കല്‍പ്പറ്റ: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ദേരാ സച്ച നേതാവ് ഗുര്‍മീത് റാം റഹിമിന് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി രമണീയതയാണ് ആള്‍ദൈവത്തെ ഇവിടേക്ക് ആകര്‍ഷിച്ചത്. വയനാട്ടില്‍ 40 ഏക്കര്‍ വസ്തുവും വാങ്ങിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. കേരളത്തില്‍ അനുയായികളുമായി കറങ്ങിനടന്ന വേളയില്‍ അദ്ദേഹം വയനാട് വൈത്തിരിയിലും എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായ വൈത്തിരി റിസോര്‍ട്ടിലായിരുന്നു അന്ന് റാം റഹിം താമസിച്ചത്. ഇവിടുത്തെ അന്തരീക്ഷം ഇഷ്ടപ്പെട്ടതിനാല്‍ താമസിച്ച റിസോര്‍ട്ടിന് വില പറഞ്ഞ ശേഷമാണ് റാം റഹിം മടങ്ങിയത്.
റിസോര്‍ട്ടിന് അന്ന് റാം റഹിം ഇട്ടത് മോഹവിലയായിരുന്നു. ‘ഈ റിസോര്‍ട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതല്‍ വില തരാം.’ എന്നും പറഞ്ഞതായി വൈത്തിരി വില്ലേജ് എംഡിയായിരുന്ന എന്‍ കെ മുഹമ്മദ് പറയുന്നു. ഉത്തരേന്ത്യയിലെ ഒരു സ്വാമിക്കു വേണ്ടിയാണ് മുറി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, ഇവിടെ എത്തിയവരെ കണ്ട് തങ്ങള്‍ അമ്പരന്നു പോയെന്നാണ് റിസോര്‍ട്ട് ഉടമ പറയുന്നത്. താടിയുണ്ടെന്നേയുള്ളൂ മോഡല്‍ ലുക്കുള്ള സ്വാമി, സ്ത്രീകളായിരുന്നു കൂടുതലും ഒപ്പം. െ്രെഡവര്‍ പോലെ ചുരുക്കം പുരുഷന്മാര്‍. കരിമ്പൂച്ചകളും പൊലീസുമൊക്കെയായി ഹോട്ടലിലെ മറ്റ് അതിഥികള്‍ക്കു ബുദ്ധിമുട്ടായി. പണമെല്ലാം പെട്ടിയിലായിരുന്നു. ഹോട്ടല്‍ ബില്ല് ചെക്കായി മതിയെന്നു പറഞ്ഞപ്പോള്‍ തങ്ങളുടെ ഡീലെല്ലാം കാഷ് വഴിയാണെന്നു പറഞ്ഞതായും റിസോര്‍ട്ട് ഉടമ ഓര്‍ക്കുന്നു.
സദാസമയവും പണം അടുക്കിവെച്ച പെട്ടി കൈയിലേന്തി ആള്‍ക്കാര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വയനാട് സന്ദര്‍ശനം വേളയില്‍ കരിമ്പൂച്ചകള്‍ക്ക് നടുവിലായിരുന്നും ഗുര്‍മീതിന്റെ താമസം. ഹോട്ടലില്‍ വെച്ച് സത്സംഗം നടത്തുകയും ചെയ്തു. ഒരു സ്വാമി വന്നിട്ടുണ്ടെന്നു പറഞ്ഞതു കേട്ട് അവിടെ പോയ കാഴ്ച്ച കള്‍ കണ്ട് ഞെട്ടിയെന്നാണ് അന്നത്തെ ഫോട്ടോഗ്രാഫര്‍മാരും പറയുന്നത്. ഹാള്‍ നിറയെ തോക്കുധാരികളായ കരിമ്പൂച്ചകള്‍. അവര്‍ക്കു നടുവില്‍ ഇരുന്നാണ് ആത്മീയ പ്രസംഗം. താന്‍ ഇവിടെ ആശ്രമം തുടങ്ങുന്നുണ്ടെന്നും എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം, ചികില്‍സ, വെള്ളം എന്നിവ നല്‍കുമെന്നും പ്രസംഗത്തില്‍ സ്വാമി പറഞ്ഞിരുന്നു. താന്‍ ഒരുപാട് ആത്മീയ ശക്തിയുള്ളയാളാണെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഇത്രയും ശക്തിയുള്ള സ്വാമിക്കെന്തിനാണു പാറാവെന്ന ചോദ്യത്തിനു മുന്നില്‍ ആദ്യം അസ്വസ്ഥനായ കാര്യവും ഫോട്ടോഗ്രാഫര്‍മാരും മാധ്യമപ്രവര്‍ത്തകരും ഓര്‍ക്കുന്നു. കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് 280കോടിയോളം രൂപയുടെ നിക്ഷേപം ആള്‍ദൈവം ഗുര്‍മീതിനുണ്ടെന്നാണ് പറയപ്പെടുന്നത്.
