കോഴിക്കോട്: തമിഴ്നാട്ടില്‍നിന്നു റെയില്‍വേ ലൈന്‍ മുറിച്ചുകടത്തിയ കേസിലെ പ്രതി പിടിയില്‍. നെയ്വേലി സേതുതാം കൊപ്പം രാമചന്ദ്രന് (60) ആണ് പിടിയിലായത്.
മോഷണശേഷം കേരളത്തിലെത്തുകയും കോഴിക്കോട്് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. അതിനിടെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്.
2004 ല്‍ തമിഴ്നാട്ടിലെ തൃച്ചി ഡിവിഷനില്‍ നിന്നു റെയില്‍വേ ലൈന്‍ മുറിച്ച് മോഷണം നടത്തിയ 16 പ്രതികളെയും വില്ലുപുരം ആര്‍പിഎഫ് പിടികൂടുകയും വിചാരണ വേളയില്‍ രാമചന്ദ്രന് കോഴിക്കോട്ടേക്ക് മുങ്ങുകയുമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്ന് ക്രൈം സ്ക്വാഡ് അംഗങ്ങളെ സമീപിക്കുകയുമായിരുന്നു.
നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അഷ്റഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇയാളുടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു പോലീസിന്റെ കൈകളില്‍ ഉണ്ടായിരുന്നത്.
കോഴിക്കോട് നഗരത്തിലെ തമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് നേരിട്ടും അല്ലാതെയും പരിശോധനകള്‍ നടത്തി. എന്നാല്‍ രാമചന്ദ്രന് എന്ന പേരില്‍ ഒരാള്‍ താമസിക്കുന്നില്ലെന്നാണ് അറിയാന്‍ സാധിച്ചത്.
പിന്നീട് ഫോട്ടോയില്‍ സാമ്യമുള്ള ഒരാള്‍ ഷാദുലി എന്ന പേരില്‍ കോഴിക്കോട് സിറ്റിയില്‍ വിവിധ ജോലികള്‍ ചെയ്ത് മുസ്ലിം പള്ളിയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. ക്രൈം സ്ക്വാഡ് പള്ളികള്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു.
നഗരത്തിലെ ഒരു പള്ളിയുടെ സമീപത്ത് നിന്ന് ഇയാളെ പോലീസ് തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഇയാള്‍ തമിഴ്നാട്ടിലെ കുടുംബത്തെ പോലും ഉപേക്ഷിച്ചായിരുന്നു കോഴിക്കോട് ഒളിവില്‍ താമസിച്ചിരുന്നത്.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, എം.ഷാലു, ഹാദില്‍ കുന്നുമ്മല്‍,ഷാഫി പറമ്പത്ത്, എ.പ്രശാന്ത് കുമാര്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ വി സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.