“രാമലീല എന്ന സിനിമയിൽ ആദ്യാവസാനം ഒരു രാഷ്ട്രീയമുണ്ട്. ആദ്യാവസാനം പൊളിറ്റിക്കൽ സീക്വൻസുകളിലൂടെയും പൊളിറ്റിക്സിലൂടെയും കടന്നുപോകുന്ന സിനിമ തന്നെയാണ് രാമലീല. പക്ഷേ, തീർത്തും പൊളിറ്റിക്കൽ സിനിമയാണെന്നു പറയാനാവില്ല. പൊളിറ്റിക്സിനപ്പുറം ചില കാര്യങ്ങളിലേക്കും ഈ സിനിമ കടന്നുപോകുന്നുണ്ട്. അപ്പോഴും പൊളിറ്റിക്സിന്റെ ബാക്ക്ഡ്രോപ്പ് ഈ സിനിമയെ പിടിച്ചുനിർത്താൻ സഹായിക്കുന്നുണ്ടുതാനും. ത്രില്ലർ ജോണറിലുള്ള പൊളിറ്റിക്കൽ സ്റ്റോറിയാണു രാമലീല…”
സച്ചിയുടെ രചനയിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച് ദിലീപും പ്രയാഗയും മുഖ്യവേഷങ്ങളിലെത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ രാമലീലയെക്കുറിച്ച് സംവിധായകൻ അരുണ് ഗോപി സംസാരിക്കുന്നു.
സിനിമയിലേക്കുള്ള വഴി…
വർക്കലയ്ക്കടുത്ത് ഇടവയാണു സ്വദേശം. സിനിമാ സംവിധായകനാവുക എന്നുള്ളതു ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. ഡിഗ്രി കഴിഞ്ഞു നിൽക്കുന്പോഴാണ് ജനകൻ സിനിമയുടെ സംവിധായകൻ സജി പരവൂരിനെ പരിചയപ്പെടുന്നത്. വാസ്തവത്തിൽ അദ്ദേഹമാണ് എന്റെ മെൻഡർ. സിനിമയിലേക്ക് എന്നെ കൊണ്ടുവന്നതും അസിസ്റ്റന്റായി കൂടെ നിർത്തിയതും അദ്ദേഹമാണ്. അദ്ദേഹം അക്കാലത്ത് കെ.മധുസാറിനൊപ്പം ഒരു പടത്തിൽ അസി.ഡയറക്ടറായി വർക്ക് ചെയ്തിരുന്നു. ആ സിനിമയ്ക്ക് ഒരു കോപ്പി റൈറ്ററെ ആവശ്യമുണ്ടായിരുന്നു. എന്റെ കൈയക്ഷരം അത്യാവശ്യം നന്നായിരുന്നു. അങ്ങനെ സജിചേട്ടനിലൂടെ കോപ്പി റൈറ്ററായാണ് ഞാൻ സിനിമയിലേക്ക് എത്തിപ്പെടുന്നത്.
സജിചേട്ടൻ അസോസിയേറ്റായി വർക്ക് ചെയ്തിരുന്ന സിനിമകളിലൊക്കെ അസിസ്റ്റന്റ് എന്ന നിലയിൽ എന്നെയും കൂട്ടുമായിരുന്നു. പിന്നീടു ലെനിൻ രാജേന്ദ്രൻ സാർ, വി.എം. വിനു സാർ, ദീപു കരുണാകരൻ തുടങ്ങിയവരുടെ സിനിമകളിലും പ്രവർത്തിച്ചു. സജിചേട്ടനിലൂടെയാണ് ലെനിൻ സാറിനും വിനു സാറിനും ഒപ്പം വർക്ക് ചെയ്യാനുള്ള അവസരമുണ്ടായത്. എഴുതാറുണ്ടായിരുന്നു. എങ്കിലും സംവിധാനത്തോടായിരുന്നു അന്നേ താത്പര്യം. സംവിധായകൻ എഴുത്തുകാരൻ കൂടിയായിരിക്കണമെന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. കാരണം, നമ്മുടെ സ്വാതന്ത്ര്യം വളരെ വലുതാണല്ലോ.
രാമലീലയിലേക്ക് എത്തിയത്….
സച്ചി എന്ന എഴുത്തുകാരനെ എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ കാന്പുണ്ടാവും. അതേസമയം വിനോദത്തിനുള്ള ഘടകങ്ങളും ഉണ്ടാകും. അതുകൊണ്ടാണ് ഒരു സ്ക്രിപ്റ്റിനു വേണ്ടി ഞാൻ സച്ചിയേട്ടനെ സമീപിച്ചത്. പ്രൊഡക്ഷൻ കണ്ട്രോളർ നോബിളിലൂടെയാണു ഞാൻ സച്ചിയേട്ടനിൽ എത്തിയത്. ഞാൻ സച്ചിയേട്ടനെ വിളിക്കുകയും പിന്നീടു നേരിൽ കാണുകയും ചെയ്തു. അത്തരം കൂടിക്കാഴ്ചകൾക്കിടെ ഒരു ദിവസം സച്ചിയേട്ടൻ പറഞ്ഞു – നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യാം. പല കഥകൾ ചർച്ച ചെയ്തെങ്കിലും അവസാനം രാമലീല എന്ന കഥയിൽ വന്നെത്തി.
