ബെന്നി മുക്കുങ്കല്‍
മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ – തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന കാട്ടുപാത ചെന്നെത്തുന്നത് കാഴ്ചകളുടെ നെറുകയിലേക്കാണ്. പാതയുടെ ഇരുവശത്തും ഇല്ലിക്കൂട്ടങ്ങള് കൂട്ടിനുണ്ട്. ഇടുങ്ങിയ കാട്ടുപാത.
മലമുകളിലേക്കുള്ള യാത്ര തടയാന്‍ കാറ്റ് എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. വര്‍ഷം മുഴുവന്‍ അതിശക്തമായ കാറ്റ് വീശുന്ന പ്രദേശമാണ് രാമയ്ക്കല്‍മേട്. മണിക്കൂറില്‍ 35 കിലോ മീറ്ററാണ് ഇവിടെ കാറ്റിന്റെ ശരാശരി വേഗം. ഏഷ്യയില്‍ ഏറ്റവും അധികം കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്.
കുന്നിന് നെറുകയില്‍ രാമക്കല്ല് ആകാശത്തേക്ക് തല ഉയര്‍ത്തി നിലയുറപ്പിച്ചിരിക്കുന്നു. കാറ്റിനെ എതിര്‍ത്തുതോല്‍പ്പിച്ച് പാറക്കൂട്ടത്തെ കീഴടക്കാന്‍ മനസ് വെമ്പല്‍ കൊള്ളും. പാറക്കൂട്ടങ്ങളുടെ കിടപ്പ് അല്പം ഭയം പകര്ന്നുനല്കാതിരിക്കില്ല.
ശ്രദ്ധാപൂര്‍വം വേണം ഓരോ ചുവടും വയ്ക്കാന്‍. ഇതുപോലെ വളരെ കുറച്ച് ദൂരം മാത്രം നടന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3500 അടിയിലേറെ ഉയരത്തില്‍ എത്താന്‍ സാധിക്കുന്ന ഭൂപ്രദേശങ്ങള്‍ വിരളമാണ്. ചെറുനടത്തത്തിന്റെ അവസാനം ലഭിക്കുന്ന കാഴ്ചകളാണ് രാമയ്ക്കല്മേടിന്റെ വശ്യമനോഹാരിത.
അങ്ങ് ദൂരെ തമിഴ്നാടിന്റെ മടിത്തട്ടില്‍ കേരളത്തിനായി ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങള്‍. കൊച്ചു വളപ്പൊട്ടുകള്‍ വാരി വിതറിയിരിക്കുന്നതുപോലെ തോന്നിക്കുന്ന തമിഴ്നാടന്‍ പട്ടണങ്ങള്‍. കറുത്ത നേര് വരകളായി തോന്നിക്കുന്ന റോഡുകള്‍. അതിലൂടെ നിരങ്ങിനീങ്ങുന്ന വാഹനങ്ങള്‍.
മണ്ണില്‍ വരച്ചുചേര്ത്തതു പോലെ ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങള്‍. മുന്തിരിയും പയര്‍വര്‍ഗങ്ങളും പച്ചക്കറികളും ഒക്കെ കേരളത്തിനായി ഒരുക്കുകയാണ് അവിടെ. ഒപ്പം തെങ്ങിന് തോപ്പുകളും പുളിമരക്കൂട്ടങ്ങളും.
വളരെ മിനുസമായി കാണുന്ന രാമക്കല്‍മെട്ടിലെ പ്രധാന പാറ, മുന്‍കാലങ്ങളിലെന്നോ തമിഴ്നാട് കടൽ മാറി കരയായതാണെന്ന തോന്നല്‍ ഉണ്ടാക്കും. തിരമാലകളുടെ നിരന്തരമായ തഴുകലേറ്റ് മിനുസമായതുപോലെ പാറ തലയുയര്‍ത്തി നില്ക്കുന്നു.
കടലിനേയും കീഴടക്കിയവനെപോലെ. ഏതോ ശില്പി ശ്രദ്ധാപൂര്‍വം ഒരുക്കിയ ഒരു പടുകൂറ്റന്‍ ശില്പത്തിന് സമാനമാണ് രാമയ്ക്കല്മേടിലെ പാറക്കെട്ടുകള്‍. ഒന്നിനുമുകളില്‍ മറ്റൊന്ന്. അതിനു മുകളില്‍ ഒന്നിലധികം.
മലമുകളിലേക്ക് സാഹസികമായി കയറാന്‍ ശ്രമിക്കുന്നവര്‍ ഇവയെങ്ങാനും ഒന്നു തെന്നി പോയാലോ എന്ന് ചിന്തിക്കാതിരിക്കില്ല.
ഒന്ന് ഉത്സാഹിച്ചു തളളിയാല്‍ അവ താഴെ പോകും എന്ന് നമുക്ക് തോന്നും, തീര്‍ച്ച. കിഴ്ക്കാംതൂക്കായി കിടക്കുന്ന വലിയ പാറയില്‍ പലയിടങ്ങളിലായി വന്‍ തേനീച്ചക്കൂടുകള്‍ തൂങ്ങിക്കിടക്കുന്ന കാഴ്ചകളും മനോഹരമാണ്.
തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളുടെ ഭംഗിയാസ്വദിച്ച് കുറവനും കുറത്തിയും സമീപത്തെ കുന്നിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ശില്പമാണിത്. പ്രശസ്ത ശില്പി സി.ബി. ജിനന്റെ കരവിരുതില്‍ ഒരുങ്ങിയ അദ്ഭുതം.
ഇരവെന്നോ പകലെന്നോ മഞ്ഞെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ രാമയ്ക്കല്മേട്ടിലെ കാഴ്ചകള്‍ ആസ്വദിച്ച് കുറവനും കുടുംബവും സഞ്ചാരികളോട് മൗനമായി കഥകള്‍ പങ്കുവയ്ക്കാന്‍ ഇരിക്കുകയാണിവിടെ. ഹൈറേഞ്ചിന്റെ കാര്‍ഷിക പെരുമയുടെ, എല്ലു മുറിയെ പണിയെടുക്കുന്ന കര്‍ഷക കുടുംബങ്ങളുടെ പ്രതീകം കൂടിയാണ് ശില്പം. വിശാലമായ പുല്‍മേടിന്റെ ഒത്ത നെറുകയിലാണ് ശില്പം ഒരുക്കിയിരിക്കുന്നത്.
രാമയ്ക്കല്മേട്ടില്നിന്നു തമിഴ്നാട്ടിലേക്ക് ഒരു കൊച്ചു കാട്ടുപാത ഉണ്ട്. പണ്ടുകാലത്ത് തലച്ചുമടായും കഴുതപ്പുറത്തുമൊക്കെ സാധനങ്ങള്‍ കൊണ്ടുവരാന്‍ ആശ്രയിച്ചിരുന്ന പാതയാണത്. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ വളരെയധികം പ്രാധാന്യം ഉണ്ടായിരുന്ന പാത.
മുന്‍പ് രാമയ്ക്കല്‍മേട് തിരക്കേറിയ ഒരു വ്യാപാരകേന്ദ്രം കൂടിയായിരുന്നു. പിന്നീട് ഇരു സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് മികച്ച റോഡുകള്‍ ഉണ്ടായതോടെ രാമയ്ക്കല്മേട്ടിലൂടെ തമിഴ്നാട്ടിലേക്കുള്ള പാതയുടെ പ്രസക്തി ഇല്ലാതായി.
കാട്ടുപാതയിലൂടെ തമിഴ്നാട്ടിലേക്കൊരു നടത്തം വ്യത്യസ്തമായ ഒരു യാത്രാനുഭവം പങ്കുവയ്ക്കും. ഇല്ലിക്കൂട്ടങ്ങള്‍ക്കിടയിലൂടെ, ചില ഭാഗങ്ങളില്‍ കുറ്റിക്കാടുകള്‍ക്കിടയിലൂടെ വഴി ഉണ്ടാക്കി ഒരു നടത്തം. ചില ഭാഗങ്ങളില്‍ കല്ലുകള്‍ പാകി പാതയൊരുക്കിയിരിക്കുന്നു.
വര്‍ഷങ്ങളുടെ ഉപയോഗം മൂലം കല്ലുകള്‍ വളരെ മിനുസമുള്ളതായിരിക്കുന്നു. അടിവാരത്തിനോട് അടുക്കുമ്പോഴേക്കും നടത്തം ഓട്ടത്തിലേക്ക് മാറും. കുത്തിറക്കവും മിനുസമായ പാറകളും നടക്കാന്‍ അനുവദിക്കുകയില്ല.
താഴ്വാരത്തില്‍ മനോഹരമായ കൊച്ചു ക്ഷേത്രം സഞ്ചാരികളെ കാത്തിരിക്കുന്നു. സമീപത്തായി തമിഴ്നാടന്‍ കൃഷിയിടങ്ങള്‍. കര്‍ഷകന്റെ അധ്വാനത്തിന് കാവല്‍ നില്ക്കുന്ന ദേവതകളാവാം ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്.
ക്ഷേത്രത്തിന് പുറകില്‍ ഭീമാകാരമായ കോട്ട പോലെ രാമക്കല്ല് ആകാശത്തേക്ക് നോക്കി നില്ക്കുന്നു. ശ്രീരാമന് ഏല്‍പ്പിച്ചു നല്കിയ ഏതോ ദൗത്യം പോലെ. ഇരു സംസ്ഥാനങ്ങളിലേയും കാര്‍ഷിക സമൃദ്ധിയുടെ കാവലാളായി, ആകാശത്തേക്ക് തലയുയര്‍ത്തി.
രാമയ്ക്കല്‍മേട്
കേരളാ – തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് രാമയ്ക്കല്‍മേട്. ദക്ഷിണേന്ത്യയിലെ പ്രധാന വീക്കെന്‍ഡ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഇവിടം.
