രാമനുണ്ണിയുടെ പ്രതികാരം…! ഏറ്റവും ലളിതമായി രാമലീലയെ ഇങ്ങനെ വിശേഷിപ്പിക്കാം. കേട്ടറിഞ്ഞതു പോലെ തന്നെ രാമലീല പൊളിറ്റിക്കൽ ത്രില്ലർ ശ്രേണിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ്. കേരളത്തിലെ പൊളിറ്റിക്സ് എന്ന് പറയുന്പോൾ ഇടത്-വലത് എന്ന തരംതിരിവ് നിശ്ചയമായും വരും. കേരളം കേട്ടറിഞ്ഞ ഇന്നും കണ്ടുകൊണ്ടിരിക്കുന്ന വടക്കൻ മലബാറിലെ പ്രത്യേകിച്ചും കണ്ണൂരിലെ രാഷ്ട്രീയത്തിന്റെ സാങ്കൽപിക മുഖമാണ് രാമലീല. കണ്ണൂർ രാഷ്ട്രീയമാണ് പറയുന്നതെങ്കിലും സിനിമയിൽ പശ്ചാത്തലം പാലക്കാടാണ്. എൻഎസ്ഡി എന്ന് വലതുപക്ഷ പാർട്ടിക്കും (കോണ്‍ഗ്രസ്) സിഡിപി എന്ന് ഇടതുപക്ഷ പാർട്ടിക്കും (സിപിഎം) കഥാകൃത്ത് സച്ചി പേരും മാറ്റി നൽകിയിട്ടുണ്ട്. ഇത്രയുമാണ് പശ്ചാത്തലം…
കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയുടെ രക്തസാക്ഷിയായ രാഘവന്റെ മകനും അഭിഭാഷകനും എംഎൽഎയുമായ രാമനുണ്ണി (ദിലീപ്) ഇടത് പാളയം വിട്ട് വലതുപക്ഷ രാഷ്ട്രീയത്തോട് ചേരുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. രാമനുണ്ണിയുടെ ചുവടുമാറ്റവും ആയിക്കര (സാങ്കൽപിക അസംബ്ലി മണ്ഡലം) ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളുമാണ് സിനിമയുടെ ആദ്യ പകുതി. ചുവപ്പ് കോട്ടയിൽ നിന്നും ഇടത് എംഎൽഎ എതിർചേരിയിലേക്ക് മാറിയാലുണ്ടാകുന്ന രാഷ്ട്രീയ വെല്ലുവിളികളാണ് രാമനുണ്ണിയെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ രാമനുണ്ണിയെ നേരിടാൻ രക്തത്തിൽ വിപ്ലവം അലിഞ്ഞ അമ്മ രാഗിണിയെ ഇടതുപക്ഷം മത്സര രംഗത്തിറക്കുന്നതോടെ കളംമാറും. തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നതിനിടെ ഇടത് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ അന്പാടി മോഹനൻ (വിജയരാഘവൻ) കൊല്ലപ്പെടുന്നതോടെയാണ് രാമലീല ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നത്.
ആദ്യ പകുതിയിൽ നിലനിർത്തിയ ത്രില്ലർ മൂഡ് പ്രേക്ഷകന് രണ്ടാം പകുതിയിൽ സമ്മാനിക്കാൻ തിരക്കഥാകൃത്ത് സച്ചിക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിലെ ചില രംഗങ്ങൾ ചിത്രത്തിന്റെ ഗൗരവ സ്വാഭാവം തന്നെ ഇല്ലാതാക്കി എന്ന ന്യൂനതയുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റാണ് പിന്നീട് ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. രാമനുണ്ണിയുടെ സഹായിയായ ടി.സി എന്ന തോമസ് ചാക്കോയായി കലാഭവൻ ഷാജോണ്‍ ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. വിജയരാഘവൻ, സിദ്ദിഖ്, മുകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇവരെ കേന്ദ്രീകരിച്ച് പറഞ്ഞുപോകുന്ന കഥയിൽ പക്ഷേ, കഥാപാത്രങ്ങൾ നിരവധിയാണ്. 23 വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് എത്തിയ രാധിക ശരത്കുമാർ രാഗിണി എന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
കന്നി സംവിധാന സംരംഭത്തിൽ തന്നെ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാണ് താനെന്ന് സംവിധായകൻ അരുണ്‍ ഗോപി തെളിയിച്ചു. ചിത്രത്തിന്റെ ത്രില്ലർ മൂഡ് ചോരാതെ കാത്തുസൂക്ഷിക്കുന്നതിൽ പശ്ചാത്തല സംഗീതത്തിനുള്ള പങ്ക് ചെറുതല്ല. ഇക്കാര്യത്തിൽ ഗോപി സുന്ദറെ അഭിനന്ദിക്കാതെ തരമില്ല. ചിത്രത്തിന് അനുയോജ്യമായ രണ്ടു പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നായിക ഹെലനയായി പ്രയാഗ മാർട്ടിനും മികച്ച പ്രകടനം കാഴ്ചവച്ചു. രണ്‍ജി പണിക്കർ, നിർമാതാവ് സുരേഷ് കുമാർ, സലിംകുമാർ, സായ്കുമാർ തുടങ്ങി വന്നു പോകുന്ന താരങ്ങൾ നിരവധിയുണ്ട് ചിത്രത്തിൽ.
അന്പാടി മോഹനന്റെ കൊലപാതകവും അതിന്റെ കാരണവും കാരണക്കാരനെയും ഉപതെരഞ്ഞെടുപ്പിന്റെ ഫലവും എല്ലാം വ്യക്തമാക്കിയാണ് രാമലീല അവസാനിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രങ്ങൾ വല്ലപ്പോഴും വന്നുപോകുന്ന മലയാളത്തിന് രാമലീല നിശ്ചയമായും പുതുമ തന്നെയാണ്. പുതുമയുള്ള കഥാപശ്ചാത്തലം പ്രതീക്ഷിക്കാതെ രാമലീലയ്ക്ക് കയറിയാൽ ബോറടിയില്ലാതെ ഒരു ത്രില്ലർ കാണാം.
(ദയവായി ത്രില്ലർ സിനിമയിൽ പ്രണയം തിരുകി കയറ്റരുത്. അറുബോറാണ്.)
ജോബിൻ സെബാസ്റ്റ്യൻ