രാമലീലയുടെ പ്രമേയം, കഥാപശ്ചാത്തലം…
കേരളത്തിൽ എന്നു രാഷ്ട്രീയം ഉണ്ടായോ, എന്ന് ഇവിടെ ജനാധിപത്യം തുടങ്ങിയോ അന്നുമുതലുള്ളതും ഇനി എത്രകാലം ഇവിടെ പൊളിറ്റിക്സ് ഉണ്ടാകുമോ അന്നും ഇവിടെ തുടരുന്നതുമായ ഒരു വിഷയത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. സമകാലിക രാഷ്ട്രീയത്തിലുണ്ടായ ഒരു പ്രത്യേക വിഷയവും ഈ സിനിമയിൽ ഹൈലൈറ്റ് ചെയ്തു പറയുന്നില്ല. ഏതെങ്കിലും ഒരു പാർട്ടിയിലൂടെയല്ല ഇതിൽ കേരളരാഷ്ട്രീയം ചർച്ച ചെയ്യുന്നത്. സ്വാഭാവികമായും കേരളത്തിലെ രാഷ്ട്രീയം ചർച്ചചെയ്യുന്പോൾ അതിനെ പ്രതിനിധാനം ചെയ്യാനായി കേരളത്തിൽ നമ്മൾ കണ്ടുപഴകിയ, നമ്മുടെ ശീലങ്ങളിൽപ്പെടുന്ന പാർട്ടികളെ ഉൾപ്പെടുത്തേണ്ടിവരും. അത്തരത്തിലുള്ള ഉൾപ്പെടുത്തൽ മാത്രമാണ് ഈ സിനിമയിലുള്ള രാഷ്ട്രീയകക്ഷികൾ.
കേരളത്തിന്റെ രാഷ്ട്രീയം ഞങ്ങൾ ചർച്ചചെയ്യുന്നു എന്നേയുള്ളൂ. അതിനുമപ്പുറം പാർട്ടികളുടേതായ അജണ്ടകളോ സിനാരിയോസോ ഈ സിനിമയിൽ ചർച്ചയാകുന്നില്ല. പൂർണമായും ഇതൊരു പൊളിറ്റിക്കൽ മൂവി അല്ല. പക്ഷേ, ഈ സിനിമയ്ക്കുള്ളിൽ കൃത്യമായ പൊളിറ്റിക്സ് ഉണ്ട്. ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളോ പൊളിറ്റിക്കൽ പാർട്ടിക്കുള്ളിൽ നടക്കുന്ന കുതികാൽവെട്ടുകളോ…അങ്ങനെ കറന്റ് സിറ്റ്വേഷനുകളുമായി ബന്ധപ്പെടുത്താവുന്ന സീക്വൻസുകളോ… അങ്ങനെയൊന്നുമല്ല പ്രമേയപരമായി രാമലീല. പൊളിറ്റിക്കൽ സിനിമ എന്നു പറയുന്നതിലുപരി ഈ സിനിമയ്ക്കുള്ളിൽ വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നുപറയുന്നതാണു ശരി.
രാമനുണ്ണിയെക്കുറിച്ച്….
ശക്തമായ ഒരു രാഷ്ട്രീയപശ്ചാത്തലത്തിൽ നിന്നുവന്നയാളാണ് രാമനുണ്ണി. രാമനുണ്ണിയുടെ അമ്മയും അച്ഛനുമെല്ലാം ഐക്കര എന്ന നാട്ടിൻപുറത്തെ വളരെ ശക്തരായ സഖാക്കന്മാരായിരുന്നു. വളരെ ശക്തമായ കുടുംബപശ്ചാത്തലത്തിൽ നിന്നു വന്നയാളാണ് രാമനുണ്ണി. കുടുംബത്തോടു പ്രതിബദ്ധതയുള്ളയാളാണു രാമനുണ്ണി. കുടുംബത്തിനുവേണ്ടി ജീവിക്കുന്നയാളാണ്. അതേപോലെതന്നെ സമൂഹത്തിനുവേണ്ടിയും.
കഥാപശ്ചാത്തലം…
തരക്കേടില്ലാത്ത രീതിയിൽ പ്രാക്ടീസുള്ള വക്കീലായിരുന്നു സാധാരണക്കാരിൽ സാധാരണക്കാരനായ രാമനുണ്ണി. വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നുവെങ്കിലും രാമനുണ്ണിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വ് ഉണ്ടായിരുന്നില്ല. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ പൊളിറ്റിക്സിൽ വന്നുപെടുകയും അയാളുടെ സിരകളിലോടുന്നത് ചുവന്ന രക്തംതന്നെ ആയതുകൊണ്ട് ചുവപ്പിന്റെ രാഷ്ട്രീയത്തിനൊപ്പം എത്തിപ്പെടുകയുമാണ്. രാമനുണ്ണിയെപ്പോലെ ഒരു സാധാരണക്കാരൻ പൊളിറ്റിക്സിലേക്ക് എത്തിപ്പെടുന്പോൾ അപ്രതീക്ഷിതമായി അയാൾക്കു ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. അപ്പോൾ ഉണ്ടാകുന്ന പതർച്ചയിൽ നിന്നാണ് സിനിമയുടെ കഥ വികസിക്കുന്നത്.
