നെടുങ്കണ്ടം: രാമക്കൽമെട്ടിൽ വിനോദസഞ്ചാരികളെ തമിഴ്നാട് വനമേഖലകളിലേക്കു കടത്തിവിടുന്നതിനു തമിഴ്നാട് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചു. ഇത് രാമക്കൽമെട്ടിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിച്ചത്.
ജനങ്ങളും പ്രദേശത്തെ ജനപ്രതിനിധികളും ഇടപെട്ടതോടെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പിൻവാങ്ങി. തമിഴ്നാട് വനമേഖലകളിലേക്ക് യാത്രയ്ക്കെത്തുന്ന സഞ്ചാരികളെയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. കുരങ്ങിണിയിൽ ട്രെക്കിംഗിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് വനംവകുപ്പ് ട്രെക്കിംഗിനു കടുത്ത നിയന്ത്രണമാണ് എർപ്പെടുത്തുന്നത്. ഇക്കാരണത്താലാണ് കേരള – തമിഴ്നാട് അതിർത്തി പ്രദേശമായ രാമക്കൽമെട്ടിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോനയ്ക്കെത്തിയത്.
കേരള – തമിഴ്നാട് അതിർത്തി പ്രദേശമായ കന്പംമെട്ട്, ബോഡിമെട്ട്, അണക്കരമെട്ട്, രാമക്കൽമെട്ട് മേഖലകളിലെ അതിർത്തി വനപ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്ന് വനമേഖലയിൽ പ്രവേശിക്കരുതെന്ന് ഇവർ ബോർഡും സ്ഥാപിച്ചു.
ആയിരകണക്കിന് സഞ്ചാരികളാണ് തമിഴ്നാടിന്റെ വിദൂരദൃശ്യം കാണുന്നതിനായി അവധി ദിവസങ്ങളിൽ രാമക്കൽമെട്ടിലെത്തുന്നത്. ഈസ്റ്റർ എത്തിയതോടെ രാമക്കൽമെട്ടിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കുരങ്ങിണി ദുരന്തത്തിന്റെ പശ്ചാത്തത്തിൽ തമിഴ്നാട് വനംവകുപ്പ് വനമേഖലകളിലൂടെയുള്ള വിനോദ സഞ്ചാരത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടാത്താനൊരുങ്ങുകയാണ്.
നിരന്തരമായി തമിഴ്നാട് വനംവകുപ്പ് ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങൾക്കെതിരെ കടുത്ത നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. അണക്കരമെട്ടിൽ റവന്യൂ ഭൂമിയിൽ കടന്നുകയറി തമിഴ്നാട് വനംവകുപ്പ് വാച്ച് ടവർ നിർമിച്ചിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും ഇതുവരെ നടപടികളൊന്നും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടില്ല. തമിഴ്നാട് ഭൂമി കൈയേറി നിർമാണം നടത്തിയിട്ടും സംഭവം പുറത്തുവിടാതെ രഹസ്യമാക്കിവച്ചെന്ന ആരോപണം റവന്യൂ വിഭാഗത്തിനെതിരെ ഉയരുന്നുണ്ട്.