തൃശൂർ: നാളെ തൃശൂരിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്നു ഫോണിൽ ഭീഷണി മുഴക്കിയ ക്ഷേത്രം പൂജാരിയെ തൃശൂരിൽ അറസ്റ്റു ചെയ്തു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് പോലീസ് കണ്ട്രോൾ റൂമിലേക്ക് രാഷ്ട്രപതിയെ വധിക്കുമെന്ന ഭീഷണി കോൾ വന്നത്.
കോൾ വന്ന ഉടൻ വിളിച്ച നന്പർ പോലീസ് കണ്ടെത്തുകയും കുന്നംകുളം എസിപിയുടെ നേതൃത്വത്തിൽ ഫോണ്‍ വിളിച്ചയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചിറയ്ക്കൽ ക്ഷേത്രം പൂജാരി ജയരാമനാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ മദ്യലഹരിയിൽ ചെയ്തതാണെന്നാണ് പറയുന്നതെങ്കിലും പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
രാഷ്ട്രപതി തൃശൂർ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തുന്പോൾ ബോംബ് വച്ച് തകർക്കുമെന്നാണ് ഇയാൾ കണ്ട്രോൾ റൂമിലേക്കു വിളിച്ചു പറഞ്ഞത്. സെന്റ് തോമസ് കോളജിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിലുള്ള എതിർപ്പാണ് ഇത്തരത്തിൽ ഫോണ്‍ വിളിക്കാൻ കാരണമെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോടു പറഞ്ഞു.
ഫോണ്‍ വന്നയുടൻ പോലീസും സ്പെഷൽ ബ്രാഞ്ചും ഫോണ്‍വിളിയുടെ ഉറവിടത്തിനായി വ്യാപക അന്വേഷണം നടത്തി പുലർച്ചെ മൂന്നോടെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ തുടരുകയാണ്. ആശങ്കയ്ക്ക് വകയില്ലെന്നും, എങ്കിലും രാഷ്ട്രപതിയുടെ സുരക്ഷയും തൃശൂരിലേയും ഗുരുവായൂരിലേയും സുരക്ഷാസന്നാഹങ്ങളും വർധിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.ജയരാമന്റെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.