ഏറെ വിവാദങ്ങള്‍ക്കും നാടകീയസംഭവവികാസങ്ങള്‍ക്കും ശേഷമാണ് ദിലീപ് നായകനായ രാമലീല പ്രദര്‍ശനത്തിനെത്തിയത്. അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം അരുണ്‍ ഗോപി ചിത്രം, രാമലീലയുടെ റിലീസ് അനശ്ചിതത്വത്തിലായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകപ്പാടവും ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചിരുന്നു. എന്നാല്‍ ദിലീപിന് ജാമ്യം നിഷേധിക്കുന്നത് ഹൈക്കോടതിയും മജിസ്‌ട്രേറ്റ് കോടതിയും ആവര്‍ത്തിച്ചതോടെ വലിയ റിസ്‌ക് എടുത്തുകൊണ്ടുതന്നെ രാമലീല റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളില്‍ എത്തിയ രാമലീല വലിയ കളക്ഷനുമായി ബോക്‌സോഫീസ് അടക്കിവാഴുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദിലീപ് ഫാന്‍സ് മനപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണിതെന്ന ആരോപണങ്ങള്‍ ഉയരുമ്പോഴാണ് രാമലീലയുടെ വിജയത്തിന് തെളിവാകുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയകളില്‍ വൈറലായിരിക്കുന്നത്. രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി താന്‍ സംവിധാനം ചെയ്ത സിനിമ കാണാന്‍ തിയറ്ററില്‍ എത്തിയപ്പോള്‍ ഉണ്ടായ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
സ്വന്തം നാടായ വര്‍ക്കലയിലെ വിമല തിയറ്ററില്‍ സിനിമ കാണാനെത്തിയ അരുണ്‍ ഗോപിയ്ക്ക് ഇരിക്കാന്‍ സീറ്റ് കിട്ടിയില്ലെന്നും അവസാനം നിലത്തിരുന്നാണ് അദ്ദേഹം സിനിമ കണ്ടതെന്നുമാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് പോലും സീറ്റ് കിട്ടിയില്ലെങ്കില്‍ ആ ചിത്രത്തിന്റെ സ്വീകാര്യത എത്രമാത്രമാണെന്ന് ചിന്തിച്ചുനോക്കൂ എന്നാണ് രാമലീലയെും ദിലീപിനെയും അനുകൂലിക്കുന്നവര്‍ പറയുന്നത്. പലയിടത്തും ടിക്കറ്റ് കിട്ടാന്‍ ഇല്ലാത്ത അവസ്ഥയാണെന്നും ഏറെ വൈകിയും തിയറ്ററുകള്‍ സ്പെഷ്യല്‍ ഷോകള്‍ സംഘടിപ്പിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. തറയിലാണിരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം മാത്രം മതി, ചിത്രം വിജയിച്ചു എന്നതിന് തെളിവായി എന്നും അവര്‍ പറയുന്നു.