സ്വന്തം ലേഖകൻ

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തിരിച്ചുവരവ് ആഘോഷമാക്കി ടിക് ടോക് പ്രമോഷൻ വീഡിയോകൾ സോഷ്യൽമീഡിയയിൽ ഒന്നിനു പിറകെ ഒന്നായി നിറയുന്നു.
രാമൻ തിരിച്ചുവരാമെന്ന് വാക്കു കൊടുത്തിട്ടുള്ളത് അയോധ്യക്കോ പ്രജകൾക്കോ സീതയ്ക്കോ ഭരതനോ അല്ല..അമ്മയ്ക്കാണ്..അമ്മയ്ക്ക്…വന്നിരിക്കും രാവണാ…നിന്റെ മുന്നിലേക്ക് രാമൻ… അതെ രാമൻ…രാമചന്ദ്രൻ… തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.. എന്ന കമന്ററിയോടെയും വിഷ്വൽഗ്രാഫിക്സിന്റെയും അകന്പടിയോടെയും തുടങ്ങുന്ന പ്രമോ വീഡിയോയിൽ രാമന്റെ വിജയഗാഥകൾ പറയുന്നു.
തളച്ചിട്ടു നിർത്തി തകർത്തുകളയാമെന്ന് പാഴ് സ്വപ്നം കണ്ട കൂപമണ്ഡൂപങ്ങളെ, കണ്ണു നിറച്ചു കണ്ടോളൂ ദാ വരികയാണ് രാമൻ എന്നാണ് മറ്റൊരു ഡയലോഗ്.
കൊന്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടായിരുന്ന വിലക്ക് മാറി ഉപാധികളോടെ എഴുന്നള്ളിക്കാമെന്ന് തീരുമാനം വന്നതോടെയാണ് നാടൊട്ടുക്കുമുള്ള ഫാൻസുകാർ ആവേശമുണർത്തുന്ന വീഡിയോകളുമായി കളത്തിലിറങ്ങിയിരിക്കുന്നത്.
തൃശൂർ പൂരവിളംബം നടത്തി നെയ്തലക്കാവിലമ്മയുടെ തിടന്പേറ്റിവന്ന് പൂരത്തലേന്ന് തെക്കേഗോപുരനട തുറക്കുന്ന രാമന്റെ എക്കാലത്തേയും ഹിറ്റ് ദൃശ്യങ്ങൾ എല്ലാ വീഡിയോകളിലുമുണ്ട്.
ആനപ്രേമികളും രാമന്റ ആരാധകരും മാത്രമല്ല എല്ലാവരും ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് “രാമൻ ഇഫ ക്ട്’ നിറഞ്ഞ ഈ ടിക് ടോക് വീഡിയോകൾ കാണുന്നതും ഷെയർ ചെയ്യുന്നതും.