നിയാസ് മുസ്തഫ
വിശുദ്ധ റംസാൻ മാസത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുൽ ഫിത്വർ സമാഗതമായി.ഇന്നു സൂര്യാസ്തമയത്തിനുശേഷം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ നാളെ ആയിരിക്കും ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ നാളെ റംസാൻ വ്രതം മുപ്പതു ദിവസം പൂർത്തിയാക്കി ശനിയാഴ്ച ഈദുൽഫിത്വർ ആഘോഷിക്കും.
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങളുടെ വിജയകരമായ പരിസമാപ്തി വിളംബരം ചെയ്തുകൊണ്ടാണ് ചെറിയ പെരുന്നാൾ കടന്നുവരുന്നത്. റംസാൻ മാസത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ഇനിയുള്ള മാസങ്ങളിലും കെടാതെ സൂക്ഷിക്കാൻ ഓരോ വിശ്വാസിയും പ്രതിജ്ഞ ചെയ്യേണ്ട ദിവസം കൂടിയാണ് പെരുന്നാൾ ദിവസം. ആഘോഷമെന്നാണ് ഈദിന്റെ അർഥം.
ഭൗതികലോകത്തിന്റെ കാപട്യങ്ങളിലും പിശാചിന്റെ പ്രലോഭനങ്ങളിലും അകപ്പെടാതെ ആത്മത്യാഗത്തിന്റെയും ഭക്തിയുടെയും നിറവിൽ ജാഗ്രതയുള്ള മനസോടെയും ശരീരത്തോടെയും ജീവിച്ച സത്യവിശ്വാസിക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വേളയാണ് പെരുന്നാൾ സമ്മാനിക്കുന്നത്. മുസ്ലിം സമൂഹത്തിന് ഇത് ‘സമ്മാന ദിന’മാണ്.
ആഘോഷങ്ങളോടും ഉത്സവങ്ങളോടുമുള്ള മനുഷ്യന്റെ നൈസർഗികമായ ആഭിമുഖ്യം കണ്ടറിഞ്ഞ മതമാണ് ഇസ്ലാം.
വിവിധ മതങ്ങൾ തങ്ങളുടെ അനുയായി വൃന്ദത്തിന് നാനാതരം ആഘോഷങ്ങളും ഉത്സവങ്ങളും ഒരുക്കിക്കൊടുത്തപ്പോൾ, ഇസ്ലാം അതിന്റെ അനുയായികൾക്കു രണ്ട് പെരുന്നാളുകളാണ് ആനന്ദോത്സവ വേളകളായി നിശ്ചയിച്ചുകൊടുത്തത്. ഒന്ന് ഈദുൽ ഫിത്വർ ആണെങ്കിൽ മറ്റൊന്ന് ഈദുൽ അസ്ഹ ആണ്. രണ്ടും മഹത്തായ രണ്ട് ആരാധനാ കർമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറിയ പെരുന്നാൾ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയിൽ കൊണ്ടാടുന്പോൾ, ഹജ്ജ് കർമത്തിന്റെ അനുഷ്ഠാന പരിസരത്തിലാണ് ബലിപ്പെരുന്നാളിന്റെ ആഘോഷം.
മുസ്ലിംകളുടെ ആഘോഷങ്ങൾ മഹത്തായ രണ്ട് ആശയ തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് ദൈവികം. മറ്റൊന്ന്് മാനുഷികം. ആഘോഷാവസരത്തിൽ ദൈവത്തെ മറക്കാതിരിക്കുകയെന്നതാണ് ദൈവിക വശം. തക്ബീറും നമസ്കാരവും ദൈവ സാമീപ്യത്തിന് ഉതകുന്ന കർമങ്ങളും കൊണ്ടാരംഭിക്കുന്ന പെരുന്നാൾ ദിനത്തിന് ആത്മീയമായ ഉള്ളടക്കമുണ്ട്. ആരാധനാകർമങ്ങളും നിയന്ത്രണങ്ങളും ഒഴിവാക്കി സർവതന്ത്ര സ്വതന്ത്രനായി മേഞ്ഞു നടക്കാനുള്ള അനുമതിയല്ല ഈദ് നൽകുന്നത്. കൂടുതൽ വിനയാന്വിതനായി സമർപ്പിത മനസോടെ ജീവിക്കാനുള്ള ആഹ്വാനമാണ് ഈദിന്റെ ദൈവിക സന്ദേശം.