ത്രേതാ യുഗത്തില്‍ ശ്രീരാമന് ഇവിടത്തെ പാറയുടെ മുകളില്‍ എത്തി സീതാദേവിയെ തെരഞ്ഞു എന്നാണ് വിശ്വാസം. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തു നിന്നു 13 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
രാമക്കല്ല്
സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ചെങ്കുത്തായ പാറക്കെട്ടുകള്‍ പ്രധാന ആകര്‍ഷണം. മലമുകളില്‍ നിന്നുള്ള തമിഴ്നാടന്‍ കൃഷിയിടങ്ങളുടെ കാഴ്ചയും അവിസ്മരണീയം.
കുറവന്‍ – കുറത്തി ശില്പം
ഹൈറേഞ്ചിന്റെ കാര്‍ഷിക സംസ്കാരവും മിത്തുകളും കോര്‍ത്തിണക്കി നിര്‍മിച്ച ശില്പം. സംസ്ഥാനത്തെ ഏറ്റവും വലിയ ഇരട്ട ശില്പമാണിത്. വിശാലമായ പുല്മേട്ടിലാണ് ശില്പം നിര്‍മിച്ചിരിക്കുന്നത്.
വേഴാമ്പല്‍ വാച്ച്ടവര്‍
രാമയ്ക്കല്മേട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഉയരത്തില്‍ കാഴ്ചകള്‍ കാണാന്‍ നിര്‍മിച്ചതാണ് വേഴാമ്പലിന്റെ രൂപത്തിലുള്ള വാച്ച്ടവര്‍.
പുറമേ നോക്കിയാല്‍ വേഴാമ്പലിന്റെ പ്രതിമയാണെന്ന് തോന്നും. ഉള്ളിലൂടെ കയറി മുകളിലെത്തിയാല്‍ തമിഴ്നാടിന്റെ ദൃശ്യങ്ങളും മലനിരകളും ആസ്വദിക്കാം. 30 ലക്ഷം രൂപ മുടക്കിയാണ് ഡിടിപിസി വാച്ച്ടവര്‍ നിര്‍മിച്ചത്.
ചില്‍ഡ്രന്‍സ് പാര്‍ക്ക്
ഡിടിപിസിയുടെ നേതൃത്വത്തില്‍ കുറവന്‍ – കുറത്തി ശില്‍പ്പത്തിന് സമീപത്തായാണ് കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
വിശാലമായ കളിസ്ഥലം, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ഊഞ്ഞാലുകള്‍, ബൈക്ക് സ്പ്രിംഗ്, ജംപിംഗ് റൈഡര്‍ – ബൗണ്‍സര്‍, അമ്യൂസ്മെന്റ് റൈഡ്, ഓപ്പണ്‍ സ്റ്റേജ്, പ്ലേ സ്ളൈഡര്‍, റോക്കറ്റ് സ്ളൈഡ്, മെറിഗോ റൗണ്ട്, സീസോ തുടങ്ങി നിരവധി കളി ഉപകരണങ്ങളാണ് കുട്ടികളുടെ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.
കാറ്റാടി പാടം
രാമയ്ക്കല്മേടിന്റെ സമീപ ഗ്രാമങ്ങളായ കുരുവിക്കാനം, പുഷ്പകണ്ടം, അണക്കരമെട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതോത്പാദനം ലക്ഷ്യം വച്ച് കൂറ്റന്‍ പങ്കകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് കാറ്റാടികള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നെടുങ്കണ്ടം സബ് സ്റ്റേഷനിലാണ് എത്തിക്കുന്നത്. സ്വകാര്യ കമ്പനികളില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്. കാറ്റില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് നിരവധി സാധ്യതകളുള്ള പ്രദേശമാണിത്. കാറ്റാടികള്ക്കൊപ്പം വിശാലമായ പുല്‍മേടുകളും ഇവിടത്തെ കാഴ്ചകളാണ്.
ആമക്കല്ല്
രാമയ്ക്കല്മേട്ടില്നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം. ജീപ്പ് സവാരിക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം. വളഞ്ഞുപുളഞ്ഞ് കുന്നിന് മുകളിലേക്ക് നിര്‍മിച്ചിരിക്കുന്ന ഗ്രാമീണ പാതയിലൂടെയുള്ള യാത്ര സഞ്ചാരികളില്‍ ആവേശം ഉളവാക്കും.
കുന്നിന് മുകളില്‍ ആമയോട് സാദൃശ്യമുള്ള വലിയ പാറക്കൂട്ടം സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നു രാമയ്ക്കല്മേടിന്റെയും തമിഴ്നാടന്‍ ഗ്രാമങ്ങളുടേയും കേരളത്തിലെ കൃഷിയിടങ്ങളുടേയും കാഴ്ച കാണാം. വിശാലമായ പുല്‍മേട് ട്രക്കിംഗിനും ഏറെ അനുയോജ്യമാണ്.