അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർ.എല്‍.വി രാമകൃഷ്ണന്റെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുളള മനോവിഷമം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും രാമകൃഷ്ണൻ ആവർത്തിച്ചിരുന്നു.
കെ.പി.എ.സി ലളിത തന്നെ നുണയനെന്ന് വിളിച്ചത് ഹൃദയം തകർത്ത് കളഞ്ഞുവെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.
ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ…
…ഇന്‍സ്റ്റാഗ്രാമില്‍ പോയി സിനിമാക്കാരുടെയും പുതിയ പിള്ളേരുടെയും ഒക്കെ പേജുകള്‍ ഫോട്ടോകള്‍ കുസൃതികള്‍ ഒക്കെ കണ്ടിരുന്നാല്‍ നമുക്ക് ദുഃഖങ്ങളേയില്ലാത്ത മറ്റൊരു ലോകത്തേക്കു അല്പ സമയമെങ്കിലും താമസം മാറ്റാന്‍ കഴിയും.
രണ്ടു ലോകത്തേയും വാസം സാധ്യമാക്കുകയാണ് ഞാൻ. സുഖങ്ങളുടെ ആ ലോകവും അസുഖങ്ങളുടെ ഈ ലോകവും.അവിടെ ഒരു കാഴ്ചക്കാരിക്ക് ഉത്തരവാദിത്തങ്ങള്‍ കുറവുണ്ട് തെറി വിളികളില്ല. പ്രതികരിക്കൂ എന്ന ആക്രോശങ്ങളുമില്ല.
ഡോ. ആർഎൽവി രാമകൃഷ്ണന് ന്യായമായ, നീതിയുക്തമായ ഒരു മറുപടിയും അംഗീകാരവും സംഗീത നാടകഅക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കണമേയെന്ന ആഗ്രഹത്തോടെ താരലോകത്തു നിന്നിറങ്ങി വന്നതാണ് ഞാന്‍ .
ഇല്ല ഒന്നും സംഭവിച്ചിട്ടില്ല.എന്നാലും തിരുവനന്തപുരത്ത് നോഡല്‍ ഓഫീസറായ ഡോക്ടറുടെ സസ്പെന്ഷന് പിന്‍വലിച്ചത് ആശ്വാസമായി.
ഡോ. ആർഎൽവി രാമകൃഷ്ണന് കൃത്യമായും ഒരു മറുപടി അര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ സങ്കടങ്ങള്‍ കലാകേരളത്തിന് അപമാനമാണ് . എനിക്ക് വീണ്ടും ഈ വീടുവിട്ടു പോകാന്‍ തോന്നുന്നു. ഡോ. ആർഎൽവി രാമകൃഷ്ണന് കരയുന്നുണ്ട് ഇപ്പോഴും…
അതേസമയം, ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടികളുണ്ടാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി ചാലക്കുടി ചേനത്തുനാടുള്ള കലാഗൃഹത്തില്‍ അബോധാവസ്ഥയില്‍ രാമകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ചുവെന്ന് താലൂക്ക് ആശുപത്രിയില്‍ ഡോക്ടറോട് അദ്ദേഹം പറഞ്ഞിരുന്നു.
ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് ആത്മഹത്യാ ശ്രമത്തിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാമകൃഷ്ണന് പറഞ്ഞതാണ് സത്യം
സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞതാണ് സത്യമെന്ന് വ്യക്തമാക്കി കെപിഎസി ലളിത.
നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിത ചേച്ചിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് പറഞ്ഞിരുന്നു.
ഇനി ഈ വിഷയത്തില്‍ ഭൂകന്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത പറഞ്ഞു.