ലക്നോ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ കോടികളുടെ അഴിമതി നടന്നതായി ആരോപണം.
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ രൂപീകരിച്ച രാം മന്ദിർ ട്രസ്റ്റിനെതിരെ ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളായ സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമാണ് രംഗത്തെത്തിയത്.
കഴിഞ്ഞ മാർച്ചിലാണ് അഴിമതി നടന്നതെന്ന് പാർട്ടികൾ ആരോപിക്കുന്നു. രണ്ട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ ഒരു വ്യക്തിയിൽ നിന്ന് രണ്ട് കോടി രൂപയ്ക്ക് വസ്തു വാങ്ങുകയും മിനിറ്റുകൾക്ക് ശേഷം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നുമാണ് ആരോപണം. എന്നാൽ ട്രസ്റ്റ് ആരോപണത്തെ തള്ളിയിട്ടുണ്ട്.
പ്രാദേശിക ബിജെപി നേതാക്കളുടെയും ചില ട്രസ്റ്റ് അംഗങ്ങളുടെയും അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് മുൻ സമാജ്വാദി പാർട്ടി എംഎൽഎ പവൻ പാണ്ഡെ അയോധ്യയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
രാമക്ഷേത്രത്തിനു സമീപമുള്ള ഭൂമി ഒന്നിലധികം തവണ കൈമാറ്റം ചെയ്തതിന്റെ രേഖകളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കാണിച്ചു.
രണ്ട് ഇടപാടുകളുടെയും സ്റ്റാമ്പ് ഡ്യൂട്ടി പേപ്പറുകളുണ്ടെന്നും അയോധ്യമേയറും ട്രസ്റ്റിൽ അംഗമായൊരാളും സാക്ഷികളാണെന്നും പവൻ പാണ്ഡെ പറഞ്ഞു.
മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തിന്റെ വില രണ്ട് കോടിയിൽ നിന്ന് 18 കോടി രൂപയായി ഉയർന്നു. ഇതിനർത്ഥം 16.5 കോടിയുടെ അഴിമതി നടന്നു എന്നാണ്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമക്ഷേത്ര ട്രസ്റ്റിന് കോടിക്കണക്കിന് ജനങ്ങളാണ് സംഭവാന നൽകിയത്. ഈ സംഭവാനയിൽനിന്നാണ് പണം കവർന്നത്. അങ്ങനെയെങ്കിൽ രാജ്യത്തെ 120 കോടി ജനങ്ങളെ അപമാനിക്കുന്ന പ്രവർത്തിയാണിതെന്നും പവൻ പാണ്ഡെ പറഞ്ഞു.
ആം ആദ്മി നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിംഗും മറ്റൊരു വാർത്താ സമ്മേളനത്തിൽ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചു.