തനിക്കു നീതി ലഭിച്ചെന്ന് ഗുര്‍മീത് റാം റഹീമിനെതിരെ പരാതി നല്‍കിയ യുവതി. പലതവണ ഭീഷണിപ്പെടുത്തിയിട്ടും താന്‍ അയാളെ ഭയന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ‘2009ല്‍ ഞാന്‍ സാക്ഷി പറയുമ്പോള്‍ കോടതി മുറിയില്‍ അവനുണ്ടായിരുന്നു. അന്നും ഇന്നും ഞാന്‍ അവനെ ഭയന്നിട്ടില്ല’. അവര്‍ പറയുന്നു.
ഇന്ന് നാല്‍പതുവയസുളള യുവതി കോളജില്‍ പഠിക്കുന്ന സമയത്താണ് റാം റഹീമിന്റെ പീഡനത്തിന് ഇരയായത്. സിര്‍സ ഹെഡ്ക്വാട്ടേഴ്സിനുള്ളിലെ കോളജിലായിരുന്നു ഇവര്‍ പഠിച്ചത്. യുവതിയുടെ കുടുംബം റാം റഹീമിന്റെ കടുത്ത ആരാധകരായതിനാല്‍ തുടക്കത്തില്‍ അവര്‍ യുവതി പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നീടാണ് ഇവര്‍ പരാതിയുമായി രംഗത്തുവന്നത്. ഗുര്‍മീതിനെതിരെ പ്രതിഷേധിച്ച യുവതിയുടെ സഹോദരനെ അദ്ദേഹം കൊന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
‘2002ലാണ് റാം റഹീമിനുവേണ്ടി അവനെ കൊന്നത്. റാം റഹീമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായ ഊമക്കത്ത് യുവതിയുടെ സഹോദരനാണ് അയച്ചതെന്നാണ് അയാള്‍ കരുതിയത്’. യുവതിയുടെ ബന്ധുവിനെ ഉദ്ധരിച്ച് ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. 2002 മുതല്‍ യുവതിയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ആഗസ്റ്റ് 24 മുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴാണ് കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടായതും ഇരയ്ക്ക് നീതി ലഭിച്ചതും.