തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫിറ്റ്നസ് പരിശോധന പൂർത്തിയായി. ശനിയാഴ്ച രാവിലെയാണു പരിശോധന ആരംഭിച്ചത്. ആനയ്ക്കു മദപ്പാടില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും പരിശോധനയിൽ വ്യക്തമായി. പാപ്പാൻമാരോട് ആന അനുസരണയുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു. ആനയുടെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടെന്നു പറയാനാവില്ലെന്നു പരിശോധിച്ച വിദഗ്ധ ഡോക്ടർമാരുടെ സംഘം അറിയിച്ചു.
ആനയുടെ ആരോഗ്യനില തൃപ്തികരമെങ്കിൽ പൂരം വിളംബര ചടങ്ങിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുമെന്നു തൃശൂർ ജില്ലാ കളക്ടർ പറഞ്ഞിരുന്നു. എന്നാൽ, സുരക്ഷയുടെ ഭാഗമായി പൂരം വിളംബരത്തിനായി തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിനെത്തുന്ന പൂരപ്രേമികളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാനും പൂരം നിരീക്ഷണ സമിതി തീരുമാനിച്ചു.
പൂരം വിളംബര ചടങ്ങിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന കളക്ടറുടെ തീരുമാനം വന്നതോടെ തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിൽനിന്ന് ആന ഉടമകൾ പിൻമാറി. രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അധികൃതരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും, സർക്കാർ പറയുന്ന ഏതു നിർദേശത്തോടും സഹകരിക്കുമെന്നും ആവശ്യമെങ്കിൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ആന ഉടമകൾ പറഞ്ഞു.
ചടങ്ങിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കിൽ പരിപൂർണ ഉത്തരവാദിത്വം ഉടമ എന്ന നിലയ്ക്ക് തെച്ചിക്കോട്ടുകാവ് ദേവസ്വം ഏറ്റെടുക്കും. സർക്കാർ നിർദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാനും ധാരണയായി.
നേരത്തേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂര വിളംബരത്തിനു മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമയ്ക്കു നിയമോപദേശം നൽകിയിരുന്നു. തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ പങ്കെടുപ്പിക്കുന്ന കാര്യം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരാണ് തീരുമാനിക്കേണ്ടതെന്നും ഈ ആവശ്യം കോടതിക്ക് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.