തൃശൂർ: ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള വഴിതെളിയുന്നു. ആനയുടെ ആരോഗ്യനില തൃപ്തികരമെങ്കിൽ പൂരം വിളംബര ചടങ്ങിൽ ഈ ഗജവീരനെ പങ്കെടുപ്പിക്കുമെന്നു തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിശോധിക്കും. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനം.
പൂരം വിളംബരത്തിനായി തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിനെത്തുന്ന പൂരപ്രേമികളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പൂരം നിരീക്ഷണ സമിതി തീരുമാനിച്ചു. കളക്ടറുടെ തീരുമാനം വന്നതോടെ തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിൽനിന്ന് ആന ഉടമകൾ പിന്മാറി.
രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അധികൃതരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും, സർക്കാർ പറയുന്ന ഏതു നിർദേശത്തോടും സഹകരിക്കുമെന്നും ആവശ്യമെങ്കിൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ആന ഉടമകൾ പറഞ്ഞു. ചടങ്ങിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കിൽ പരിപൂർണ ഉത്തരവാദിത്വം ഉടമ എന്ന നിലയ്ക്ക് തെച്ചിക്കോട്ടുകാവ് ദേവസ്വം ഏറ്റെടുക്കും. സർക്കാർ നിർദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാനും ധാരണയായി.
നേരത്തേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂര വിളംബരത്തിനു മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമയ്ക്കു നിയമോപദേശം നൽകിയിരുന്നു. തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ പങ്കെടുപ്പിക്കുന്ന കാര്യം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരാണ് തീരുമാനിക്കേണ്ടതെന്നും ഈ ആവശ്യം കോടതിക്ക് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നവർ ഉത്തരവാദിത്വം ഏൽക്കണമെന്ന് നിയമോപദേശം
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബര ചടങ്ങിൽ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ മുഴുവൻ ഉത്തരവാദിത്വവും തങ്ങൾക്കാണെന്ന് വ്യക്തമാക്കുന്ന നിയമപരമായ ഉറപ്പ് ആന ഉടമസ്ഥരിൽ നിന്ന് എഴുതി വാങ്ങണമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ തൃശൂർ ജില്ലാ കളക്ടർക്ക് നിയമോപദേശം നൽകി.
പൂരവിളംബര ചടങ്ങിൽ ആനയെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആനയുടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വം കമ്മിറ്റി നൽകിയ നിവേദനം കണക്കിലെടുത്ത് തൃശൂർ കളക്ടർ ഈ വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു. ഈ വിഷയത്തിൽ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളാണ് തീരുമാനം എടുക്കേണ്ടതെന്ന് ഹൈക്കോടതി വിധിയും ഇന്നലെ വന്നു. ഈ രണ്ടു സാഹചര്യങ്ങളും കണക്കിലെടുത്താണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തന്പാൻ നിയമോപദേശം നൽകിയത്.
നാളെയാണ് പൂരവിളംബര ചടങ്ങ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തൃശൂർ കളക്ടർ അധ്യക്ഷയായ ജില്ലാതല ഫെസ്റ്റിവൽ കമ്മിറ്റി ഇന്നു തന്നെ തീരുമാനമെടുക്കണമെന്നു നിയമോപദേശത്തിൽ പറയുന്നു.
ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടിയെടുക്കണം. ആനയ്ക്ക് മതിയായ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റും മറ്റു രേഖകളും ഉണ്ടെന്ന് ഉറപ്പാക്കണം. ആന വിരണ്ടോടിയോ മറ്റോ മനുഷ്യർക്ക് ജീവഹാനി സംഭവിച്ചാൽ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥ പ്രകാരം വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ശേഷമേ മറ്റ് ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാവൂ.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബര ചടങ്ങിൽ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. ആളുകളെ സുരക്ഷിത അകലത്തിലേക്ക് മാറ്റി നിർത്തണം. ആനയെ പ്രകോപിപ്പിക്കുന്നതടക്കമുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
ആനയെ പങ്കെടുപ്പിക്കുന്നെങ്കിൽ തൃശൂർ പൂരത്തിനു മുന്നോടിയായി 12ന് നടക്കുന്ന പൂരവിളംബര ചടങ്ങിൽ മാത്രമേ പാടുള്ളൂ. കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിനോദ സഞ്ചാര പരിപാടിയാണിതെന്ന വസ്തുതയും കണക്കിലെടുക്കുന്നു. എന്നാൽ മറ്റ് ഉത്സവങ്ങളുടെ കാര്യത്തിൽ ഇതൊരു കീഴ്വഴക്കമായി എടുക്കരുത്.