ദിലീപിലേക്ക് എത്തുന്നത്…
രാമനുണ്ണി എന്ന കഥാപാത്രം സാധാരണക്കാരനാണ്. നെക്സ്റ്റ് ഡോർ ഇമേജുള്ള ആളാണ്. അതേസമയം ഒരുപാടു കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നു തോന്നുന്ന ആളായിരിക്കുകയും വേണം. അദ്ദേഹത്തിന്റെ ശരീരഭാഷ, സംസാരരീതി എന്നിവയിലൊക്കെ എവിടെയൊക്കെയോ നർമം ഉണ്ടെന്നു തോന്നണം. അതേസമയം അയാളുടെ ഉള്ളിൽ എവിടെയോ ഒരു കനലുണ്ടാവണം. അങ്ങനെ പല ഡയമെൻഷനുകളിലൂടെയാണ് രാമനുണ്ണി കടന്നുപോകുന്നത്. അങ്ങനെയുള്ള ഒരു കഥാപാത്രം വന്നപ്പോൾ ഞങ്ങളുടെ ചിന്ത ആദ്യമെത്തിയതു ദിലീപേട്ടനിൽ ആയിരുന്നു.
ഈ കഥയുടെ ത്രഡ് പറഞ്ഞപ്പോൾത്തന്നെ ദിലീപേട്ടൻ അതിൽ ഏറെ താത്പര്യം കാണിച്ചു. സച്ചി എന്ന എഴുത്തുകാരനിൽ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു. സച്ചി എന്ന എഴുത്തുകാരൻ നേരിട്ടുവന്ന് ഒരു കഥ പറയുന്പോൾ അതു മോശമാവില്ല എന്ന വിശ്വാസത്തിലാണ് ദിലീപേട്ടൻ ഈ പ്രോജക്ട് കമിറ്റ് ചെയ്തത്. അല്ലാതെ, പൂർണമായ ഒരു സ്ക്രിപ്റ്റ് കേട്ടിട്ടായിരുന്നില്ല അദ്ദേഹം കമിറ്റ് ചെയ്തത്. ഷൂട്ടിംഗ് തുടങ്ങുന്നതിനു തൊട്ടുമുന്പാണ് സച്ചി പൂർണമായ സ്ക്രിപ്റ്റിലേക്ക് എത്തിയത്.
പുലിമുരുകനുശേഷം ടോമിച്ചൻ മുളകുപാടം നിർമിച്ച സിനിമ…
പുലിമുരുകന്റെ റിലീസിനു മുന്പുതന്നെ ടോമിച്ചായൻ ഈ സിനിമ കമിറ്റ് ചെയ്തിരുന്നു. വാസ്തവത്തിൽ എനിക്കു ടോമിച്ചായനുമായി വലിയ പരിചയം ഉണ്ടായിരുന്നില്ല. സിനിമയിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ പ്രൊഡക്ഷൻ കണ്ട്രോളർ നോബിളിനോട് സച്ചിയേട്ടന്റെ സ്ക്രിപ്റ്റിനെക്കുറിച്ചു ഞാൻ ഒരിക്കൽ സൂചിപ്പിച്ചു. അന്നു ഞങ്ങൾ ദിലീപിനോടു കഥ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ടോമിച്ചായനെക്കൊണ്ടു പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം എന്ന് നോബിൾ പറഞ്ഞു.
ടോമിച്ചായൻ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യുമെന്നു ദിലീപേട്ടനോടു പറയാൻ നോബിളാണു സപ്പോർട്ടായത്. അങ്ങനെ ഞങ്ങൾ ദിലീപേട്ടനോടു കഥ പറഞ്ഞു. കഥ കേട്ടശേഷം ദിലീപേട്ടൻ ടോമിച്ചായനുമായി ഫോണിൽ സംസാരിച്ചു. ദീലീപിന് ഓകെയാണെങ്കിൽ പിന്നെ എനിക്ക് എന്താണു പ്രശ്നമെന്നു ടോമിച്ചായന്റെ മറുപടി. അങ്ങനെ ടോമിച്ചായൻ എന്നെ നേരിൽ കാണുന്നതിനു മുന്പേ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്നു കമിറ്റ് ചെയ്തു. നോബിളിന്റെ വാക്കിന്റെ ഉറപ്പിലാണ് വാസ്തവത്തിൽ ടോമിച്ചായൻ ഈ സിനിമ കമിറ്റ് ചെയ്തത്. ടോമിച്ചായന്റെ പുലിമുരുകൻ ഉൾപ്പെടെയുള്ള സിനിമകളുടെ പ്രൊഡക്ഷൻ കണ്ട്രോളർ ആയിരുന്നു നോബിൾ.
രാമലീല പൃഥ്വിരാജിനു വേണ്ടി ഉണ്ടാക്കിയ കഥയാണെന്നും പിന്നീടു ദിലീപിനെ പരിണിക്കുകയായിരുന്നുവെന്നും തിരക്കഥാകൃത്ത് സച്ചി പറഞ്ഞതായി ചില ഓണ്ലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്. ഇതിലെ വാസ്തവം എന്താണ്..?
അത്തരം പ്രചാരണങ്ങളിൽ ഒട്ടും വാസ്തവമില്ല. അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് സച്ചിയേട്ടൻ എന്നോടു പറഞ്ഞത്. സത്യത്തിൽ രാമലീല എന്ന സിനിമ ഞാനായാലും സച്ചിയേട്ടനായാലും ടോമിച്ചായനായാലും ദിലീപ് എന്ന നടനുവേണ്ടി മാത്രം ഉണ്ടാക്കിയതാണ്. അദ്ദേഹത്തെക്കുറിച്ചു മാത്രമേ ഞങ്ങൾ ചിന്തിച്ചിട്ടുള്ളൂ. ദീലീപ് എന്ന നടന് വളരെ അനുയോജ്യമായ വേഷമാണ് രാമലീലയിലെ രാമനുണ്ണി. അദ്ദേഹത്തെ റീപ്ലേസ് ചെ യ്യാൻ പറ്റാത്ത ഒരു കാരക്ടറാണത്. രാമലീല കാണുന്പോൾ എല്ലാവർക്കും അതു മനസിലാവും. വളരെ നന്നായി അദ്ദേഹം അതു ചെയ്തിട്ടുമുണ്ട്. അവിടെ ഒരു പുനർചിന്തനമോ വേറിട്ട മറ്റൊരു ചിന്തയോ ഉണ്ടായിട്ടില്ല. അന്നും ഇന്നും എന്നും ദിലീപ് എന്ന നടന്റെ പേരിൽ തന്നെയാണു രാമലീല.
