലും നിങ്ങളെ കാണണം. ഞങ്ങളതിന് അര്‍ഹരാണ്. അത്രമാത്രം സത്യസന്ധമായി ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. എനിക്കിങ്ങനെ എഴുതിക്കൊണ്ടിരിക്കാനാകും. പക്ഷേ കണ്ണുനിറഞ്ഞൊഴുകുകയാണ്…
It’s not my intention to hurt or offend anyone but I truly believe her fans deserve to know the ‘Behind the scenes truth of the late Super Star’ ..This is My Love Letter To SRIDEVI’s Fans https://t.co/dUBs6L6lV9
— Ram Gopal Varma (@RGVzoomin) February 27, 2018