തിരുവനന്തപുരം: അഞ്ചൽ ഏരൂരിൽ കോണ്ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ ഏഴു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും അഞ്ചു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 56 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്. രാജീവ് ആണു ശിക്ഷ വിധിച്ചത്.
അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമൽ, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാൻ, ഒന്പതാം പ്രതി രതീഷ്, പത്താം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവർക്കാണ് ഇരട്ടജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഗിരീഷ് കുമാർ, മൂന്നാം പ്രതി അഫ്സൽ, നാലാം പ്രതി നജുമൽ ഹുസൈൻ, 12-ാം പ്രതി സാലി എന്ന കൊച്ചുണ്ണി, 13-ാം പ്രതി റിയാസ് എന്ന മുനീർ എന്നിവർക്കു ജീവപര്യന്തവും വിധിച്ചു.
16, 17 പ്രതികളായ സുമൻ, സിപിഎം ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കർ എന്നിവർക്ക് മൂന്നു വർഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.
പ്രതികൾക്ക് എല്ലാവർക്കും കൂടി 56 ലക്ഷം രൂപ പിഴയാണ് വിധിച്ചത്. പ്രതികൾക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രാഷ്ട്രീയ കൊലപാതക കേസുകൾക്കു മാതൃകപരമായ ശിക്ഷ നൽകിയാലേ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കഴിയൂ എന്നും പ്രോസിക്യൂട്ടർ വാദിച്ചിരുന്നു.