ദിലീപുമൊത്തുള്ള ചിത്രീകരണ അനുഭവങ്ങളെക്കുറിച്ച്..
ഒറ്റവാക്കിൽ പറഞ്ഞാൽ വണ്ടർഫുൾ. ഞാനൊരു വലിയ ദിലീപ് ഫാനാണ്. ദിലീപേട്ടന്റെ പടങ്ങൾ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കാലത്താണ് എന്റെ സ്കൂൾടൈം. ഞാൻ ഒന്പതാം ക്ലാസിൽ പഠിക്കുന്പോഴാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ റിലീസാകുന്നത്. ആ സമയത്ത് എക്സാം പോലും എഴുതാതെ ചന്ദ്രനുദിക്കുന്ന ദിക്കിൽ കാണാൻ പോയ ആളാണു ഞാൻ. വാസ്തവത്തിൽ അത്രയ്ക്കു കട്ട ദിലീപ് ഫാനാണു ഞാൻ. അങ്ങനെയൊരു ഫാൻ ബോയിയിൽ നിന്നു സംവിധായകനിലേക്ക് എത്തുന്പോൾ എന്താവും എന്ന മട്ടിലുള്ള ഒരുപാട് ആകാംക്ഷകളും പ്രശ്നങ്ങളുമുണ്ടായിരുന്നു എനിക്ക്.
അടുത്ത സൗഹൃദമൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. ഒരു സംവിധായകൻ എന്ന നിലയിലുള്ള പരിഗണന എനിക്കു നല്കിയതും എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവുമൊക്കെ എന്നെ അന്പരപ്പിക്കുന്ന രീതിയിലായിരുന്നു. അദ്ദേഹത്തിന്റെ ക്വാളിറ്റിയും എക്സ്പീരിയൻസുമൊക്കെയാവാം അതിനു പിന്നിൽ. സംവിധായകൻ ആരാണെന്നുള്ളതല്ല, ആ ഒരു സ്ഥാനത്തിന് അദ്ദേഹം നല്കുന്ന വിലയായിരിക്കാം അതിനു പിന്നിൽ എന്ന് എനിക്കു തോന്നുന്നു. ഏറെ നല്ല അനുഭവമായിരുന്നു അത്. സെറ്റിൽ അദ്ദേഹം ഏറെ ജോളി ആയിരുന്നു. രസകരമായ സിറ്റ്വേഷനുകളിലൂടെയാണു ഞങ്ങൾ കടന്നുപോയത്. യാതൊരുവിധ ടെൻഷനോ മാനസിക സമ്മർദ്ദമോ തരില്ല. എന്താണാ നമ്മൾ ആഗ്രഹിക്കുന്നത്, അതു ഷൂട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ദിലീപ്സിനിമ ആയതുകൊണ്ടുതന്നെ കുറേ സ്വാതന്ത്ര്യങ്ങൾ സംവിധായകനു കിട്ടി. അതൊക്കെ ദിലീപ്സിനിമയുടെ പ്ലസ് ആയിട്ടാണ് എനിക്കു തോന്നുന്നത്.
ദിലീപേട്ടൻ സ്ഥിരമായി ചെയ്തുവന്ന തരത്തിലുള്ള ഒരു സിനിമയല്ല രാമലീല. അദ്ദേഹം ഇത്രയുംകാലം ചെയ്തതരത്തിൽപെട്ട കഥാപാത്രങ്ങളിലൊന്നല്ല രാമനുണ്ണി. രാമനുണ്ണി എന്ന കഥാപാത്രവുമായി ഞാൻ സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലു വർഷമായി. 2012 ൽ ഞങ്ങൾ ചർച്ച ചെയ്തു തുടങ്ങിയ സിനിമയാണിത്. 2013 ലാണ് ഞങ്ങൾ ഇതു ദിലീപേട്ടനോടു പറയുന്നത്. അത്രയുംകാലം രാമനുണ്ണിക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ എന്താണ് അരുണ് ഉദ്ദേശിക്കുന്ന രാമനുണ്ണി എന്ന് അദ്ദേഹം എന്നോടു ചോദിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എനിക്ക് ഈ സിനിമയിൽ ആവശ്യമുള്ളതെല്ലാം ചെയ്യാൻ അദ്ദേഹം തയാറായിട്ടുണ്ട്.
നായികയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട് രാമലീലയിൽ.?
സാധാരണ സിനിമകളിൽ നായിക എന്നു പറയുംപോലെയുള്ള ഒരു നായികയല്ല രാമലീലയിലെ പ്രയാഗ. ഈ സിനിമയിലും കഥയുടെ മുന്നോട്ടുള്ള വഴികളിലുമൊക്കെ നായികയുടെ കൃത്യമായ ഇടപെടലുകളും സ്വാധീനവുമുണ്ട്. ഈ പ്രോജ്ക്ട് തുടങ്ങിയ സമയത്തും ഇപ്പോഴുമെല്ലാം പുതുമയുള്ള അഭിനേത്രിയാണു പ്രയാഗ.
