കൊച്ചി: ‘നായകൻ’ ജയിലിനു പുറത്തിറങ്ങിയത് രാമലീലയുടെ വിജയത്തിന്റെ മാറ്റ് വർധിപ്പിക്കുമെന്ന പ്രതീക്ഷയിൽ ദിലീപ് ആരാധകരും സിനിമാ അണിയറ പ്രവർത്തകരും. ഏറെ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ വൻ വിജയത്തിൽ പ്രദർശനം തുടരവേ സിനിമയിലെ നായകനായ ദിലീപ് ജയിൽമോചിതനായി പുറത്തിറങ്ങിയതു സിനിമയുടെ വിജയത്തിളക്കം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ദിലീപ് നായകനായ രാമലീല കഴിഞ്ഞ 28നാണ് തീയേറ്ററുകളിലെത്തിയത്. ദിലീപിന്റെ നിലവിലെ ജീവിതസാഹചര്യങ്ങളുമായി ഏറെ സാദൃശ്യം തോന്നിക്കുന്ന സിനിമയുടെ റിലീസിംഗ് ദിലീപിന്റെ അറസ്റ്റും ചിത്രത്തിനെതിരായ പ്രചാരണങ്ങളുംമൂലം പലകുറി നീട്ടിവച്ചിരുന്നു. ചിത്രം പ്രദർശനത്തിനു തയാറെടുക്കുന്ന സമയത്തായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലായത്. ഇതോടെ ചിത്രീകരണ ജോലികൾ പൂർത്തിയാക്കിയ സിനിമയുടെ റിലീസിംഗും പ്രതിസന്ധിയിലായി. ദിലീപിനു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ പലകുറി നീട്ടിക്കൊണ്ടു പോയ ചിത്രത്തിന്റെ റിലീസിംഗ് കഴിഞ്ഞ 28ന് നടത്താൻ നിർമാതാവ് ടോമിച്ചൻ മുളകുപാടം തീരുമാനിക്കുകയായിരുന്നു.
രാമലീലക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നതിനെത്തുടർന്ന് റിലീസ് ചെയ്യുന്ന തിയറ്ററുകൾക്കു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാനത്തു 191 തിയറ്ററുകളിലാണു രാമലീല പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത മിക്ക തിയറ്ററുകളിലും നിറഞ്ഞ സദസിലാണു സിനിമാ പ്രദർശനം മുന്നോട്ടുപോകുന്നത്. സിനിമയ്ക്കു വരുംദിവസങ്ങളിൽ കൂടുതൽ സ്വീകാര്യതയുണ്ടാകുമെന്ന പ്രതീക്ഷയിൽതന്നെയാണ് അണിയറ പ്രവർത്തകരും.