ചാലക്കുടി: അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ഏഴോടെയാണ് രാമകൃഷ്ണൻ നൃത്തം പഠിപ്പിക്കുന്ന ഉണ്ണിശേരി രാമൻ മെമ്മോറിയൽ കലാഗൃഹത്തിന്റെ മുകൾനിലയിൽ അബോധാവസ്ഥയിൽ കണ്ടത്.
ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അപേക്ഷ നല്കിയതു നിരസിച്ചതിനെത്തുടർന്നു തൃശൂർ സംഗീതനാടക അക്കാദമിയുടെ മുന്പിൽ കഴിഞ്ഞദിവസം രാമകൃഷ്ണൻ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.
രാമകൃഷ്ണന്റെ അപേക്ഷ തള്ളിയ അക്കാദമി, ഇതു സ്ത്രീകൾക്കുള്ളതാണെന്നു പറഞ്ഞെന്നു ചൂണ്ടിക്കാട്ടി രാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ പരാതി ഉന്നയിച്ചിരുന്നു.
രാമകൃഷ്ണന്റെ ആരോപണം വാസ്തവവിരുദ്ധം: കെപിഎസി ലളിത
തൃശൂർ: ആർഎൽവി രാമകൃഷ് ണനു സംഗീതനാടക അക്കാദമിയുടെ സർഗഭൂമിക പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അവസരം നിഷേധിച്ചുവെന്ന ആരോപണം വാസ്തവ വിരുദ്ധമെന്നു ചെയർപേഴ്സണ്‍ കെപിഎസി ലളിത പത്രക്കു റിപ്പിൽ പറഞ്ഞു.
സർഗഭൂമികയിൽ പങ്കെടുക്കാൻ രേഖാമൂലം അപേക്ഷ നൽകിയെന്നും ദളിതനായതുകൊണ്ടുള്ള വിവേചനം മൂലം ഇതു നിഷേധിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്.
അക്കാദമിയുടെ വേദി ഉപയോഗിച്ച് കോവിഡ് വ്യവസ്ഥകൾ പാലിച്ച് പരിപാടികൾ ചിത്രീകരിച്ച് ഓണ്‍ലൈനിൽ സംപ്രേഷണം ചെയ്യുന്ന തരത്തിലാണ് സർഗഭൂമിക ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിൽ നൃത്തം ഉൾപ്പെടെ മറ്റു പല പരിപാടികളെയും സംബന്ധിച്ച് അപേക്ഷ ക്ഷണിക്കലോ പ്രാഥമിക ചർച്ചയോ പോലും ഇതുവരെ ഉണ്ടായിട്ടില്ല.
ഈ വസ്തുത നിലനിൽക്കെ രാമകൃഷ്ണന്റെ ആരോപണം വാസ്തവവിരുദ്ധവും ദുരുദ്ദേശ്യപരവും അക്കാദമിക്ക് അപകീർത്തികരവുമാണ്.
ചെയർപേഴ്സണ്‍ എന്ന നിലയിൽ താൻ സെക്രട്ടറിയോട് രാമകൃഷ്ണനു മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം കൊടുക്കണമെന്നാവശ്യപ്പെട്ടു എന്നതും സെക്രട്ടറിയുമായി നടത്തിയ സംഭാഷണം താൻ രാമകൃഷ്ണനോട് പറഞ്ഞു എന്നതുമായ പ്രസ്താവനകൾ സത്യവിരുദ്ധമാണെന്ന് കെപിഎസി ലളിത പറഞ്ഞു.