കോഴിക്കോട്: ഒന്നിനു പിറകേ മറ്റൊന്നായി വിവാദ ചുഴിയിൽപ്പെട്ട് മലയാള സിനിമാലോകം കറങ്ങിത്തിരിയുന്പോൾ പുത്തൻ റിലീസ് ചിത്രങ്ങളിൽ സജീവ ശ്രദ്ധ ആകർഷിക്കുന്നത് ദിലീപ് ചിത്രമായ രാമലീല തന്നെ. ജൂലൈ ഏഴിന് രാമലീല റിലീസാകും. ചിത്രം ദിലീപ് എന്ന നായക നടന്റെ വാട്ടർ ലൂ ആകുമെന്നു കരുതുന്നവരുമുണ്ട്. എന്നും കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ഈ ജന പ്രിയ നായകന്റെ കരുത്ത്.
സിനിമയിൽ വിജയ പരാജയങ്ങൾ സ്വാഭാവികമാണെങ്കിലും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് സിനിമാരംഗത്തുനിന്നു തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. അതുകൊണ്ടാണ് തന്റെ സിനിമകൾ ഇറങ്ങും മുൻപ് ഇത്തരം അപവാദ പ്രചാരണങ്ങൾ പതിവാണെന്ന് അദ്ദേഹം പറയുന്നതും.
പുലിമുരുകൻ എന്ന ബ്ലോക്ബസ്റ്ററിനുശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ് രാമലീല. ദിലീപ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രം വന്പൻ ഹിറ്റായാൽ അപവാദ പ്രചാരണങ്ങളെ കുടഞ്ഞെറിഞ്ഞതായി അദ്ദേഹത്തിനും ആരാധകർക്കും ആശ്വസിക്കാം.
തന്നെ പൊതു ജനമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായി അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ പറയുകയും ചെയ്യാം. പ്രഫ.ഡിങ്കൻ ഉൾപ്പെടെയുള്ള നിരവധിചിത്രങ്ങൾ ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുണ്ടെങ്കിലും ‘രാമലീല’ ദിലീപിന് ഏറെ നിർണായകമാകുന്നത് നിലവിലെ സിനിമക്കപ്പുറത്തെ സാഹചര്യങ്ങൾ കൊണ്ടാണ്. അതേസമയം നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ഈ നടനുചുറ്റും കറങ്ങുന്നത് ഒഴിവാകാൻ ഒരു സിനിമാ വിജയം കൊണ്ടു കഴിയില്ലെന്നു വാദിക്കുന്നവരും ഏറെ.
നിലവിൽ സൂപ്പർതാര ചിത്രങ്ങളൊന്നും തിയറ്ററുകളിലില്ല.ഫഹദ് ഫാസിൽ നായകനായ റോൾ മോഡൽസ് എന്ന ചിത്രം മാത്രമാണ് പെരുന്നാൾ ചിത്രമായി എത്തിയ താരചിത്രം. ജൂണ്‍ 29-ന് ഫഹദിന്റെ തന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയും, പ്രൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന ടിയാൻ എന്നീ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. അതിനുശേഷമാണ് രാമലീല എന്ന ദിലീപ് ചിത്രം പ്രദർശനത്തിനെത്തുക. ഇതിനു പുറമേ ഒരു സിനിമാക്കാരൻ, അവരുടെ രാവുകൾ എന്നീ ചിത്രങ്ങളും ജയം രവിയുടെ വനം മകൻ എന്ന ചിത്രവും കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനുണ്ട്്.സച്ചിയുടെ തിരക്കഥയിൽ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രത്തിൽ രാമനുണ്ണി എന്ന എംഎൽഎയുടെ വേഷമാണ് ദിലീപിന്.
ലയണ്‍ എന്ന ചിത്രത്തിനുശേഷം ശരിക്കും ഒരു രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ജനപ്രിയ നായകന്. ലയണ്‍ എന്ന ജോഷി ചിത്രം വലിയ വിജയമൊന്നുമായില്ലെങ്കിലും പതിവു ചേരുവകളിൽ നിന്നും മാറി നടന്ന ഒരു സിനിമയായിരുന്നു ലയണ്‍. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയാണ് രാമലീല ഒരുക്കിയിരിക്കുന്നത്. ഒരു നവാഗത സംവിധായകനാണെങ്കിലും ആറു വർഷത്തിലധികമായി അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചുള്ള പരിചയം അരുണ്‍ ഗോപിക്കുണ്ട്. അതിനൊപ്പം അനാർക്കലി ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ സച്ചിയും.
എന്തായാലും ഇതുവരെയില്ലാത്ത സമ്മർദ്ദമാണ് സംവിധായകന്.
കാരണം ദിലീപ് എന്ന നടന്റെ ഈ സിനിമ ഇപ്പോൾ വിവാദങ്ങളുമായി കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുകയാണ്. ദിലീപിനൊപ്പം ഈ സിനിമയെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന വാദവുമായിനിർമാതാവ് ടോമിച്ചൻ മുളകുപാടവും രംഗത്തെത്തികഴിഞ്ഞു. രാമലീലയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് കുപ്രചാരകർ രംഗത്തിറങ്ങിയതെന്നും ഇതോടെ ഇവരുടെ ലക്ഷ്യം സിനിമയും ദിലീപുമാണെന്ന് ബോധ്യമായെന്നും ടോമിച്ചൻ മുളകുപാടം ഫേസ്ബുക്കിൽ കുറിച്ചു.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിഷയം ഒരു സിനിമയുടെ വിജയപരാജയങ്ങളിലേക്കുള്ള ചർച്ചയായി ചുരുങ്ങുന്നതിനും മലയാള സിനിമ സാക്ഷിയായിക്കഴിഞ്ഞു. ഈ വർഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ ദിലീപ് ചിത്രമാണ് രാമലീല. ഏപ്രിൽ ഒന്നിനിറങ്ങിയ ജോർജേട്ടൻസ് പൂരം കഴിഞ്ഞ് രണ്ടു മാസത്തിനുശേഷമാണ് പുതിയ ചിത്രം റിലീസ് ചെയ്യുന്നത്. ഡോക്ടർ ലവ് എന്ന ചിത്രത്തിനുശേഷം കെ. ബിജു സംവിധാനം ചെയ്ത ഈ സിനിമ പരാജയപ്പെടുത്തുന്നതിനായി ചിലർ ശ്രമിച്ചതായി നേരത്തെ ആരോപണമുയർന്നിരുന്നു. എന്തായാലും രണ്ട് സിനിമയ്ക്കുള്ള കഥകളും ട്വിസ്റ്റുകളുമാണ് സിനിമാ മേഖലയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.