തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സന്ദര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ചില ആകര്‍ഷക ഘടകങ്ങളുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാന സര്‍ക്കാർ തിരുവനന്തപുരം നഗരസഭ ടാഗോര്‍ തിയറ്ററില്‍ ഒരുക്കിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം നല്കിയ വിപുലമായ സ്വീകരണം മനസില്‍ തൊട്ടു. സ്വന്തം വീട്ടിലെത്തിയ അനുഭവമാണു കേരളത്തിലെത്തുമ്പോഴുള്ളത്. ഇതു രണ്ടാം തവണയാണു കേരളത്തില്‍ വരുന്നത്. രാഷ്ട്രപതിയായ ശേഷം ജന്മനാട്ടില് എത്ര തവണ പോയിട്ടുണ്ടെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഒരു തവണയെന്നു മറുപടി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹം നിറഞ്ഞ ക്ഷണം സ്വീകരിച്ചാണു രണ്ടാമതും എത്തിയത്
ചരിത്രപരമായി കേരളം ഒരു ആത്മീയ കേന്ദ്രമാണ്. ആത്മീയ നേതാക്കളും സാമൂഹ്യ പരിഷ്കര്‍ത്താക്കളുമായ ആദി ശങ്കരന് മുതല്‍ ശ്രീനാരായണ ഗുരുവിലൂടെയും അയ്യന്‍കാളിയിലൂടെയും പിന്നീട് മറ്റു പലരിലൂടെയും ഈ പാരമ്പര്യം തുടര്‍ന്നു. വിവിധ മതസ്ഥര്‍ നൂറ്റാണ്ടുകളായി ഇവിടെ ഐക്യത്തോടെ കഴിഞ്ഞുവരുന്നു. ഇതു തുടരേണ്ടതുണ്ട്. കേരളത്തിന്റെ പാരമ്പര്യം മനുഷ്യത്വവും ജനാധിപത്യവും ജനങ്ങളെ മുന്നില്‍ കണ്ടുള്ളതുമാണ്.
തങ്ങളുടെ കഴിയും അറിവും രാജ്യനിര്‍മാണത്തിനായി നല്‍കാനുള്ള സന്നദ്ധതയാണ് മലയാളികളെ വേറിട്ടു നിര്‍ത്തുന്നതെന്നു രാഷ്ട്രപതി പറഞ്ഞു. കാണ്‍പൂരിലെ തന്റെ ഭവനത്തിന്റെ ഒരു ഭാഗം വാടകയ്ക്ക് ഉപയോഗിക്കുന്നത് ജോര്‍ജ് എന്ന നല്ലൊരു മലയാളിയാണ്. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലെ ഒരു വാടകക്കാരനാണു ജോര്‍ജെന്നും രാഷ്ട്രപതി അറിയിച്ചു.
കേരളത്തിന്റെ ഫുട്ബാള്‍ ഭ്രമത്തെയും രാഷ്ട്രപതി പരാമര്‍ശിച്ചു. സ്പോര്‍ട്ടിംഗ് സ്പിരിറ്റ് കേരളത്തിന്റെ സവിശേഷതയാണ്. അതു തുടരണമെന്നു രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി. എസ്. ശിവകുമാര്‍ എംഎല്‍എ, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ. എം. ഏബ്രഹാം എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.