കോഴിക്കോട്: കൂടത്തായിയിലെ ആറുപേരുടെ കൊലപാതകത്തിന് പുറമേ മുഖ്യപ്രതി ജോളിക്ക് ഒരു കൊലപാതകത്തില്‍ കൂടി പങ്കുള്ളതായി സൂചന. 2016 -ല്‍ മരിച്ച ചാത്തമംഗലം മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിക്ക് ബന്ധമുണ്ടെന്ന സംശയമുള്ളത്.
നേരത്തെ തന്നെ കൂടത്തായി കേസ് അന്വേഷിക്കുന്ന സംഘത്തിന് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ചൊവ്വാഴ്ച രാമകൃഷ്ണന്റെ മകന് റൂറല്‍ പോലീസ് മേധാവി കെ.ജി. സൈമണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. രാമകൃഷ്ണന് താമസിക്കുന്നത് സിറ്റി പോലീസ് പരിധിയിലായതിനാലാണ് കേസ് കൈമാറിയത്.
അന്വേഷണത്തില്‍ ജോളിയുടെ പങ്ക് വ്യക്തമാവുന്ന പക്ഷം കൂടത്തായി കേസിനൊപ്പം ഈ കേസും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. മൂന്നുവര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ കൂടത്തായി കേസിനു സമാനമായി തെളിവുകള്‍ക്ക് വേണ്ടി പരിശോധന നടത്തേണ്ടതായി വരുമെന്നും ഇത് സങ്കീര്‍ണമാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് പറഞ്ഞു. മൃതദേഹം ദഹിപ്പിച്ചതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
രാമകൃഷ്ണന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും വാഹനകച്ചവടവും ഉണ്ടായിരുന്നുവെന്നാണ് മകന് പോലീസ് സൂപ്രണ്ടിന് നല്കിയ പരാതിയിലുള്ളത്. അമ്പലക്കണ്ടിയിലെ മജീദും എന്‍ഐടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അദ്ദേഹത്തിന്റെ ഭാര്യ സുലൈഖയുമായിരുന്നു സുഹൃത്തുക്കളായുള്ളത്.
ഇവരുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ജോളിയുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പ് അഞ്ചര ഏക്കര്‍ സ്ഥലം 55 ലക്ഷം രൂപയ്ക്ക് രാമകൃഷ്ണന് വില്പന നടത്തിയിരുന്നു. എന്നാല്‍ ഈ തുക കൈയിലുണ്ടായിരുന്നില്ല.
വീട്ടിലെ കാര്യത്തിനും ഈ തുക ചെലവാക്കിയിരുന്നില്ല. മരണം സ്വാഭാവികമല്ലെന്നും ആസൂത്രിതമാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അതിനാല്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് റൂറല്‍ എസ്പിക്ക് മകന് രോഹിത് പരാതി നല്‍കിയത്.