പ്രയാഗ ചെയ്തിട്ടുള്ളതൊക്കെ നാടൻ കഥാപാത്രങ്ങളായിരുന്നു. ഈ സിനിമയിൽ നാടൻ അല്ലാത്ത ഒരു കഥാപാത്രം ചെയ്യാൻ ഒരു പെണ്കുട്ടിയെ ആവശ്യമായിരുന്നു. കുറച്ചു ബോൾഡായിരിക്കണം. ഉറച്ച നിലപാടുകൾ ഉണ്ടെന്നു തോന്നണം. നാടൻ കഥാപാത്രങ്ങൾ ചെയ്യുന്പോൾത്തന്നെ പ്രയാഗയിൽ എവിടയോ കുറച്ച് ആറ്റിറ്റ്യൂഡും ബോൾഡ്നെസുമൊക്കെ കണ്ടിരുന്നു. അതുകൊണ്ടാണ് ഹെലന എന്ന കഥാപാത്രത്തിലേക്ക് പ്രയാഗയെ കാസ്റ്റ് ചെയ്തത്. ഹെലന ആർക്കിടെക്റ്റാണ്. ശക്തമായ കാഴ്ചപ്പാടുകൾ ഉള്ള പെണ്കുട്ടിയാണു ഹെലന. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും എന്താണു ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും കൃത്യമായ ബോധ്യമുള്ള പെണ്കുട്ടിയാണ്. ഹെലനയും രാമനുണ്ണിയും വളരെ യാദൃച്ഛികമായാണു കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും.
പ്രണയത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് രാമലീലയിൽ..
പ്രകടമായ പ്രണയമുള്ള ഒരു സിനിമയല്ല ഇത്. നായകൻ രാമനുണ്ണിക്കു ഹെലനയോടും ഹെലനയ്ക്കു രാമനുണ്ണിയോടും പ്രണയം ഉണ്ടാകുമായിരിക്കാം. അവർ സഞ്ചരിക്കുന്ന വഴികളിലോ കണ്ടുമുട്ടിയ ഏതെങ്കിലുമൊക്കെ ഇടങ്ങളിലോ അവർക്കിടയിൽ പ്രണയമുണ്ടായിരുന്നിരിക്കാം. അതു പ്രേക്ഷകർ വായിച്ചെടുക്കട്ടെ.
രാധിക ശരത്കുമാർ വീണ്ടും മലയാളത്തിലേക്ക്…
23 വർഷത്തിനുശേഷമാണ് രാധിക ശരത്കുമാർ മലയാളസിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഖാവ് രാഗിണി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ഏറെ ബോൾഡായ സ്ത്രീയാണു സഖാവ് രാഗിണി. ഒരു കേഡർ പാർട്ടിയുടെ വ്യക്തമായ ട്രെയിനിംഗ് ലഭിച്ചിട്ടുള്ള, ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തിന്റെ പിന്തുണയുള്ള, രക്തസാക്ഷിയായ സഖാവ് രാഘവന്റെ ഭാര്യ എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു കഥാപാത്രം. രാമനുണ്ണിയുടെ അമ്മയാണു സഖാവ് രാഗിണി.
സാധാരണക്കാരനായ ഒരാളാണെങ്കിലും ഒരു മന്ത്രിയോ ഡിവൈഎസ്പിയോ ആണെങ്കിലും രണ്ടും ഒരുപോലെ കാണാനുള്ള കണ്ണുകൾ വേണ്ട ഒരു കഥാപാത്രമാണ് സഖാവ് രാഗിണി. ബോൾഡായ, നിലപാടുകളിൽ വ്യക്തതയും കൃത്യതയുമുള്ള, ശരീരഭാഷയിൽ എവിടയൊ കുറച്ചു ധാർഷ്ട്യവും തന്റേടവും തോന്നിക്കുന്ന എന്നാൽ, അമ്മയുടെ വാത്സല്യമുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് രാധിക ശരത്കുമാറിലേക്ക് എത്തുന്നത്. മലയാളത്തിലേക്കുവരാൻ ചെറിയ വൈമുഖ്യമൊക്കെ ആദ്യം അവർ പ്രകടിപ്പിച്ചിരുന്നു. നിരന്തരമുള്ള നിർബന്ധങ്ങൾക്കൊടുവിലാണ് അവർ ഈ സിനിമ കമിറ്റ് ചെയ്തത്.
