നെടുങ്കണ്ടം: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ 1.38 കോടി രൂപ ചെലവിട്ട് നടത്തിയ നവീകരണ പ്രവൃത്തികളിൽ വൻ അഴിമതിയെന്ന് ആക്ഷേപം.
ഉദ്ഘാടനം നടത്തി ഒരുമാസത്തിനുള്ളിൽ പുതിയ നിർമിതികൾ തകർന്നുവീണു. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് പണിയിൽ കൃത്രിമം കാട്ടിയതായാണ് ആക്ഷേപം.
ജില്ലയുടെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാമക്കൽമേട്ടിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള രണ്ടാംഘട്ട ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തത്.
വിനോദസഞ്ചാര വകുപ്പ് ഇടുക്കി ഡിടിപിസി വഴി 1.38 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
നടപ്പാത നിർമാണം, ഫെൻസിംഗ്, വാഹന പാർക്കിംഗ് ഏരിയ, ഇരിപ്പിടങ്ങൾ, സ്നാക്സ് ബാർ, പ്രതിമയ്ക്കു ചുറ്റുമുള്ള നവീകരണ ജോലികൾ, പൂന്തോട്ടവത്കരണം, സോളാർ ലൈറ്റിംഗ്, കൈവരികൾ തുടങ്ങിയവയാണ് രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഇതിൽ കൈവരിയുൾപ്പെടെയുള്ള ഭാഗമാണ് കഴിഞ്ഞദിവസം തകർന്നുവീണത്.
ചെങ്കുത്തായ മലമുകളിലേക്ക് കയറുന്നതിന് സഹായകരമായ രീതിയിലാണ് ഫെൻസിംഗ് നിർമിച്ചത്. പ്രായമായവർക്കും കുട്ടികൾക്കും സഹായകമായ ഈ ഭാഗമാണ് തകർന്നത്.
തകർന്ന ഭാഗം എടുത്തുമാറ്റാനോ തകരാർ പരിഹരിക്കാനോ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
രണ്ടുവർഷത്തിനിടെ നിർമിതികളിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ നിർമാണ കന്പനിതന്നെ പരിഹരിക്കുമെന്നാണ് കരാറെന്നും കന്പനിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ഡിടിപിസി അധികൃതർ അറിയിച്ചു.