ഉത്തർപ്രദേശിലെ രാം നരേഷ് ഭുർത്തിയയുടെ കുടുംബം രാഷ്ട്രീയക്കാരുടെ ഇഷ്ടകേന്ദ്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഈ വീട്ടിലെത്താതെ ഒരു സ്ഥാനാർഥിയും പ്രചാരണം പൂർത്തിയാക്കാറുമില്ല. ഈ കുടുംബത്തിലെ വോട്ടർമാരുടെ എണ്ണമാണ് ഇവിടം രാഷ്ട്രീയക്കാരുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.
82 അംഗ കുടുംബത്തിൽ 66 പേർക്കാണ് വോട്ടവകാശമുള്ളത്. ബഹ്റായിച്ചയിലുള്ള ഈ കുടുംബത്തിന്റെ തലവൻ 98-കാരനായ രാം നരേഷാണ്. കൃഷിയാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം. രണ്ടു പേർ മുംബൈയിൽ ജോലി ചെയ്യുന്നു എന്നതൊഴിച്ചാൽ മറ്റുള്ള അംഗങ്ങളെല്ലാം നാട്ടിലുണ്ട്. സാന്പത്തികമായി ഭേദപ്പെട്ട നിലയിലാണ് കുടുംബം.
തന്റെ വീട്ടിൽ ഒരു അടുക്കള മാത്രമേ ഉള്ളുവെന്ന് രാം നരേഷ് അഭിമാനത്തോടെ പറയുന്നു. 20 കിലോഗ്രാം പച്ചക്കറിയാണ് കുടുംബത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായി വരുന്നത്. 15 കിലോഗ്രാം അരി, 10 കിലോഗ്രാം ഗോതന്പ് എന്നിവയും ആവശ്യമായി വരുന്നു. കുടുംബത്തിലെ സ്ത്രീകളെല്ലാവരും ഒന്നു ചേർന്നാണ് പാചകം.
മണ്ഭിത്തികളിലാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനു മുകളിലൂടെ കടന്നു പോകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈനാണ് വീട് പുനർനിർമിക്കുന്നതിനു തടസമാകുന്നത്. എല്ലാ തവണയും വീട്ടിലെത്തുന്ന സ്ഥാനാർഥികളോട് ഇത് സംബന്ധിച്ചു പരാതി പറയാറുണ്ടെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് രാം നരേഷ് പറയുന്നു.
എല്ലാ വർഷവും ഉച്ചഭക്ഷണത്തിനുശേഷമാണ് കുടുംബം വോട്ട് ചെയ്യാനായി പോകുന്നത്. ഈ സമയത്ത് തിരക്ക് കുറവായിരിക്കുമെന്ന് രാം നരേഷ് പറയുന്നു.