അവർ ഏറെ പ്രഫഷണലാണ്, കമിറ്റഡാണ്. സ്വന്തം പ്രൊഡക്ഷനിൽപോലും അവർ രാത്രി ഏഴു മണി കഴിഞ്ഞു ഷൂട്ടിംഗിനു നിൽക്കാറില്ല. നമ്മുടെ സിനിമയിൽ രാത്രി സീനുകൾ കൂടുതലായിരുന്നു. ഒരു പുസ്തകവുമായി അവർ സെറ്റിൽ ഒരു ഭാഗത്ത് കാത്തിരിക്കും. വെളുപ്പിനു നാലു മണി ആയാലും അവർ അതേ ഇരുപ്പ് ഇരിക്കുന്നുണ്ടാവും. കിടന്നാൽ കോസ്റ്റ്യൂം ചുളുങ്ങിപ്പോകുമോ എന്നു പേടിച്ചു കിടക്കുക പോലുമില്ലായിരുന്നു. അത്തരത്തിൽ ഏറെ കമിറ്റ്മെന്റുള്ള ഒരു ആർട്ടിസ്റ്റാണു രാധിക ശരത്കുമാർ. എന്നെ നന്നായി അദ്ഭുതപ്പെടുത്തിയ ആർട്ടിസ്റ്റായിരുന്നു അവർ. അവർക്കു മലയാളം അറിയാം എന്നേയുള്ളൂ. വളരെ ഒഴുക്കോടെ മലയാളം പറയില്ല. ശബ്ദതാരം ഭാഗ്യലക്ഷ്മിയാണ് സിനിമയിൽ സഖാവ് രാഗിണിക്കു ശബ്ദം കൊടുത്തിരിക്കുന്നത്.
രാമലീലയിലെ കഥാപാത്രങ്ങൾക്കു കേരള രാഷ്ട്രീയത്തിൽ ആരുമായാണു സാമ്യം….
രാമനുണ്ണി, സഖാവ് രാഗിണി, അന്പാടി മോഹനൻ…തുടങ്ങി ഈ സിനിമയിലെ ഒരു കഥാപാത്രത്തിനും കേരള രാഷ്ട്രീയത്തിലെ ആരുമായും സാദൃശ്യമില്ല എന്നതാണു സത്യം. രാമലീല ഒരു പൊളിറ്റിക്കൽ സിനിമയാണെങ്കിലും ഇതിൽ കേരളത്തിന്റെ പൊളിറ്റിക്സാണു പറയുന്നത്. കേരളത്തിലെ പാർട്ടികളുടെ പൊളിറ്റിക്സ് ഇതിൽ പറയുന്നില്ല. ബോധപൂർവം ആരുടേയും ശൈലികൾ ഒരു കഥാപാത്രത്തിനും നല്കേണ്ട എന്ന് ഞാനും സച്ചിയേട്ടനും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ആരുമായും ഒരു തരത്തിലുള്ള സാമ്യവും ഒരു കഥാപാത്രത്തിനും വേണ്ട എന്നുള്ളതു ബോധപൂർവം എടുത്ത ഒരു തീരുമാനം തന്നെയായിരുന്നു.
ടോമിച്ചൻ മുളകുപാടം എന്ന നിർമാതാവിന്റെ പിന്തുണ…
വലിയ സപ്പോർട്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു കിട്ടുന്നത്. ഇന്നതു ചെയ്യണമെന്നോ ഇന്നതു ചെയ്യരുതെന്നോ ഒരിക്കലും എന്നോടു പറഞ്ഞിട്ടില്ല. പ്രൊഡക്ഷൻ ചെലവുകളുമായി ബന്ധപ്പെടുത്തി ഒരു കാര്യവും പറ്റില്ലെന്ന തരത്തിൽ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. പുതിയ സംവിധായകൻ എന്ന നിലയിൽ എനിക്കു കിട്ടിയ മഹാഭാഗ്യങ്ങളിലൊന്നാണ് ടോമിച്ചായൻ എന്ന പ്രൊഡ്യൂസർ. ഈ പ്രോജക്ടിൽ അദ്ദേഹത്തിന് അത്രമേൽ ഉറച്ച വിശ്വാസമുണ്ട്.
തിരക്കഥാകൃത്ത് സച്ചിയുമൊത്തുള്ള അനുഭവങ്ങൾ…
സംവിധായകനു വളരെ സ്വാതന്ത്ര്യം തരുന്ന തിരക്കഥാകൃത്താണ് സച്ചിയേട്ടൻ. നമ്മുടേതായ എന്തു ഡെവലപ്മെന്റ്സും അങ്ങോട്ടുപറയാം. അദ്ദേഹം സ്ക്രിപ്റ്റ് എഴുതുന്ന സമയത്തുതന്നെ നമ്മളുമായി ചർച്ച ചെയ്യുമായിരുന്നു. ഓരോ ഘട്ടത്തിലും സംവിധായകനെ ഉൾപ്പെടുത്തിക്കൊണ്ടും സംവിധായകനെ അറിഞ്ഞും എഴുതുന്ന ഒരു റൈറ്ററാണ് സച്ചിയേട്ടൻ. സംവിധായകന്റെ മനസറിഞ്ഞുതന്നെ പേന ചലിപ്പിക്കുന്ന ഒരു റൈറ്റർ എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് എനിക്കു തോന്നിയിട്ടുള്ളത്. സംവിധായകനു പൂർണ സ്വാതന്ത്ര്യത്തോടെ സ്ക്രിപ്റ്റ് തന്ന എഴുത്തുകാരനാണ് സച്ചിയേട്ടൻ.