ഡല്‍ഹിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ സ്വാമിയുടെ പ്രമുഖ അനുയായിയാണ് ഇവിടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനു ചുക്കാന്‍ പിടിക്കുന്നത്. വയനാട്, വാഗമണ്‍, മൂന്നാര്‍, കുമരകം എന്നീ ടൂറിസം കേന്ദ്രങ്ങളിലും തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലുമാണു പണമിറക്കിയത്. കൂടുതല്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനായി ഡിസംബറില്‍ കേരളത്തിലെത്താനിരിക്കെയാണു ജയിലിലായത്. വാഗമണ്ണില്‍ വിദേശ കലാകാരന്മാരെ അണിനിരത്തി ആധ്യാത്മിക സംഗീത ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നെന്ന് ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേരാ സച്ചാ സൗദയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ മലയാള സിനിമയിലെ ജനപ്രിയ നടന് അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതോടെ നടന്‍ ഒഴിഞ്ഞുമാറിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ഗെയിംസ് വേദിയില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോടൊപ്പം മുഖ്യാതിഥിയായി വേദി പങ്കിടാനും കഴിഞ്ഞു. ദേശീയ ഗെയിംസ് സംഘാടകരില്‍ ചിലര്‍ ഇയാളില്‍നിന്നു വന്‍ തുക കൈപ്പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങള്‍ക്കു വിചാരണ നേരിടുന്നയാളായിട്ടും കേരള സന്ദര്‍ശനത്തിനിടെ വലിയ സുരക്ഷാവലയം ഒരുക്കാന്‍ ഇടപെട്ട ഉന്നത രാഷ്ട്രീയ നേതാവിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
രണ്ടു ദിവസത്തെ രഹസ്യ സന്ദര്‍ശനം ഉള്‍പ്പെടെ മൂന്നു തവണ കേരളം സന്ദര്‍ശിച്ച ഗുര്‍മീത് 2012ലാണു വയനാട്ടിലെത്തിയത്. ജൂണ്‍ ഒമ്പത് മുതല്‍ 18 വരെ വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിലായിരുന്നു താമസം. എല്ലാ മുറികളും തനിക്കും അനുയായികള്‍ക്കുമായി റിസര്‍വ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുന്‍കൂര്‍ ബുക്ക് ചെയ്ത ചിലര്‍ക്കു മുറികള്‍ വിട്ടുകൊടുക്കാന്‍ റിസോര്‍ട്ട് ഉടമകള്‍ നിര്‍ബന്ധിതരായി. ഇതില്‍ അനിഷ്ടം പ്രകടിപ്പിച്ച ഇയാള്‍ 10 ദിവസത്തെ താമസത്തിനുശേഷം വൈത്തിരിയിലെ മറ്റൊരു റിസോര്‍ട്ടിലേക്കു മാറി. 28 വരെ അവിടെ തങ്ങി. പിറ്റേവര്‍ഷം ജൂണ്‍ 13നു വീണ്ടും വയനാട്ടിലെത്തി 21 വരെ വൈത്തിരിയിലെ ആഡംബര റിസോര്‍ട്ടില്‍ തങ്ങി. അതിനിടെ വൈത്തിരിയില്‍ 42 ഏക്കര്‍ ഭൂമി ഉടമ ചോദിച്ച വിലയ്ക്കു സ്വന്തമാക്കി. സ്വാമിയുടെ ഹരിയാനയിലെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.