ആനപ്രേമികളുടെയും പൂരപ്രേമികളുടെയും ആരാധനാപാത്രമായ തെച്ചിക്കൊട്ട്കാവ് രാമചന്ദ്രനെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി തൃശ്ശൂര്‍ കളക്ടര്‍ ടി.വി. അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ക്യാമ്പയിന് പൂരം. വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് കളക്ടര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ‘സേവ് രാമന്’ ക്യാമ്പയിന് നടത്തുന്നത്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാണ് ആനപ്രേമികളുടെ ആവശ്യം. എന്നാല്‍ 13 പേരുടെ മരണത്തിന് ഇടയാക്കിയ ആനയെ പൂരത്തിന് ഇറക്കുന്നതിന് വിലക്കിയ നടപടിയെ ന്യായീകരിക്കുന്ന ആളുകളുമുണ്ട്. രാമന് ഞങ്ങളുടെ വികാരമാണെന്നും, അവനില്ലാതെ ഒരു പൂരം ഞങ്ങള്‍ക്കില്ലെന്നും, വിലക്ക് നീക്കണമെന്നും മറ്റുമാണ് കമന്റുകള്‍ വരുന്നത്.
തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് സര്‍ക്കാര്‍ ഇടപെട്ട് നീക്കിയെന്ന ആന ഉടമകളുടെ വാദം കളക്ടര്‍ അംഗീകരിച്ചിട്ടില്ല. തുടര്‍ന്ന് തൃശൂര്‍ പൂരം അവലോകന യോഗത്തില്‍ ആനയുടമകള്‍ പ്രതിഷേധിച്ചിരുന്നു. വിലക്ക് നീക്കിയില്ലെങ്കില്‍ പൂരത്തില്‍ നിന്ന് മുഴുവന്‍ ആനകളെയും പിന്‍വലിക്കുമെന്ന് ആനയുടമകള്‍ അറിയിച്ചിട്ടുമുണ്ട്. ഏതായാലും കളക്ടറുടെ തീരുമാനത്തിനും അറിയിപ്പിനും വേണ്ടി കാത്തിരിക്കുകയാണ് രാമചന്ദ്രന്റെ ആരാധകര്‍.