ഒരു കോടി രൂപ വക്കീല്‍ ഫീസിനു പുറമേ! കേജരിവാളിനു വേണ്ടി ജഠ്മലാനി ഓരോ തവണ കോടതിയില്‍ ഹാജരാകുമ്പോഴും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം 22 ലക്ഷം രൂപ വീതം

ramന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് വാദിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഓരോ തവണയും അഭിഭാഷകന്‍ രാം ജഠ്മലാനിയ്ക്കു നല്‍കുന്നത് 22 ലക്ഷം രൂപവീതം. ഒരു കോടി രൂപ വക്കീല്‍ ഫീസിനു പുറമേയാണിത്. 93കാരനായ ജഠ്മലാനി ഇതുവരെ ഈയിനത്തില്‍ 3.42 കോടി രൂപ കൈപ്പറ്റിയിട്ടിട്ടുണ്ട്. 11 തവണയാണ് ജഠ്മലാനി ഡല്‍ഹി ഹൈക്കോടതിയില്‍ കെജ് രി വാളിനു വേണ്ടി ഹാജരായത്. കേസ് എവിടെയും എത്തിയിട്ടില്ലാത്തതിനാല്‍ ഇനിയും കോടികള്‍ ജഠ്മലാനിയുടെ പോക്കറ്റിലേക്കൊഴുകും എന്നുറപ്പാണ്.

ഈ കോടികള്‍ ഡല്‍ഹിയിലെ നികുതിദായകരുടെ പോക്കറ്റില്‍ നിന്നാണ് പോകുന്നത്. അതായത് സര്‍ക്കാരാണ് കെജ് രിവാളിന്റെ വക്കീല്‍ ഫീസ് അടയ്ക്കുന്നതെന്നു ചുരുക്കം. ജഠ്മലാനിയുടെ ഓഫീസില്‍നിന്ന് വന്ന ബില്ലിന് തുകയനുവദിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ഡിസംബര്‍ ആറിന് നിര്‍ദ്ദേശം നല്‍കി. 2015ല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ നടത്തിയ റെയ്ഡിനെച്ചൊല്ലി കെജരീവാള്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാധാരമായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കെജരീവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വന്ന കേസായതിനാല്‍, ഈ തുകയടക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നാണ് സിസോദിയ പറയുന്നത്.

ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിലേക്ക് അയയ്ക്കണമെന്നു കാണിച്ച്് സര്‍ക്കാര്‍ അയച്ച ഫയല്‍ നിയമമന്ത്രാലയം മടക്കിയെങ്കിലും അതിന്റെ ആവശ്യമില്ലെന്ന്ു സിസോദിയ വ്യക്തമാക്കുകയായിരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഒരു ദിവസത്തിനകം തുക പാസ്സാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫയല്‍ കൈമാറുകയും ചെയ്തു. കെജ് രിവാളും ഫയല്‍ ഒപ്പുവെച്ചതോടെ തുക പാസാവുകയും ചെയ്തു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

താനുള്‍പ്പെടെയുള്ള ആപ്പ് നേതാക്കള്‍ക്കെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ് രി വാള്‍ ഹൈക്കോടതിയെ സമീപിച്ചത്.  എന്നാല്‍ കോടതി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ മതിയായ കാരണമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ ജെയ്റ്റ്‌ലിക്കെതിരെ ഉന്നയിച്ച ആരോപണമാണ് കേസിന്റെ ആധാരം. കെജ് രിവാളിന് പുറമെ എ.എ.പി നേതാക്കളായ രാഘവ് ചന്ദ, കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, ദീപക് ബാജ്‌പേയ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ കഴിഞ്ഞ എപ്രില്‍ 7ന് അരവിന്ദ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Related posts