രാമലീല എന്ന പേരിന്റെ പ്രസക്തി…
ഈ സിനിമയുമായി അത്രത്തോളം ബന്ധമില്ലാത്ത ഒരു ടൈറ്റിലാണു രാമലീല. നായക കഥാപാത്രത്തിന്റെ പേരു രാമനുണ്ണി എന്നായതിനാൽ രാമലീല എന്നു പേരിട്ടു. വലിയതരത്തിൽ ഹീറോയിസമുള്ള ഒരു കാരക്ടറാണ് രാമനുണ്ണി എന്ന് എനിക്ക് അഭിപ്രായമില്ല. രാമനുണ്ണി സാധാരണക്കാരനാണ്. വലിയ തന്ത്രങ്ങളൊന്നും രാമനുണ്ണി ഈ സിനിമയിൽ ഉപയോഗിക്കുന്നില്ല. വളരെ സ്ട്രെയിറ്റായ ഒരു രാഷ്ട്രീയക്കാരനാണ് രാമനുണ്ണി. ചില സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും സാഹചര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുന്ന ചില പെടാപ്പാടുകളിൽ പെട്ടുപോവുകയും ചെയ്യുന്ന ഒരാൾ എന്നതിലുപരി രാമനുണ്ണി വലിയ തന്ത്രങ്ങളൊന്നും ഈ സിനിമയിൽ ഉപയോഗിക്കുന്നില്ല.
വിജയരാഘവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച്…
എന്റെ ഇഷ്ടകഥാപാത്രങ്ങളിലൊന്നാണ് വിജയരാഘവൻ ചെയ്യുന്ന അന്പാടി മോഹനൻ. കുട്ടേട്ടൻ അതു വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. കുട്ടേട്ടൻ അടുത്തകാലത്തു പെർഫോം ചെയ്ത സിനിമകളിൽ ഏറ്റവും മികച്ച പെർഫോമൻസുള്ള സിനിമകളിലൊന്നായിരിക്കും ഇത് എന്നിൽ എനിക്കു സംശയമില്ല. രാമനുണ്ണി പാർട്ടിയുടെ എംഎൽഎയും അന്പാടി മോഹനൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയുമാണ്. ഒരേ നാട്ടിലെ പൊളിറ്റിക്സിനെക്കുറിച്ചു ചർച്ച ചെയ്യുന്ന ഒരേ നാട്ടിലെ പൊളിറ്റക്കൽ പാർട്ടിയിൽ സഞ്ചരിക്കുന്ന രണ്ടുപേരാണ് അന്പാടി മോഹനനും രാമനുണ്ണിയും.
ഷാജികുമാറിന്റെ ഛായാഗ്രഹണം…
വളരെ സപ്പോർട്ടീവായ ഒരു കാമറാമാനാണു ഷാജിചേട്ടൻ. സംവിധായകന്റെ മനസിൽ എന്താണെന്നു കാമറയിലൂടെ കാണാൻ ശേഷിയുള്ള ഒരു കാമറാമാനാണു ഷാജികുമാർ. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ നമ്മുടെ മുഖത്തുനിന്നു വായിച്ചെടുക്കുന്ന കാമറാമാൻ. വലിയ ഒരു അനുഗ്രഹം തന്നെയായിരുന്നു ഷാജിചേട്ടനൊപ്പമുള്ള വർക്ക്.
രാമലീലയ്ക്കു സാങ്കേതികപിന്തുണ നല്കിയവർ..
തമിഴ് ചിത്രം ജിഗർതണ്ടയിലൂടെ ദേശീയപുരസ്കാരം ലഭിച്ച എഡിറ്റർ വിവേക് ഹർഷനാണ് എഡിറ്റിംഗ് ചെയ്തത്. വിവേകിന്റെയും നല്ല രീതിയിലുള്ള സംഭാവന ഈ സിനിമയ്ക്കു ലഭിച്ചിട്ടുണ്ട്. ഈ സിനിമ ഒരു ഗ്രൂപ്പ് വർക്കാണ്. ഒരു എഴുത്തുകാരന്റെ മാത്രമെന്നോ ഒരു സംവിധായകന്റെ മാത്രമെന്നോ പറയാൻ കഴിയാത്ത തരത്തിലുള്ള സിനിമയാണിത്. കാരണം ടോമിച്ചായനും ഷാജിചേട്ടനും വിവേക് ഹർഷനും ഗോപിസുന്ദറും സച്ചിയേട്ടനുമൊക്കെ ഉൾപ്പെട്ട വലിയ ഒരു ഗ്രൂപ്പിന്റെ പിന്തുണ ഈ സിനിമയ്ക്കുണ്ട്. സാധാരണ സിനിമയ്ക്ക് ഒരു നട്ടെല്ലാണെങ്കിൽ ഒരുപാടു നട്ടെല്ലുകളുള്ള ഒരു സിനിമയാണിത്.
രാമലീലയിലെ പാട്ടുകൾ..
ഗോപിസുന്ദറാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മൂന്നു പാട്ടുകളുണ്ട്. ഹരിനാരായണനാണു വരികൾ എഴുതിയത്. കഥയുമായും കഥയുടെ സാഹചര്യങ്ങളുമായും ബ്ലെൻഡ് ചെയ്തുപോകുന്ന പാട്ടുകളാണ് ചെയ്തിരിക്കുന്നത്. അല്ലാതെ പാട്ടിനു വേണ്ടി പാട്ട് എന്ന ഒരു രീതി ഈ സിനിമയിലില്ല. “നെഞ്ചിലെരിതീയേ..’ എന്ന തുടങ്ങുന്ന ഗാനം ഹരീഷ് ശിവരാമകൃഷ്ണനും ഗോപിസുന്ദറും ചേർന്നു പാടിയിരിക്കുന്നു. “ഇവിടെ, ഇവിടെ ഈ മണ്ണിൽ..’ എന്ന ഗാനം പാടിയതു മധു ബാലകൃഷ്ണൻ.