ആനന്ദവും ആഹ്ലാദവും സന്തോഷവും കളിയും വിനോദവും പാട്ടും പുതുവസ്ത്രവും സുഗന്ധവും പരിമളവും എല്ലാം ചേർന്ന സദ്ഭാവനയുടെയും സുന്ദരാനുഭൂതികളുടെയും നിറവിൽ മനുഷ്യ മനസ് അനുഭവിച്ചറിയുന്ന ഒരു മനോഹര പ്രപഞ്ചമുണ്ട്-അതാണ് പെരുന്നാളിന്റെ മാനുഷിക വശം. കുട്ടികളും കുടുംബവും ബന്ധുക്കളുമായുള്ള ബന്ധങ്ങൾ പ്രദാനം ചെയ്യുന്ന സന്തോഷമാണ് പെരുന്നാളിന് തിളക്കം കൂട്ടുന്നത്.
ഈദുൽഫിത്വറിന്റെ മാനുഷിക വശത്തിന് അടിവരയിടുന്നു ഫിത്വർ സകാത്ത്. കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കും പുരുഷൻമാർക്കുമെല്ലാം ഇത് നിർബന്ധമാണ്. പെരുന്നാളാഘോഷം സാന്പത്തിക സൗകര്യമുള്ളവരിൽ പരിമിതമാവരുതെന്നും, പണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപോലെ ആഹ്ലാദിക്കാനുള്ള സന്ദർഭമാണ് ഒരുക്കപ്പെടേണ്ടതെന്നും ഇസ്ലാം പഠിപ്പിക്കുന്നു. നോന്പുകാരനിൽ നിന്ന് സംഭവിച്ചിരിക്കാവുന്ന വീഴ്ചകൾക്കും തെറ്റുകുറ്റങ്ങൾക്കുമുള്ള പരിഹാരവുമായാണ് ഫിത്വർ സകാത്ത് നിർദേശിക്കപ്പെട്ടിട്ടുള്ളത്.
ദരിദ്ര വീടുകളിൽ പോലും ദാരിദ്ര്യത്തിന്റെ കണിക കാണാൻ കഴിയാത്ത സമത്വസുന്ദര സാഹോദര്യ സുദിനമായിരിക്കണം ഈദിന്റെ സുദിനം. പെരുന്നാൾ ദിവസം ഒരൊറ്റ ഭവനവും ദാരിദ്ര്യത്തിൽ കഴിയരുതെന്ന സന്ദേശം നൽകുന്നതിനു കൂടിയാണ് ഫിത്വർ സകാത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഫിത്വർ സകാത്ത് നൽകിയശേഷമായിരിക്കണം പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പോകാൻ.
പെരുന്നാൾ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യകർമമാണു പെരുന്നാൾ നമസ്കാരം. അന്നേദിവസം കുളിച്ചു ശുദ്ധി വരുത്തി പുത്തൻ വസ്ത്രം ധരിച്ച് സുഗന്ധങ്ങൾ പൂശി തക്ബീർ ചൊല്ലി വേണം നമസ്കാരത്തിനായി പോകാൻ. വിശുദ്ധ റംസാൻ മാസത്തെ ആദരിക്കാൻ കഴിഞ്ഞതിന് അല്ലാഹുവിന് തക്ബീർ ചൊല്ലി നന്ദി അർപ്പിച്ചാണ് ഒാരോ വിശ്വാസിയും ഈദ് ദിനത്തിലൂടെ കടന്നുപോകാൻ. അല്ലാഹുവാണ് വലിയവൻ, മഹത്വമത്രയും അവനാണ്. ഇതാണ് തക്ബീറിന്റെ സാരാംശം.
