“പ്രധാനമന്ത്രി നരേന്ദ്ര മോദി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ’ എന്ന അടിക്കുറിപ്പോടെ കുറച്ചുനാളുകൾക്കു മുന്പ് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മോദിയോടു രൂപസാദൃശ്യമുള്ള എം.പി. രാമചന്ദ്രൻ ഇതോടെ പ്രശസ്തനാകുകയും ചെയ്തു. സോഷ്യയിൽ മീഡിയയിൽ താരമായതോടെ പുറത്തിറങ്ങാൻ കഴിയാതെവന്ന അദ്ദേഹം പിന്നീട് താടി ഷേവ് ചെയ്തു. ഇപ്പോഴിതാ ഒരു കന്നഡ ചലച്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.
നോട്ട് നിരോധനത്തിന്റെ കഥ പറയുന്ന സ്റ്റേറ്റ്മെന്റ് 8/11 എന്ന ലോ ബജറ്റ് ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. ഇന്നലെ റിലീസിംഗ് നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാർ മൂലം മാറ്റിവച്ചു. വൈകാതെതന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ നല്കുന്ന വിവരം.
കഴിഞ്ഞ ജൂലൈയിൽ ബംഗളൂരുവിനു പോകുന്നതിനായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്പോഴാണ് മോദിയോടുള്ള സാമ്യം ശ്രദ്ധയിൽപ്പെട്ട ഒരു കോളജ് വിദ്യാർഥി അറുപത്തിനാലുകാരനായ രാമചന്ദ്രന്റെ ചിത്രമെടുക്കുന്നത്. തോളത്ത് ബാഗും തൂക്കി മൊബൈലിൽ നോക്കിനിൽക്കുന്ന രാമചന്ദ്രനെ സോഷ്യൽ മീഡിയ അതിവേഗം ഏറ്റെടുത്തു.
ജൂലൈ 12ന് ബംഗളൂരു സ്റ്റേഷനിൽ ഇറങ്ങിയ അദ്ദേഹത്തെ കാത്ത് ഫോട്ടോഗ്രാഫർമാരുടെയും റിപ്പോർട്ടർമാരുടെയും വലിയൊരു സംഘം തമ്പടിച്ചിരുന്നു. പ്രശസ്തി തലവേദന ആയതോടെ ചാനലുകളിൽനിന്ന് ഒളിച്ചോടാനാണ് ഷേവ് ചെയ്തത്.
ബംഗളൂരുവിൽ ഇറങ്ങിയ ഒരു പത്രത്തിൽ രാമചന്ദ്രനെ കണ്ട നിർമാതാവ് കെ.എച്ച്. വേണുവും സംവിധായകൻ അപ്പി പ്രസാദും സെപ്റ്റംബറിൽ രാമചന്ദ്രനെ നേരിട്ടു കണ്ട് ചിത്രത്തിലേക്കു ക്ഷണിക്കുകയായിരുന്നു. കറൻസി റദ്ദാക്കലിനെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥ പൂർത്തിയായെങ്കിലും ആരെ മോദിയായി അവതരിപ്പിക്കുമെന്നുള്ള ആശങ്കയിൽ നിൽക്കുന്ന വേളയിലായിരുന്നു മോദിയോടു സാമ്യമുള്ള രാമചന്ദ്രനെ ഇരുവരും കാണുന്നത്. ഇതാണ് സിനിമയിലേക്കു പരിഗണിക്കാൻ കാരണം. 1000 രൂപ, 500 രൂപ കറൻസികൾ റദ്ദാക്കിയത് രാജ്യത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ പറയുന്നത്.
മോദിയുടെ വളർച്ച
ഗുജറാത്ത് മുഖ്യമന്ത്രിയിൽനിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്കെത്തിയ നരേന്ദ്ര മോദിയുടെ വളർച്ചയ്ക്കൊപ്പം രാമചന്ദ്രനും വളരുകയായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനു മുന്പും മോദിഛായ രാമചന്ദ്രനു ചുറ്റും ആളുകൾ കൂടാൻ കാരണമായിട്ടുണ്ട്. ഒരിക്കൽ ഋഷികേശിൽവച്ച് ഒരു കൂട്ടം തീർഥാടകർ പിടിച്ച് ഒപ്പം നിർത്തി ചിത്രമെടുത്തു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നെന്ന് രാമചന്ദ്രൻ പറയുന്നു. ശ്രീനഗറിൽവച്ച് സൈനികർ ഒപ്പം നിന്ന് സെൽഫി എടുക്കാൻ മത്സരിച്ചു.
നിനച്ചിരിക്കാതെ സിനിമയിൽ
അഭിനയവുമായി യാതൊരു ബന്ധവുമില്ലാത്ത രാമചന്ദ്രനെത്തേടി അവസരമെത്തിയത് അവിചാരിതമായി. ബംഗളൂരു, കൂർഗ് എന്നിവിടങ്ങളിലായി രണ്ടു ദിവസമാണ് രാമചന്ദ്രൻ സിനിമയുടെ ഭാഗമായത്. ഇനി സിനിമയിൽനിന്ന് ഒരു വിളി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും, ക്ഷണിച്ചാൽ ഒരു മടിയും കൂടാതെ സമ്മതമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമചന്ദ്രൻ
മുംബൈയിലെ ഒരു സ്റ്റീൽ കമ്പനിയിൽ 30 വർഷമായി സ്റ്റെനോഗ്രാഫറായി ജോലി ചെയ്ത രാമചന്ദ്രൻ പിന്നീട് സൗദി അറേബ്യയിലെ ഒരു നിർമാണക്കന്പനിയിൽ പത്തു വർഷം ജോലി ചെയ്തു. രണ്ടു മക്കളിൽ ഒരാൾ മുംബൈയിലും ഒരാൾ ബംഗളൂരുവിലും ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്റെ ഒപ്പം ബംഗളൂരുവിലാണ് രാമചന്ദ്രനും ഭാര്യയും താമസിക്കുന്നത്. റിട്ടയർമെന്റ് ജീവിതം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് അദ്ദേഹം ചെലവഴിക്കുന്നത്. യാത്ര അല്ലെങ്കിൽ വായന, ഇതാണ് താത്പര്യം.