പയ്യന്നൂര്‍: ഇതു പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അസാധാരണമായ രൂപ സാദൃശ്യമാണ് അറുപത്താറുകാരനായ രാമചന്ദ്രനെ പ്രശസ്തനാക്കിയത്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കൂടി വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുമെന്ന അറിയിപ്പ് വന്നതോടെ പ്രധാനമന്ത്രിയുടെ മുഖസാദൃശ്യമുള്ള രാമചന്ദ്രനെ തേടി നിരവധിയാളുകളെത്തി. കോമഡി ഷോകളിലേക്കു ക്ഷണിക്കാന്‍ ചാനലുകളുമെത്തി.
പിടിവലിയും സമ്മര്ദങ്ങളുമേറിയിട്ടും ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക ആഭിമുഖ്യമൊന്നുമില്ലാത്ത രാമചന്ദ്രന് ആര്‍ക്കും വഴങ്ങിയില്ല. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയോടുള്ള ബഹുമാനം തന്നെയാണ് പ്രധാന കാരണമെന്നു രാമചന്ദ്രൻ പറഞ്ഞു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സാധാരണ പാന്റ്സും ടീഷര്‍ട്ടും ധരിച്ചു ബാഗും തൂക്കി മൊബൈല്‍ ഫോൺ നോക്കി നില്ക്കുന്ന മോദിയുടെ ചിത്രം ദേശീയ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പിന്നീടാണ് അതു മോദിയല്ലെന്നും മാത്തില്‍ സ്വദേശിയായ രാമചന്ദ്രനാണെന്നും തിരിച്ചറിഞ്ഞത്.
മുപ്പതു വര്‍ഷത്തോളം മുംബൈയിലും പത്തു വര്‍ഷത്തോളം വിദേശത്തുമായി ജോലി ചെയ്തിരുന്ന രാമചന്ദ്രന് എട്ടു വര്‍ഷത്തോളമായി ഭാര്യ ഓമനയ്ക്കും മകനുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഇക്കാരണത്താല്‍ രാമചന്ദ്രന് നാട്ടുകാര്‍ക്ക് അത്ര സുപരിചിതനുമല്ലായിരുന്നു. നാട്ടില്‍ വന്ന രാമചന്ദ്രന് തിരിച്ചു ബംഗളൂരുവിലേക്കു പോകുമ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമായിരുന്നു അന്നു വൈറലായത്. പൊതുജീവിതത്തില്‍ ഇത്തരം തമാശകളൊക്കെ അനിവാര്യമാണ് എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രിതന്നെ ട്വീറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
മോദിയുടെ രൂപസാദൃശ്യം മൂലം രസകരമായ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ടെന്നു രാമചന്ദ്രന് പറഞ്ഞു. മോദി മുഖ്യമന്ത്രിയായിരുന്ന സമയത്തു ഗുജറാത്തില്‍ താമസിക്കുന്ന സഹോദരനെ കാണാന്‍ പോകുമ്പോള്‍ ആളുകള്‍ ചുറ്റും കൂടാറുണ്ടായിരുന്നു.
മോദിയെപ്പോലുള്ള ഉത്തരേന്ത്യന്‍ വസ്ത്രധാരണം കൂടിയായപ്പോള്‍ ഇത് മോദിതന്നെയെന്ന് ആളുകള്‍ ഉറപ്പിച്ചു. മോദിയുടെ യാത്രാഭ്രമമാണ് മറ്റൊരു സാമ്യമെന്നും ഇദ്ദേഹം പറയുന്നു. രാജ്യത്തെ പ്രധാനസ്ഥലങ്ങളിലെല്ലാം യാത്രചെയ്തിട്ടുണ്ട്. ഒരു തവണ അയോധ്യയില്‍ പോയപ്പോള്‍ പട്ടാളത്തിന്റെ സുരക്ഷയിലുള്ള കെട്ടിടത്തിനുള്ളിലേക്കു പ്രവേശനം കിട്ടിയത് മോദിയുടെ രൂപസാദൃശ്യംകൊണ്ട് മാത്രമാണെന്നു രാമചന്ദ്രന് പറയുന്നു.
യുപിയില്‍ തീരുമാനിച്ചിരുന്ന മോദിയുടെ പരിപാടി തലേദിവസം റദ്ദാക്കിയതറിയാതെ റെയില്‍വേ സ്റ്റേഷനില്‍ നിരവധിയാളുകളെത്തിയിരുന്നു. ഇതിനിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ തന്റെ ചുറ്റും ആളുകള്‍ കൂടിയ സംഭവവും ഇദ്ദേഹം വിവരിച്ചു. ഹോട്ടലുകളില്‍ ചെന്നാലും ബസ് സ്റ്റാൻഡിലെത്തിയാലും ആളുകള്‍ ആരാധനയോടെയാണ് നോക്കുന്നത്. ഈ വര്‍ഷം കുംഭമേളയ്ക്കു പോയപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായത്.
ബംഗളൂരുവിലെത്തിയാൽ ആളുകളുടെ സെല്‍ഫികള്‍ക്കു നിന്നുകൊടുക്കാനേ സമയമുള്ളൂ. മോദിക്ക് കിട്ടുന്ന ജനശ്രദ്ധയുടെ ഒരു പങ്ക് അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ളതിനാല്‍ തനിക്കും കിട്ടാറുണ്ടെന്നു രാമചന്ദ്രന് പറയുന്നു. എന്നാല്‍, കേരളത്തിൽ സ്ഥിതി നേരേ മറിച്ചാണെന്നും അദ്ദേഹം പറയുന്നു. ആളുകളൊക്കെ മോദി മോദി എന്നു വിളിച്ച് കളിയാക്കും. അതുകൊണ്ട് വീട്ടിലെത്തിയാല്‍ അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാറുള്ളൂ.
നോട്ട് നിരോധനം പ്രമേയമാക്കി ചിത്രീകരിച്ച് എയ്റ്റ് ഇലവന് എന്ന കന്നഡ ചിത്രത്തില്‍ പ്രധാനമന്ത്രിയായി അഭിനയിച്ചിരുന്നു. മോദിയുമായുള്ള രൂപസാദൃശ്യം തന്നെയാണ് ഇതിന് അവസരമുണ്ടാക്കിയത്. മോദിയുടെ രൂപസാദൃശ്യം കൊണ്ട് ഇതുവരെ ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണു രാമചന്ദ്രന് പറയുന്നത്. ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യവുമുള്ള നാട്ടില്‍തന്നെ താമസിക്കാനാണ് രാമചന്ദ്രന് താത്പര്യം. സോഫ്റ്റ് വെയർ എൻജിനിയര്‍മാരായ രാജീവും (ബംഗളൂരു), രാജേഷുമാണ് (മുംബൈ) മക്കള്‍.