നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ലേ സെക്രട്ടറിയെ മര്‍ദിച്ചതായി പരാതി. സര്‍ട്ടിഫിക്കറ്റ് ഒപ്പുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പരിക്കേറ്റ ലേ സെക്രട്ടറി രാമഭദ്രന് ഇതേ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടറുടെ കൃത്യമായ വിവരങ്ങളില്ലാതെ സര്‍ട്ടിഫിക്കറ്റില്‍ സീല്‍ ചെയ്യാന്‍ ലേ സെക്രട്ടറി തയാറായില്ല. ഇതേ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. സര്‍ട്ടിഫിക്കറ്റ് എഴുതി നല്കിയ ഡോക്ടറുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ സീല്‍ പതിച്ചു നല്‍കാനാവില്ലെന്ന് ലേ സെക്രട്ടറി രോഗിയോട് പറഞ്ഞു.
ഉടന്‍ തന്നെ സൂപ്രണ്ട് ഡോ.നജീബ് തന്റെ ക്യാബിനിലെത്തി രോഗികളുടേയും ജീവനക്കാരുടേയും മുന്നില്‍ വച്ച് തന്നെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് രാമഭദ്രന് പറയുന്നു. സംഭവത്തിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ രാമഭദ്രനെ ഇതേ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇതേ തുടര്‍ന്ന് ഏറെ സമയം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. എന്നാല്‍ ലെ സെക്രട്ടറിയെ താന്‍ കൈയേറ്റം ചെയ്തിട്ടില്ലെന്നും ആരോപങ്ങള്‍ അടിസ്ഥാന രഹിതമാണന്നും സൂപ്രണ്ട് ഡോ.നജീബ് പറയുന്നു. സംഭവത്തില്‍ രാമഭദ്രന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുമങ്ങാട് സിഐ രാജേഷ് അറിയിച്ചു.
തലച്ചോറ് സംബന്ധമായ ചികിത്സയിലായിരുന്ന ലേസെക്രട്ടറി രാമഭദ്രൻ രണ്ടാഴ്ച്ച മുൻപാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ലേ സെക്രട്ടറിയെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കെജിഒഎയുടെ നേതൃത്വത്തിൽ ആശുപത്രി വളപ്പില്‍ പ്രതിഷേധ പ്രകടനവും നടന്നു.