മാസ് സിനിമയെന്നു രാമലീലയെ വിശേഷിക്കാനാകുമോ…
മാസ് ഡയലോഗുകളുള്ള, മാസ് സീക്വൻസുകളുള്ള, മാസ് ഫൈറ്റുകളുള്ള… അത്തരത്തിൽ മാസ് സിനിമയെന്ന് രാമലീലയെക്കുറിച്ച് ഒറ്റവാക്കിൽ പറയാനാവില്ല. ക്ലാസ് മിക്സ് ചെയ്തിട്ടുള്ള ഒരു മാസാണ് ഈ സിനിമയ്ക്കകത്തുള്ളത്. ഉറപ്പായും മാസ് ഘടകങ്ങളുള്ള സിനിമയാണു രാമലീല. ഏറെ മാസ് ഇംപാക്ടുകൾ ഉണ്ടാക്കാൻ പറ്റുന്ന സീക്വൻസുകളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണു രാമനുണ്ണി. പക്ഷേ, മാസ് മാത്രമാക്കാൻ പറ്റുന്ന അല്ലെങ്കിൽ മാസിനു വേണ്ടിയിട്ടുള്ള ഒരു സിറ്റ്വേഷനും ഈ സിനിമയിൽ നമ്മൾ ഉണ്ടാക്കിയിട്ടില്ല.
മേക്കിംഗിലെ വെല്ലുവിളികൾ…
കഥാപരമായിത്തന്നെ മേക്കറിന് ഒരുപാടു വെല്ലുവിളികൾ ഉണ്ടാക്കാവുന്ന സിറ്റ്വേഷനുകളും സീനുകളും ഈ സിനിമയിലുണ്ട്. എതു തരത്തിലുള്ള സീനുകളാണ് അതെന്ന് സിനിമ കാണുന്പോൾ മനസിലാവും. അത്തരം സീനുകളിലൂടെ ഈ സിനിമ കടന്നുപോകുന്നുണ്ട്. അതൊക്കെ വെല്ലുവിളിയായി തോന്നി. പുലിമുരുകനുശേഷം ടോമിച്ചൻ മുളകുപാടത്തിന്റെ സിനിമ എന്നു പറയുന്നതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ കാമറാമൻ തന്നെയാണ് ഇതിന്റെയും കാമറാമാൻ. സച്ചി എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ സ്ക്രിപ്റ്റ്. ദിലീപേട്ടൻ എന്ന ജനപ്രിയ നായകൻ ലയണുശേഷം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ…വാസ്തവത്തിൽ എങ്ങോട്ടു തിരിഞ്ഞാലും വലിയ വെല്ലുവിളികൾ തന്നെയാണ്.
ചിത്രീകരണശേഷമുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാമലീലയ്ക്ക് എതിരേയുള്ള പ്രചാരണങ്ങളോടു താങ്കളുടെ പ്രതികരണം…
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. ദിലീപേട്ടൻ എന്ന വ്യക്തി എനിക്കു വളരെ അടുത്തറിയാവുന്ന ഒരാളാണ്. മകളെ വളരെയധികം സ്നേഹിക്കുന്ന ഒരു അച്ഛനാണ്. സ്ത്രീകളോടു ബഹുമാനത്തോടെ പെരുമാറുന്ന മനുഷ്യനാണ്. നല്ല ഒരു സുഹൃത്താണ്.അങ്ങനെയുള്ള ഒരാൾ അത്തരത്തിലൊന്നും ചെയ്യില്ല എന്നാണ് നമ്മുടെ വിശ്വാസം. അങ്ങനെ തന്നെയായിരിക്കും സത്യവും. എവിടെയൊക്കെയോ എന്തൊക്കെയോ മറഞ്ഞുകിടക്കുകയാണ്. യാഥാർഥ്യങ്ങൾ എവിടയോ ഒളിച്ചിരിക്കുകയാണ്. യാഥാർഥ്യങ്ങൾ പുറത്തുവരട്ടെ. കേരള പോലീസിന് അതു കൃത്യമായി കണ്ടെ ത്താൻ കഴിയട്ടെ.
ആർക്കുവേണമെങ്കിലും തെറ്റുപറ്റാം. അന്വേഷണങ്ങളിൽ പാളിച്ചകൾ ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു പാളിച്ചയാണോ അല്ലയോ എന്നൊക്കെ കോടതി കണ്ടെ ത്തി പറയേണ്ടതാണ്. അത്തരത്തിൽ കണ്ടെത്തിയ ഉത്തരങ്ങൾ നമ്മളിലേക്ക് എത്തട്ടെ. സത്യം വ്യക്തമാകട്ടെ. ഇതു പറയുന്പോഴും ഇത്തരത്തിൽ ഒരു അനിഷ്ടസംഭവത്തിന് അല്ലെങ്കിൽ തികച്ചും ദൗർഭാഗ്യകരമായ ഒരു സംഭവത്തിന് വിധേയമാകപ്പെട്ട നമ്മുടെ ഒരു സുഹൃത്തും സഹപ്രവർത്തകയുമായ പെണ്കുട്ടിക്കുണ്ടായ വേദനയോടൊപ്പം നമ്മളും നിൽക്കുന്നു. ആ കുട്ടിക്കു നീതി ലഭിക്കണം. അങ്ങനെ നീതി ലഭിക്കണമെങ്കിൽ ആരാണ് യഥാർഥ പ്രതിയെന്നുള്ളതു പുറത്തുവരണം. യഥാർഥ പ്രതി പുറത്തുവന്ന് ആ പെണ്കുട്ടിക്കു നീതി ലഭിക്കട്ടെ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.
ടി.ജി.ബൈജുനാഥ്