കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി മൂന്ന് മാസത്തോളം ജയിലില്‍ കഴിയുകയും കേസിന്റെ പേരില്‍ നിരവധി ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വരികയും ദിലീപ് നായകനായ ചിത്രം തിയറ്ററില്‍ പോയി കാണരുതെന്ന് പ്രചാരണങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടും അതിനെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് രാമലീല വിജയത്തേരില്‍ ഏറിയിരിക്കുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല 55 ദിവസം കൊണ്ട് 55 കോടി രൂപയാണ് സ്വന്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിതിന് പിന്നാലെ ദിലീപിനും റിലീസിനൊരുങ്ങിയ രാമലീലയ്ക്കും എതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് ദിലീപ് ചിത്രം വന്‍ വിജയം കൊയ്തത്. സംവിധായകനായ അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചിത്രം 55 കോടി ക്ലബിലെത്തിയെന്ന വിവരം സംവിധായകന് ആരാധകരെ അറിയിച്ചത്. പുലിമുരുകന് ശേഷം ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച ചിത്രമാണ് രാമലീല.
പ്രതിബന്ധങ്ങളെ മറികടന്ന് രമലീലയെ 55 കോടി ക്ലബില്‍ എത്താന്‍ സഹായിച്ച ദൈവത്തിന് നന്ദി. ഞങ്ങളുടെ വിജയത്തിനായി സംഭാവനകള്‍ നല്കിയ എല്ലാവര്ക്കും നന്ദി. ടോമിച്ചായനും ദിലീപേട്ടനും, സച്ചിയേട്ടനും നോബിളിനും ഹൃദയംഗമായ നന്ദി. നിങ്ങളില്ലാതെ ഇത് സാധ്യമാകില്ലായിരുന്നു. ഈ വിജയത്തിന് ദിലീപേട്ടനോട് കടപ്പെട്ടിരിക്കുന്നു. അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഷാഫി സംവിധാനം ചെയ്ത 2 കണ്ട്രീസിന് ശേഷം 50 കോടി ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ ദിലീപ് ചിത്രമാണ് രാമലീല. ഇതേക്ലബില് ഇടം ലഭിക്കുന്ന പത്താമത്തെ മലയാളസിനിമ കൂടിയാണ് ഈ ചിത്രം. പതിനാല് കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ ഇരുപത്തെട്ടിനാണ് തിയറ്ററുകളില്‍ എത്തിയത്.