രാമക്കല്‍മേട്ടിലെ കാറ്റിന്റെ ഇരമ്പലും മഞ്ഞിന്റെ കുളിരും അവിസ്മരണീയമായ അനുഭവമാണ്. നിറംമങ്ങാതെ നില്ക്കുന്ന ഈ കാഴ്ചകള്‍ക്ക് മഴവില്ലിന്റെ മനോഹാരിതയാണ്. വെണ്മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകളും താഴെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്നാടിന്റെ പച്ചവിരിച്ച പാടങ്ങളുടെ ദൃശ്യചാരുതയും ആരും മറക്കില്ല.
സമുദ്രനിരപ്പില്‍നിന്നും 3500 അടി ഉയരത്തിലുള്ള രാമക്കല്‍മേട്ടിലെ വിശേഷങ്ങള്‍ കണ്ടുതന്നെ അറിയണം. തമിഴ്നാട്ടിലെ കൃഷിയിടങ്ങളും റോഡും വന്മരങ്ങളുമെല്ലാം വിദൂരതയില്‍ ഒരു പൊട്ടുപോലെ കാണപ്പെടുന്നത് ഹരം പകരും. എപ്പോഴും വീശിയടിക്കുന്ന കാറ്റിന്റെ ആരവത്തില്‍ മല കയറുമ്പോള്‍ ക്ഷീണമെല്ലാം പമ്പകടക്കും. മലമുകളില്‍ തോളോടു തോള്‍ചേര്‍ന്നു നില്ക്കുന്ന കുറവന്‍- കുറത്തി ശില്പങ്ങള്ക്ക് പറയാനുള്ളത് ഒരു ജനതയ്ക്ക് വെളിച്ചം പകര്‍ന്നു നല്‍കിയതിന്റെ ചരിത്രമാണ്. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടിലെത്തിയാല്‍ ആരും പറയും ഇവിട ത്തെ കാറ്റാണു കാറ്റ്…
12.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇവിടത്തെ കാറ്റാടി പാടങ്ങള്‍. മണിക്കൂറില്‍ 35കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. രാമക്കല്‍മേടിന്റെ പേരിനു പിന്നില്‍ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമന് ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ലങ്കയിലേക്കുള്ള യാത്രാമധ്യേ ഈ മേട്ടില്‍ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തെരഞ്ഞെടുത്തത് ഇവിടെ വച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തിന് രാമക്കല്‍മേട് എന്ന പേര് വന്നതേ്രത. മേടിന് മുകളിലെ ‘കല്ലുമ്മേല്‍ കല്ലു’മായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതിഹ്യം. വനവാസകാലത്ത് പാണ്ഡവന്മാര് ഇവിടെ താമസിച്ചിരുന്നെന്നും അക്കാലത്ത് പാഞ്ചാലിക്കു മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ ഭീമസേനന് ഉപയോഗിച്ചതാണ് ഈ കല്ലുകളെന്നും ഐതിഹ്യം പറയുന്നു. ഗിരിശൃംഗങ്ങളുടെ റാണിയായ ഇടുക്കിയുടെ മനോഹാരിത നൂറുമടങ്ങ് വര്‍ധിപ്പിക്കുന്ന സ്ഥലമാണ് ഇവിടം.
മലമുകളില്‍ കാറ്റിനോടു കിന്നാരം ചൊല്ലി ഹരിതഭംഗിനുകരാന് സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഓരോ വര്‍ഷവും ഇവിടേക്കു സഞ്ചാരികളുടെ പ്രവാഹം ഏറിവരികയാണ്. രാമക്കല്‍മേട്ടിലെ മനോഹാരിത സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധവിനു കാരണം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതാണ്. പ്രകൃതി കല്ലില്‍ തീര്‍ത്ത വിസ്മയകാഴ്ചകളും കുതിര സവാരിയും കുളവും പേരയും മധുരിക്കും നെല്ലിക്കയും തേയിലക്കാടുകളും രാമക്കല്‍മേട്ടിലെ കാഴ്ചകള്‍ക്കു ചാരുത പകരുന്നു. പടിഞ്ഞാറെ ചക്രവാളത്തില്‍ ചെഞ്ചായം പൂശി സൂര്യന് മറയുമ്പോള്‍ മഞ്ഞുതുള്ളികളില്‍ വര്‍ണങ്ങള്‍ വിടരുന്നു.
എറണാകുളത്തു നിന്നു 150-ഉം, തൊടുപുഴയില്‍നിന്നും 89-ഉം, തേക്കടിയില്‍നിന്നു 43-ഉം മൂന്നാറില്‍നിന്ന് 70 കിലോമീറ്ററുമാണ് രാമക്കല്‍മേട്ടിലേക്കുള്ള ദൂരം. സഞ്ചാരികള്‍ക്കു താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രാമക്കല്‍മേട്ടില്‍ എത്തുന്നവര്‍ക്ക് ഇവിടത്തെ നയനമനോഹര കാഴ്ചകള്‍ കണ്ടതിനു ശേഷം ചിന്നാര്‍ വന്യജീവി സങ്കേതം, പെരിയാര്‍ കടുവ സങ്കേതം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, തൊമ്മന്‍കുത്ത്, കീഴാര്‍കുത്ത്, കാല്‍വരി മൗണ്ട്, തേക്കടി, മൂന്നാര്‍, മാട്ടുപ്പെട്ടി തുടങ്ങി നിരവധി സ്ഥലങ്ങള്‍ കണ്ടു മടങ്ങാം.
സിജോ പി ജോണ്‍