കോഴിക്കോട്: പ്രശസ്ത സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബു(77) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ തന്നെ സമീപമുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലയാള സിനിമയുടെ സാങ്കേതിക മുന്നേറ്റത്തിലെ അമരക്കാരിൽ ഒരാളായിരുന്നു രാമചന്ദ്രബാബു. നാലര പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതത്തിൽ 125ലേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കിയ “പ്രഫസർ ഡിങ്കൻ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധാനത്തിലേക്കും ചുവടുവെച്ചിരുന്നു. എന്നാൽ ദിലീപിന്റെ ജയില്‍വാസം കാരണം സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
തമിഴ്നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15നാണ് രാമചന്ദ്രബാബു ജനിച്ചത്. 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ച അദ്ദേഹം 1972-ൽ പുറത്തിറങ്ങിയ ‘വിദ്യാർഥികളേ ഇതിലേ ഇതിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്.
നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ. നിര്‍മാല്യം, ബന്ധനം, സൃഷ്ടി, സ്വപ്നാടനം, മേള, കോലങ്ങൾ, ദ്വീപ്, അമ്മെ അനുപമെ, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, രതിനിര്‍വേദം, ചാമരം, നിദ്ര, മര്‍മരം, മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, ഒരു വടക്കന്‍ വീരഗാഥ, ഗസൽ, കന്മദം എന്നിവയാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ച ചില പ്രധാന ചിത്രങ്ങൾ.
മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നീ ചിത്രങ്ങൾക്കാണ് സംസ്ഥാന പുരസ്കാരം നേടിയത്.