പെരുന്നാൾ ഉറച്ചതുമുതൽ നമസ്കാരത്തിലേക്ക് പ്രവേശിക്കുന്നതുവരെ തക്ബീർ മുഴങ്ങുന്നു. ഈദ് ദിനത്തിൽ വ്രതാനുഷ്ഠാനം പാടില്ലെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. മുപ്പതുദിവസം നോന്പെടുത്തതല്ലേ, പെരുന്നാൾ ദിവസവും നോന്പെടുത്തേക്കാം എന്നു നിശ്ചയിക്കാൻ വിശ്വാസിക്ക് അവകാശമില്ലെന്ന് അർഥം. ബന്ധുമിത്രാദികളെ സന്ദർശിച്ചും സൗഹൃദം പുതുക്കിയും ഈദ് ആശംസകൾ പരസ്പരം കെെമാറിയും ഈ ദിവസത്തെ വിശ്വാസികൾ സന്തോഷപ്രദമാക്കുന്നു.
രോഗികളെ സന്ദർശിക്കുന്നതിനും മരിച്ചുപോയവർക്കായി പ്രാർഥിക്കുന്നതിനും അവർ സമയം കണ്ടെത്തുന്നു. ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ആത്മവിശുദ്ധിയും മാനസിക സംസ്കരണവും ഈദ് ദിനത്തിൽ നഷ്ടമാവുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ വിശ്വാസി ശ്രദ്ധിക്കേണ്ടതുണ്ട്.
അന്യരുടെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായി കണ്ട് അവർക്ക് ആശ്വാസം പകർന്നുകൊണ്ടാവണം ഈദാഘോഷം. റംസാൻ മാസത്തിൽ ഒരുപാട് പുണ്യങ്ങൾ നേടിയെടുത്തുവെന്ന ചാരിതാർഥ്യത്തോടെ വേണം ഈദ് ആഘോഷിക്കാൻ.
മഹത്വങ്ങളുടെ ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയത്.
അതിനാൽ തന്നെ വിശ്വാസികൾക്ക് റംസാൻ വേർപിരിയുന്നത് ദുഃഖകരം തന്നെ. അടുത്ത റംസാനിലും ആരാധനകളിൽ പങ്കാളികളാകാൻ അവരുടെ മനസ് കൊതിക്കും. ഒരു മാസക്കാലം അല്ലാഹുവിനുവേണ്ടി ആരാധനാകർമങ്ങളിൽ മുഴുകിയത് ഒാർക്കുന്പോൾ തന്നെ അവരുടെ മനസ് ആഹ്ലാദിക്കും. മഹത്തരവും നിർബന്ധിതവുമായ ഒരു കർമം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈദ്.
പെരുന്നാൾ സന്തോഷങ്ങൾ കുട്ടികളിൽ പരിമിതപ്പെടുത്തുന്ന ദുഷ്പ്രവണതയുണ്ട്. ‘പെരുന്നാൾ കുട്ടികൾക്കല്ലേ, മുതിർന്നവർക്ക് എന്ത് പെരുന്നാൾ’ എന്ന ചിന്ത. ഇസ്ലാം പെരുന്നാൾ നിർദേശിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെയാണ്.
ഈദ് ഒരുമയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് വിളംബരം ചെയ്യുന്നത്. മാനവിക ഐക്യത്തെയും ഈദ് പ്രതിനിധാനം ചെയ്യുന്നു. റംസാൻ നൽകിയ വിശുദ്ധിയുടെ വെളിച്ചം ചുറ്റിലും പ്രസരിപ്പിക്കാൻ ബാധ്യസ്ഥരാണ് സർവ വിശ്വാസികളും.